'എടാ മോനെ, പാർട്ടി കളറാവട്ടെ' സഞ്ജുവിന്റെ രംഗണ്ണന് ആഘോഷരാവ്; വീഡിയോ വൈറൽ
DSport
'എടാ മോനെ, പാർട്ടി കളറാവട്ടെ' സഞ്ജുവിന്റെ രംഗണ്ണന് ആഘോഷരാവ്; വീഡിയോ വൈറൽ
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 23rd July 2024, 9:41 pm

ഇന്ത്യയുടെ എക്കാലത്തെയും മികച്ച ടി-20 ബൗളര്‍മാരില്‍ ഒരാളായ യുസ്വേന്ദ്ര ചഹല്‍ ഇന്ന് തന്റെ 34ാം വയസിലേക്ക് കടന്നിരിക്കുകയാണ്. ചഹലിന്റെ പിറന്നാള്‍ ദിനത്തില്‍ രാജസ്ഥാന്‍ റോയല്‍സ് പുറത്തുവിട്ട ഒരു വീഡിയോ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

ഈ വര്‍ഷം പുറത്തിറങ്ങിയ ഫഹദ് ഫാസിലിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രമാണ് ആവേശം. ഇതിലെ രംഗണ്ണന്റെ ബര്‍ത്ത് ഡേ ആഘോഷിക്കുന്ന വീഡിയോയില്‍ രാജസ്ഥാന്‍ റോയല്‍സ് താരങ്ങളുടെ തലവെട്ടി വെച്ചുകൊണ്ടുള്ള വീഡിയോ ആണ് രാജസ്ഥാന്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പങ്കുവെച്ചത്. സിനിമയില്‍ ചുറ്റും വലിയ ആളും ആരവങ്ങളുമായാണ് രംഗണ്ണന്‍ തന്റെ പിറന്നാള്‍ കേക്ക് മുറിക്കുന്നത്.

വീഡിയോയില്‍ രംഗണ്ണനായാണ് ചഹല്‍ പ്രത്യക്ഷപ്പെട്ടത്. ചഹലിന് പുറമെ സഞ്ജു സാംസണ്‍, ജോസ് ബട്‌ലര്‍, ആര്‍. അശ്വിന്‍, ഷിർമോൺ ഹെറ്റ്മെയർ എന്നീ താരങ്ങളുടെയും തലകള്‍ വീഡിയോയില്‍ കാണാന്‍ സാധിക്കും. വീഡിയോ ഇതിനോടകം തന്നെ ആരാധകര്‍ക്കിടയിൽ വലിയ ആവേശമാണ് സൃഷ്ടിച്ചിട്ടുള്ളത്.

അതേസമയം ഇന്ത്യന്‍ ക്രിക്കറ്റില്‍ ഒരുപിടി അവിസ്മരണീയമായ നേട്ടങ്ങള്‍ സ്വന്തമാക്കിയ താരമാണ് ചഹല്‍. കുട്ടി ക്രിക്കറ്റില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ താരം ചഹലാണ്. 2016ല്‍ ഇന്ത്യക്കായി ടി-20യില്‍ അരങ്ങേറ്റം കുറിച്ച താരം 80 മത്സരങ്ങളില്‍ നിന്നും 96 വിക്കറ്റുകള്‍ ആണ് നേടിയത്.

ഇതിനുപുറമേ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ ബൗളറും ചഹലാണ്. 160 മത്സരങ്ങളില്‍ നിന്നും 205 വിക്കറ്റുകളാണ് താരത്തിന്റെ പേരിലുള്ളത്. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനും രാജസ്ഥാന്‍ റോയല്‍സിന് വേണ്ടിയാണ് താരം കളിച്ചിട്ടുള്ളത്.

അടുത്തിടെ അവസാനിച്ച ടി-20 ലോകകപ്പ് വിജയിച്ച ഇന്ത്യന്‍ ടീമിന്റെ ഭാഗമാകാനും താരത്തിന് സാധിച്ചിരുന്നു. എന്നാല്‍ ലോകകപ്പില്‍ ഒരു മത്സരത്തില്‍ പോലും കളത്തിലിറങ്ങാന്‍ ചഹലിന് അവസരം ലഭിച്ചിരുന്നില്ല. ഇതിനുശേഷം നടന്ന സിംബാബ്‌വേക്കെതിരെയുള്ള അഞ്ച് ടി-20 മത്സരങ്ങളുടെ പരമ്പരയിലും താരത്തിന് അവസരം ലഭിച്ചിരുന്നില്ല.

ഇപ്പോള്‍ പുതിയ പരിശീലകന്‍ ഗൗതം ഗംഭീറിന്റെ കീഴില്‍ ശ്രീലങ്കക്കെതിരെയുള്ള പരമ്പരയ്ക്ക് തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ് ഇന്ത്യന്‍ ടീം. മൂന്ന് വീതം ടി-20യും ഏകദിനത്തിനുള്ള ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിലും താരത്തിന് സ്ഥാനം ഉണ്ടായിരുന്നില്ല.

 

Content Highlight: Rajasthan Royals Posted Video on Yuzvendra Chahal Birthday