മോദിയുടെ ലാബിലെ പുതിയ പരീക്ഷണമാണ് അഗ്നിപഥ്: രാഹുല്‍ ഗാന്ധി
national news
മോദിയുടെ ലാബിലെ പുതിയ പരീക്ഷണമാണ് അഗ്നിപഥ്: രാഹുല്‍ ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 24th July 2022, 5:34 pm

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലാബിലെ പുതിയ പരീക്ഷണമാണ് അഗ്നിപഥ് എന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഈ പുതിയ പരീക്ഷണം രാജ്യത്തിന്റെ സുരക്ഷയും യുവാക്കളുടെ ഭാവിയും ആശങ്കയിലാക്കുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അറുപതിനായിരം പട്ടാളക്കാര്‍ രാജ്യത്ത് പ്രതിവര്‍ഷം റിട്ടയര്‍ ചെയ്യുന്നുണ്ട്. അതില്‍ 3000 പേര്‍ക്ക് മാത്രമാണ് സര്‍ക്കാര്‍ ജോലി കിട്ടിയിരിക്കുന്നത്. ഇങ്ങെയാണെങ്കില്‍ അഗ്നിവീരന്മാരുടെ അവസ്ഥ എന്തായിരിക്കുമെന്നും രാഹുല്‍ ഗാന്ധി ഫേസ്ബുക്കില്‍ കുറിച്ചു.

‘അറുപതിനായിരം സൈനികര്‍ പ്രതിവര്‍ഷം വിരമിക്കുന്നുണ്ട്. ഇതില്‍ നിന്ന് 3000 പേര്‍ക്ക് മാത്രമാണ് സര്‍ക്കാര്‍ ജോലി ലഭിച്ചിരിക്കുന്നത്.

അങ്ങനെയാണെങ്കില്‍ നാലു വര്‍ഷത്തെ കരാറിന് ശേഷം ഇറങ്ങുന്ന അഗ്നിവീരന്മാരുടെ ഭാവി എന്തായിരിക്കും.

മോദി സര്‍ക്കാരിന്റെ ലബോറട്ടറിയില്‍ നിന്നുള്ള പുതിയ പരീക്ഷണത്തില്‍ രാജ്യത്തിന്റെ സുരക്ഷയും രാജ്യത്തെ യുവാക്കളുടെ ഭാവിയും ആശങ്കയിലാണ്,’ രാഹുല്‍ ഗാന്ധി ഫേസ്ബുക്കില്‍ കുറിച്ചു.

അഗ്നിപഥ് പദ്ധതിയുടെ കീഴില്‍ ഇന്ത്യന്‍ എയര്‍ഫോഴ്‌സിലേക്ക് പരീക്ഷ നടന്നിരുന്നു. ഉത്തര്‍പ്രദേശിലെ കാന്‍പൂരില്‍ കനത്ത പൊലീസ് സുരക്ഷയോടെയായിരുന്നു പരീക്ഷ നടന്നത്. ജൂലൈ 24 മുതല്‍ ജൂലൈ 31 വരെ രാജ്യത്തുടനീളം നടക്കുന്ന നഗരത്തിലെ റിക്രൂട്ട്മെന്റ് പരീക്ഷയില്‍ രണ്ടര ലക്ഷത്തോളം ഉദ്യോഗാര്‍ത്ഥികള്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.

പരീക്ഷയ്ക്കായി ആകെ 11 കേന്ദ്രങ്ങള്‍ അനുവദിച്ചിട്ടുണ്ട്. ഇതില്‍ ആറെണ്ണം കാന്‍പൂരിലാണ്. ഓരോ കേന്ദ്രത്തിലും മൂന്ന് ഷിഫ്റ്റുകളിലായി 1875 ഉദ്യോഗാര്‍ത്ഥികള്‍ ദിവസവും പരീക്ഷ എഴുതും.

ജൂണ്‍ 14നാണ് അഗ്‌നിപഥ് പദ്ധതി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നിന്നും വലിയ രീതിയിലുള്ള പ്രതിഷേധങ്ങളും ഉയര്‍ന്നിരുന്നു. നിരവധി പ്രതിപക്ഷ പാര്‍ട്ടികളും സൈനിക പ്രവര്‍ത്തകരും പദ്ധതിയെ അപലപിച്ച് നേരത്തെ രംഗത്തെത്തിയിരുന്നു.

വിമര്‍ശനങ്ങള്‍ രൂക്ഷമായതോടെ പദ്ധതിയുടെ പ്രായപരിധി 21ല്‍ നിന്ന് 23 വയസായി ഉയര്‍ത്തിയിരുന്നു. അഗ്‌നിപഥ് പദ്ധതി പ്രകാരം റിക്രൂട്ട് ചെയ്യപ്പെടുന്നവരെ അഗ്‌നിവീര്‍ എന്നായിരിക്കും അറിയപ്പെടുക. സൈന്യത്തെ കൂടുതല്‍ യുവത്വമാക്കാന്‍ വേണ്ടിയാണ് പദ്ധതിയെന്നായിരുന്നു സര്‍ക്കാരിന്റെ വാദം.

ജോലിയില്‍ പ്രവേശിച്ച ആദ്യ വര്‍ഷത്തില്‍ അഗ്നിവീറുകള്‍ക്ക് പ്രതിമാസ ശമ്പളം 30,000 രൂപയായിരിക്കും. നാല് വര്‍ഷത്തേക്കായിരിക്കും ഇവരെ റിക്രൂട്ട് ചെയ്യുക. നാലു വര്‍ഷത്തിന് ശേഷം ഇതില്‍ നിന്നും 25 ശതമാനം പേരെ മാത്രമായിരിക്കും സൈന്യത്തിലേക്ക് സ്ഥിരമായി നിയമിക്കുക. അവശേഷിക്കുന്ന 75ശതമാനം പേര്‍ക്ക് അസം റൈഫിള്‍സില്‍ 10 ശതമാനം സംവരണം, പൊലീസ് സേനയില്‍ 10 ശതമാനം സംവരണം എന്നിവ സര്‍ക്കാര്‍ മുന്നോട്ടുവെച്ചിരുന്നു.

രാജ്യത്തുടനീളം പ്രതിഷേധം രൂക്ഷമായ സാഹചര്യത്തിലായിരുന്നു പുതിയ പ്രഖ്യാപനങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തിയത്.

വര്‍ഷങ്ങളോളം സൈനികരാകാന്‍ പ്രയ്തനിക്കുന്നവരുടെ കഠിനാധ്വാനങ്ങളെ മുഖവിലക്കെടുക്കാതെ പദ്ധതി നടപ്പാക്കുന്നതിലെ എതിര്‍പ്പും, നാല് വര്‍ഷത്തേക്ക് നടത്തുന്ന നിയമനങ്ങള്‍ക്ക് ശേഷം ഭാവി എന്താകുമെന്ന അശങ്കയില്‍ യുവാക്കള്‍ കാര്യമായ മറുപടിയൊന്നും കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിട്ടില്ലെന്നതുമായിരുന്നു കനത്ത പ്രതിഷേധത്തിലേക്ക് വഴിവെച്ചത്.

Content Highlight: Rahul gndhi says that agnipath is a new experiment made in the laboratory of narendra modi