'അസത്യത്തെ എതിര്‍ക്കുമ്പോഴുണ്ടാകുന്ന എല്ലാ കഷ്ടപ്പാടുകളും എനിക്ക് സഹിക്കാന്‍ കഴിയും'; രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്
national news
'അസത്യത്തെ എതിര്‍ക്കുമ്പോഴുണ്ടാകുന്ന എല്ലാ കഷ്ടപ്പാടുകളും എനിക്ക് സഹിക്കാന്‍ കഴിയും'; രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 2nd October 2020, 9:08 am

ന്യൂദല്‍ഹി: ഗാന്ധി ജയന്തി ദിനത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ് ചര്‍ച്ചയായിക്കൊണ്ടിരിക്കുകയാണ്.

ഉത്തര്‍പ്രദേശിലെ ഹാത്രാസില്‍ കൂട്ടബലാത്സംഗത്തിനിരയായി മരിച്ച പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാനെത്തിയതിനെ തുടര്‍ന്ന് കേസെടുത്ത യു.പി സര്‍ക്കാറിന്റെ നടപടിയുടെ പശ്ചാത്തലത്തില്‍ കൂടിയാണ് രാഹുലിന്റെ ട്വീറ്റ്.

മഹാത്മാ ഗാന്ധിയുടെ ”ഭൂമിയിലുള്ള ആരെയും ഞാന്‍ ഭയപ്പെടുകയില്ല. ഞാന്‍ ആരുടേയും അനീതിക്ക് വഴങ്ങുകയില്ല. ഞാന്‍ സത്യത്താല്‍ അസത്യത്തെ ജയിക്കും. അസത്യത്തെ എതിര്‍ക്കുമ്പോഴുണ്ടാകുന്ന എല്ലാ കഷ്ടപ്പാടുകളും എനിക്ക് സഹിക്കാന്‍ കഴിയും,’ എന്ന വാക്കുകളാണ് രാഹുല്‍ ട്വിറ്ററില്‍ എഴുതിയിരിക്കുന്നത്.

ഹാത്രാസില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാനെത്തിയ രാഹുല്‍ ഗാന്ധിയ്ക്കും പ്രിയങ്കാ ഗാന്ധിയ്ക്കുമെതിരെ യു.പി പൊലീസ് കേസെടുത്തിരുന്നു. നിരോധനാജ്ഞ ലംഘിച്ചു എന്ന കുറ്റം ചുമത്തിയാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തത്.

സെക്ഷന്‍ 332, 353, 427, 323, 354 (ബി), 147,148 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

നേരത്തെ ഹാത്രാസില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ പോയ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും ഉത്തര്‍പ്രദേശ് പൊലീസ് കയ്യേറ്റം ചെയ്തിരുന്നു.

ഹാത്രാസില്‍ സെപ്തംബര്‍ 14നായിരുന്നു 19 വയസ്സുള്ള ദളിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായത്. വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള തീറ്റ ശേഖരിക്കാന്‍ പോയ സമയത്താണ് നാല് പേര്‍ ചേര്‍ന്ന് കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്.

കുട്ടിയെ കാണാതായതോടെ കുടുംബാംഗങ്ങള്‍ പ്രദേശം മുഴുവന്‍ തെരച്ചില്‍ നടത്തി. ഒടുവില്‍ ആളൊഴിഞ്ഞ സ്ഥലത്ത് അവശനിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു.

ക്രൂരമായി ആക്രമിക്കപ്പെട്ട പെണ്‍കുട്ടി ചൊവ്വാഴ്ച ദല്‍ഹിയിലെ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Rahul Ganhi’s Tweet On Gandhi Jayanti