Advertisement
national news
എഞ്ചിനും പോയി, പാലവും പോയി, ട്രാക്കും പോയി; ബിഹാറില്‍ റെയില്‍വേ ട്രാക്ക് മോഷ്ടിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Feb 07, 05:24 am
Tuesday, 7th February 2023, 10:54 am

പട്‌ന: ബിഹാറില്‍ രണ്ട് കിലോമീറ്റര്‍ ദൂരത്തോളം റെയില്‍വേ ട്രാക്ക് മോഷണം പോയി. ബൂഹാറിസെ സമസ്തിപൂര്‍ ജില്ലയിലാണ് സംഭവം. പ്രദേശത്തെ പഞ്ചസാര മില്ലിനെ പണ്‍ഡൗള്‍ റെയില്‍വേ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന ട്രാക്ക് ആണ് മോഷണം പോയതെന്ന് ഫ്രീ പ്രസ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് റെയില്‍വെ പ്രൊട്ടക്ഷന്‍ ഉദ്യോഗസ്ഥന്മാരെ സസ്‌പെന്‍ഡ് ചെയ്തു. സംഭവത്തില്‍ സമസ്തിപൂര്‍ റെയില്‍വേ ഡിവിഷന് ബന്ധമുണ്ടെന്നാണ് റെയിവേ അധികൃതരുടെ നിഗമനം.

മോഷണം പോയ പ്രദേശത്തെ പഞ്ചസാര മില്‍ കുറച്ചുകാലമായി അടഞ്ഞുകിടക്കുകയായിരുന്നു. ഈ മില്ലിലേക്കുള്ള ചരക്ക് ഗതാഗതത്തിനായി നിര്‍മ്മിച്ചതാണ് റെയില്‍വേ ലൈന്‍. മില്‍ അടച്ചുപൂട്ടിയതോടെ ഈ റെയില്‍പാതയും അടച്ചു.

മില്‍ പൂട്ടിയ ശേഷം സാധനങ്ങള്‍ ലേലത്തിന് വെക്കാനായിരുന്നു തീരുമാനം. ഇതിലുള്‍പ്പെട്ടതാണ് കാണാതെ പോയ ഒരു റെയില്‍വേ ലൈന്‍.

നേരത്തെ ബിഹാറിലെ ബഗുസാരൈ ജില്ലയില്‍ നിന്നും ട്രെയിനിന്റെ എഞ്ചിന്‍ മോഷണം പോയിരുന്നു. എഞ്ചിന്റെ ഓരോ ഭാഗങ്ങളായായിരുന്നു പ്രതികള്‍ മോഷ്ടിച്ചിരുന്നത്. തുരങ്കമുണ്ടാക്കി അതിലൂടെയായിരുന്നു ഇവര്‍ എഞ്ചിന്‍ ഭാഗങ്ങള്‍ കടത്തിയത്.

ബിഹാറില്‍ നിന്നു തന്നെയായിരുന്നു പാലവും മോഷണം പോയത്.
ബിഹാറിലെ റോഹ്താസിലാണ് 60 അടി നീളമുള്ള പാലം മോഷ്ടിക്കപ്പെട്ടത്.

Content Highlight: Railway track stolen in bihar, 2 rpf employees suspended