മലയാളത്തിലെ ആ പാട്ടിനൊരു ഭംഗിയുണ്ട്; അതില്‍ ഫിലോസഫിയുള്ളത് കൊണ്ട് പെട്ടെന്ന് കണക്ടാവും: രാജ് ബി. ഷെട്ടി
Entertainment
മലയാളത്തിലെ ആ പാട്ടിനൊരു ഭംഗിയുണ്ട്; അതില്‍ ഫിലോസഫിയുള്ളത് കൊണ്ട് പെട്ടെന്ന് കണക്ടാവും: രാജ് ബി. ഷെട്ടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 1st December 2024, 10:51 am

2021ല്‍ റിലീസായ ഗരുഡ ഗമന വൃഷഭ വാഹന എന്ന ചിത്രത്തിലൂടെ കേരളത്തിലും വലിയ ആരാധകരെ ഉണ്ടാക്കിയ കന്നഡ നടനാണ് രാജ് ബി. ഷെട്ടി. കന്നഡ ഇന്‍ഡസ്ട്രിയിലെ മികച്ച നടന്മാരില്‍ ഒരാളാണ് അദ്ദേഹം. ആദ്യ ചിത്രം കഥയെഴുതി സംവിധാനം ചെയ്ത് അതില്‍ പ്രധാന വേഷവും ചെയ്തയാളാണ് രാജ് ബി. ഷെട്ടി.

പിന്നീട് മമ്മൂട്ടി നായകനായ ടര്‍ബോയിലൂടെ മലയാളത്തിലും നടന്‍ അഭിനയിച്ചിരുന്നു. ചിത്രത്തിലെ വില്ലനായ വെട്രിവേല്‍ ഷണ്‍മുഖസുന്ദരം എന്ന കഥാപാത്രത്തെയാണ് രാജ് ബി. ഷെട്ടി അവതരിപ്പിച്ചത്. ടര്‍ബോ വിജയമായതോടൊപ്പം അദ്ദേഹത്തിന്റെ കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടിരുന്നു.

മലയാളത്തില്‍ തനിക്ക് ഇഷ്ടമുള്ള പാട്ടിനെ കുറിച്ച് പറയുകയാണ് രാജ് ബി. ഷെട്ടി. തകര ബാന്‍ഡിന്റെ ‘പുട്ട്’ എന്ന പാട്ട് തനിക്ക് ഒരുപാട് ഇഷ്ടമാണെന്നാണ് നടന്‍ പറയുന്നത്. പുട്ടുണ്ടല്ലോ പുട്ടിന്‍ പൊടിയുണ്ടല്ലോ എന്ന പാട്ടില്‍ ഒരു ഫിലോസഫിയുണ്ടെന്നും അത് വളരെ ഭംഗിയുള്ള ഒരു പാട്ടാണെന്നും രാജ് ബി. ഷെട്ടി പറഞ്ഞു. ജിഞ്ചര്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍.

‘പുട്ടുണ്ടല്ലോ പുട്ടിന്‍ പൊടിയുണ്ടല്ലോ എന്ന മലയാളത്തിലെ പാട്ടില്‍ ഫിലോസഫിയുണ്ട്. എന്തിനാണ് പണവും പ്രതാപവും. അത് വളരെ ഭംഗിയുള്ള ഒരു പാട്ടാണ്. ആ പാട്ട് പാടുന്ന പാട്ടുകാരനെ ശ്രദ്ധിച്ചിട്ടുണ്ടോ. ‘പ്ലീസ് ഇത് കേള്‍ക്കൂ’ എന്ന സ്റ്റൈലില്‍ അല്ല അയാള്‍ പാടുന്നത്.

‘ഇത് എന്റെ സോള്‍ ആണ്’ എന്ന രീതിയിലാണ് അയാള്‍ പാടുന്നത്. അതുകൊണ്ടാണ് അതിലെ ഫിലോസഫി നമുക്ക് പെട്ടെന്ന് കണക്ടാകുന്നത്. എന്തിനാണ് പണവും പ്രതാപവും. പുട്ടുണ്ടല്ലോ, പുട്ടിന്‍ പൊടിയുണ്ടല്ലോ. അത് മതി നമുക്ക് (ചിരി),’ രാജ് ബി. ഷെട്ടി പറഞ്ഞു.


Content Highlight: Raj B Shetty Talks About Puttu Puttu Song In Malayalam