അമല്‍ നീരദിന് തന്റെ പടത്തിലെ ഓരോ സീനുകളെ പറ്റിയും കൃത്യമായ ധാരണയുണ്ടെന്നും ഇന്നും ആദ്യ പടം പോലെയാണ് ഓരോ പടങ്ങളും ചെയ്യുന്നതെന്നും ആര്‍ട്ട് ഡയറക്ടര്‍ ജോസഫ് നെല്ലിക്കല്‍. ഒരു സീനില്‍ മഴ വെക്കുമ്പോള്‍ എന്തിനാണ് അവിടെ ആ മഴയെന്ന് അമല്‍ നീരദിന് കൃത്യമായിട്ടറിയാമെന്നും കഥാപാത്രം ആവശ്യപ്പെടുന്നുണ്ടെങ്കില്‍ മാത്രമെ അവിടെ മഴ കൊണ്ടുവരികയുള്ളുവെന്നും അദ്ദേഹം പറയുന്നു.
താന്‍ ഇനി തുടങ്ങാന്‍ പോകുന്നത് അമല്‍ നീരദിന്റെ പടമാണെന്നും അതില്‍ നിന്നും ഇനിയും ‘ഒരു അമല്‍ നീരദ് പടം’ എന്നത് തന്നെ പ്രതീക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു. സില്ലി മോങ്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ അമല്‍ നീരദിനെ പറ്റി സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘അമലിന് തന്റെ പടത്തിലെ ഓരോ സീനുകളെ പറ്റിയും കൃത്യമായ ധാരണയുണ്ട്. ഒരു സീനില്‍ മഴ വെക്കുമ്പോള്‍ എന്തിനാണ് അവിടെ ആ മഴയെന്ന് അവന് കൃത്യമായിട്ടറിയാം. ആ കഥാപാത്രം ആവശ്യപ്പെടുന്നുണ്ടെങ്കില്‍ മാത്രമെ അവിടെ മഴയുടെ ആവശ്യമുള്ളു.
ചില പടങ്ങളില്‍ ഒരു ആവശ്യവുമില്ലാതെ മഴ കൊടുക്കുന്നത് കാണാം. എന്നാല്‍ അമലിന് വ്യക്തമായും ഇത്ര ഏരിയയിലാണ് മഴ വേണ്ടതെന്നറിയാം. ആളുടെ മനസില്‍ ഏപ്പോഴും കൃത്യമായ ഒരു ഫ്രെയിമുണ്ടാകും. മഴക്കാണെങ്കിലും സ്ലോമോഷനാണെങ്കിലും അങ്ങനെയാണ്. സ്വന്തം ഐഡിയയില്‍ വരുന്ന കാര്യങ്ങള്‍ വച്ചാണ് അതൊക്കെ.
ഞങ്ങള്‍ അവസാനം ചെയ്തത് വിനീത് ശ്രീനിവാസന്റെ ‘ഒരു ജാതി ജാതക’മാണ്. ഇനി തുടങ്ങാന്‍ പോകുന്നത് അമല്‍ നീരദിന്റെ പടമാണ്. അമല്‍ നീരദിന്റെ പടത്തില്‍ നിന്ന് ഇനിയും ‘ഒരു അമല്‍ നീരദ് പടം’ എന്നത് തന്നെ പ്രതീക്ഷിക്കാം. അമലിന് ഓരോ പടവും അമലിന്റെ പുതിയ പടങ്ങളാണ്. ആദ്യ പടം പോലെയാണ് ഓരോന്നും ചെയ്യുന്നത്.