Entertainment
അര്‍ജുന്‍ റെഡ്ഡിക്കും അനിമലിനും പ്രശ്‌നങ്ങളുണ്ടെന്ന് ഞാന്‍ കരുതുന്നില്ല, ആ സിനിമകള്‍ ആഘോഷിക്കുന്നവര്‍ക്കാണ് പ്രശ്‌നം: രാജ് ബി. ഷെട്ടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Dec 14, 06:47 am
Saturday, 14th December 2024, 12:17 pm

സിനിമാലോകത്ത് ഈയടുത്ത് ഏറ്റവുമധികം ചര്‍ച്ചയായ ചിത്രങ്ങളാണ് അര്‍ജുന്‍ റെഡ്ഡിയും അനിമലും. സന്ദീപ് വാങ്ക റെഡ്ഡി സംവിധാനം ചെയ്ത രണ്ട് ചിത്രങ്ങളും അടിമുടി സ്ത്രീവിരുദ്ധമാണെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ഈ രണ്ട് സിനിമകളും ഒരിക്കലും മോശമാണെന്ന് താന്‍ പറയില്ലെന്ന് വ്യക്തമാക്കുകയാണ് കന്നഡ നടന്‍ രാജ് ബി. ഷെട്ടി.

അര്‍ജുന്‍ റെഡ്ഡി എന്നത് ഒരു നെഗറ്റീവ് കഥാപാത്രമാണെന്നും അയാളുടെ ചെയ്തികളെ ഒരിക്കലും ന്യായീകരിക്കാന്‍ കഴിയില്ലെന്നും രാജ് ബി. ഷെട്ടി പറഞ്ഞു. ആ കഥാപാത്രത്തിന് ദേഷ്യത്തിന്റെ പ്രശ്‌നമുണ്ടെന്നും അയാളെ തികഞ്ഞ മദ്യപാനിയായും സ്ത്രീലമ്പടനായുമാണ് കാണിച്ചിരിക്കുന്നതെന്നും രാജ് ബി. ഷെട്ടി കൂട്ടിച്ചേര്‍ത്തു. ആ കഥാപാത്രത്തെ ഒരിക്കലും നായകനായി കാണാന്‍ സാധിക്കില്ലെന്നും ആരും മാതൃകയാക്കാന്‍ പാടില്ലാത്തയാളാണെന്നും രാജ് പറഞ്ഞു.

അനിമല്‍ എന്ന സിനിമ താന്‍ കണ്ടിട്ടില്ലെന്നും അതിലെ കേന്ദ്ര കഥാപാത്രവും അര്‍ജുന്‍ റെഡ്ഡിയെ പോലെയാണെന്നും രാജ് കൂട്ടിച്ചേര്‍ത്തു. രണ്ട് സിനിമകള്‍ക്കും പ്രശ്‌നങ്ങളുണ്ടെന്ന് താന്‍ കരുതുന്നില്ലെന്നും എന്നാല്‍ ആ സിനിമകള്‍ ആഘോഷിക്കുന്നവര്‍ക്ക് പ്രശ്‌നങ്ങളുണ്ടെന്നും രാജ് ബി. ഷെട്ടി പറഞ്ഞു. പുതിയ ചിത്രമായ രുധിരത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് രാജ് ബി. ഷെട്ടി ഇക്കാര്യം പറഞ്ഞത്.

‘അര്‍ജുന്‍ റെഡ്ഡി എന്ന കഥാപാത്രത്തെ ഒരിക്കലും ഞാന്‍ നായകനായി അംഗീകരിക്കില്ല. കാരണം അയാള്‍ ഒരു നെഗറ്റീവ് ക്യാരക്ടറാണ്. അയാള്‍ക്ക് ആംഗര്‍ ഇഷ്യു ഉണ്ടെന്ന് പറയുന്നുണ്ട്. അത് ഒരു പ്രശ്‌നമായി തന്നെയാണ് സംവിധായകന്‍ കാണിച്ചിരിക്കുന്നത്. അതുമാത്രമല്ല, അയാള്‍ ഒരു മദ്യപാനിയാണ് സ്ത്രീലമ്പടനാണ്. ഇതെല്ലാം ചെയ്യുന്ന ആള്‍ ഒരിക്കലും നായകനല്ല. അയാളെ നെഗറ്റീവ് ക്യാരക്ടറായി തന്നെയാണ് കാണിച്ചിരിക്കുന്നത്.

അനിമല്‍ എന്ന സിനിമ ഞാന്‍ കണ്ടിട്ടില്ല. പക്ഷേ, അര്‍ജുന്‍ റെഡ്ഡിയെ പോലെ ഒരു കഥാപാത്രമാണ് അനിമലിലും എന്ന് അറിയാം. അനിമലായാലും അര്‍ജുന്‍ റെഡ്ഡിയായാലും ആ സിനിമകള്‍ക്ക് ഒരു പ്രശ്‌നവും ഞാന്‍ കാണുന്നില്ല. രണ്ടിലും നെഗറ്റീവ് കഥാപാത്രങ്ങളാണ്. പക്ഷേ ആ രണ്ട് സിനിമകളും ആഘോഷിക്കുന്ന ചില ആളുകളുണ്ട്. അവര്‍ ആ ക്യാരക്ടേഴ്‌സിനെ ഹീറോയായിട്ടാണ് കാണുന്നത്. എന്നെ സംബന്ധിച്ച് അവിടെയാണ് പ്രശ്‌നം,’ രാജ് ബി. ഷെട്ടി പറയുന്നു.

Content Highlight: Raj B Shetty shares his thoughts about Arjun Reddy and Animal movie