ജയ്പൂര്‍: രാഷ്ട്രീയ പ്രതിസന്ധികള്‍ തുടരവെ, രാജസ്ഥാനില്‍ വീണ്ടും നിയമകക്ഷി യോഗം വിളിച്ച് കോണ്‍ഗ്രസ്. ഇടഞ്ഞുനില്‍ക്കുന്ന ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റിന് ഒരു അവസരം കൂടി നല്‍കാന്‍ ഉദ്ദേശിച്ചാണ് യോഗം. തര്‍ക്കങ്ങളും പ്രശ്‌നങ്ങളും പാര്‍ട്ടിക്കുള്ളില്‍ത്തന്നെ പരിഹരിക്കാം എന്ന നിലപാടിലാണ് കോണ്‍ഗ്രസ്. ഇന്ന് രാവിലെ പത്തുമണിക്കാണ് യോഗം.
ഗെലോട്ടിന് പിന്തുണ പ്രഖ്യാപിച്ചിട്ടുള്ള സ്വതന്ത്രര്‍ അടക്കമുള്ള എം.എല്‍.എമാരെ പാര്‍പ്പിച്ചിരിക്കുന്ന ഫൈവ് സ്റ്റാര്‍ ഹോട്ടലിലാണ് യോഗം ചേരുക.
16 എം.എല്‍.എമാരുമായി ദല്‍ഹിയില്‍ത്തന്നെ തുടരുകയാണ് സച്ചിന്‍ പൈലറ്റ്. ഗെലോട്ടിന് ഭൂരിപക്ഷം കുറഞ്ഞെന്നും 106 എം.എല്‍.എമാര്‍ കൂടെയുണ്ട് എന്ന വാദം അതിശയോക്തിപരമാണെന്നുമാണ് പൈലറ്റ് വാദിക്കുന്നത്. 30 എം.എല്‍.എമാരുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്നാണ് പൈലറ്റ് ക്യാമ്പ് അവകാശപ്പെടുന്നത്.