ജയ്പൂര്‍: ഇന്ധനവിലയില്‍ കേന്ദ്രസര്‍ക്കാര്‍ എക്‌സൈസ് തീരുവ കുറച്ചെങ്കിലും സംസ്ഥാനത്തിന്റെ നികുതി കുറയ്ക്കാനാവില്ലെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്. കേന്ദ്രം എക്‌സൈസ് തീരുവ കുറച്ചതിന് ആനുപാതികമായ മാറ്റം സംസ്ഥാനങ്ങള്‍ ഈടാക്കുന്ന വാറ്റ് തുകയില്‍ ഉണ്ടായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ധനവിലയില്‍ കാര്യമായ മാറ്റം വരാനും ജനങ്ങള്‍ക്ക് അതിന്റെ ഉപകാരം ലഭിക്കാനും കേന്ദ്രം ഇനിയും എക്‌സൈസ് തീരുവ കുറയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേന്ദ്രസര്‍ക്കാര്‍ പെട്രോളിന് ലിറ്ററിന് അഞ്ച് രൂപയും ഡീസലിന് പത്ത് രൂപയുമാണ് എക്സൈസ് തീരുവയില്‍ ഇളവ് വരുത്തിയത്. ഇന്ധന വില ക്രമാതീതമായി കുതിച്ചുയരുന്നതില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് നടപടി.
പെട്രോള്‍ വില വര്‍ധനവിനെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന പ്രതിഷേധങ്ങളോടൊക്കെ അതുവരെ കേന്ദ്രം മുഖം തിരിച്ചിരിക്കുകയായിരുന്നു. ഉപതെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയേറ്റതോടെയാണ് ഒറ്റ രാത്രികൊണ്ട് ഇളവ് പ്രഖ്യാപിച്ചത്.
ഉത്തര്‍പ്രദേശ് ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലാണ് അടുത്തവര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്. ഇത് മുന്നില്‍ക്കണ്ടുകൊണ്ടാണ് കേന്ദ്രം ഒരു മുഴം മുന്നേ എറിഞ്ഞിരിക്കുന്നത്.
केन्द्र द्वारा Excise Duty कम करने के साथ ही राज्यों का उसी अनुपात में VAT स्वतः ही कम हो जाता है, फिर भी हमारी मांग है कि महंगाई को कम करने के लिए केन्द्र को और अधिक Excise Duty कम करनी चाहिए। pic.twitter.com/u5NWEDL1P4
അസം, ത്രിപുര, മണിപ്പൂര്‍, കര്‍ണാടക, ഗോവ, ഉത്തര്‍പ്രദേശ്, ഗുജറാത്ത്, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ് പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ അധിക ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. വന്‍ ഇളവാണ് ഇന്ധന വിലയില്‍ ഈ സംസ്ഥാനങ്ങള്‍ നല്‍കിയിരിക്കുന്നത്.
അസം, ത്രിപുര, മണിപ്പൂര്‍, കര്‍ണാടക, ഗോവ എന്നീ സംസ്ഥാനങ്ങളില്‍ കേന്ദ്രത്തിന്റെ ഇളവിന് പുറമെ ഇന്ധന വിലയില്‍ ലിറ്ററിന് ഏഴ് രൂപ കുറച്ചിട്ടുണ്ട്.
സംസ്ഥാനത്ത് പെട്രോളിന്റെ വാറ്റ് ലിറ്ററിന് 2 രൂപ കുറയ്ക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി പറഞ്ഞിട്ടുണ്ട്. പെട്രോളിന്റെയും ഡീസലിന്റെയും മൂല്യവര്‍ധിത നികുതി (വാറ്റ്) കുറയ്ക്കുന്നതിനുള്ള വിജ്ഞാപനം സംസ്ഥാനം ഉടന്‍ പുറത്തിറക്കുമെന്ന് ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി ജയറാം താക്കൂര്‍ പറഞ്ഞു.