'ആർ.എസ്.എസും ബി.ജെ.പിയും രാജ്യത്ത് അക്രമവും വെറുപ്പും പ്രചരിപ്പിക്കുന്നു': രാഹുൽ ഗാന്ധി
national news
'ആർ.എസ്.എസും ബി.ജെ.പിയും രാജ്യത്ത് അക്രമവും വെറുപ്പും പ്രചരിപ്പിക്കുന്നു': രാഹുൽ ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 29th January 2024, 2:35 pm

 

ന്യൂദൽഹി: ആർ.എസ്.എസും ബി.ജെ.പിയും രാജ്യത്ത് അക്രമവും വെറുപ്പും പ്രചരിപ്പിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ബി.ജെ.പിയുടെ ആശയങ്ങൾ രാജ്യത്ത് വിദ്വേഷം പ്രചരിപ്പിക്കുന്നതിനാലാണ് കോൺഗ്രസ് സ്നേഹത്തിന്റെ കട തുറന്നതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. വെറുപ്പിന്റെ അങ്ങാടിയിൽ സ്നേഹം പ്രചരിപ്പിക്കുകയാണ് തന്റെ യാത്രയുടെ ലക്ഷ്യം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബീഹാറിലെ കിഷൻഗഞ്ചിൽ ഒരു പൊതുയോഗത്തെ അഭിസംബോധനം ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. കോൺഗ്രസ് പുതിയ കാഴ്ചപ്പാടും പ്രത്യായശാസ്ത്രവും രാജ്യത്തിന് നൽകിയെന്നും അദ്ദേഹം പറഞ്ഞു.

‘ഈ യാത്രയുടെ ഉദ്ദേശം എന്താണെന്ന് ഒരുപാട് ആളുകൾ എന്നോട് ചോദിച്ചു. അപ്പോൾ ഞാൻ അവരോട് പറഞ്ഞത് ആർ.എസ്.എസിന്റെയും ബി.ജെ.പിയുടെയും ആശയങ്ങൾ രാജ്യത്ത് വിദ്വേഷം പടർത്തുകയാണ്. ഒരു മതം മറ്റൊരു മതവുമായി യുദ്ധം ചെയ്യുന്നു. അത്കൊണ്ടാണ് ഞങ്ങൾ സ്നേഹത്തിൻറെ കട തുറന്നത്. വെറുപ്പാണ് ഇപ്പോൾ നമ്മുടെ രാഷ്ട്രീയത്തിൽ നിറഞ്ഞ് നിൽക്കുന്നത്,’രാഹുൽ ഗാന്ധി പറഞ്ഞു.

ഭാരത് ജോഡോ യാത്ര ഇന്ത്യയുടെ സമകാലിക രാഷ്ട്രീയത്തിൽ വളരെ വലിയ സ്വാധീനമാണ് ചെലുത്തിയത്. ഞങ്ങൾ പുതിയൊരു കാഴ്ചപ്പാടും പ്രത്യായശാസ്ത്രവും നൽകി. അതാണ് മുഹബ്ബത്ത് (സ്നേഹം). ജനങ്ങൾക്ക് നീതി ലഭ്യമാക്കുക എന്നതാണ് ഈ യാത്രയുടെ ലക്ഷ്യം. രാജ്യത്തെ ശക്തിപ്പെടുത്താൻ സഹായിക്കുന്ന അഞ്ച് കാര്യങ്ങൾ അടങ്ങിയ ന്യായ് പദ്ധതിയുടെ ബ്ലൂപ്രിന്റ് അവതരിപ്പിക്കുമെന്നും അദ്ദേഹം നേരത്തെ അസമിൽ പറഞ്ഞിരുന്നു.

‘നമ്മുടെ രാജ്യത്തിന് ശക്തി പകരുന്ന അഞ്ച് കാര്യങ്ങളെ കുറിച്ചാണ് ന്യായിൽ പ്രതിപാദിക്കുന്നത്. യുവാക്കൾക്കുള്ള നീതി, പങ്കാളിത്ത നീതി, സ്ത്രീകൾക്കുള്ള നീതി, കർഷകർക്കുള്ള നീതി എന്നിവയാണ് അവ,’ രാഹുൽ ഗാന്ധി വിശദീകരിച്ചു.

അതേസമയം രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ബിഹാറിൽ പ്രവേശിച്ചു. ഇന്ത്യ പ്രതിപക്ഷ മുന്നണിയുടെ ഭാഗമായിരുന്ന ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ മുന്നണി ഉപേക്ഷിച്ച് എൻ.ഡി.എ യുടെ ഭാഗമായ പശ്ചാത്തലത്തിലാണ് രാഹുൽ ഗാന്ധിയുടെ യാത്ര ബീഹാറിൽ പ്രവേശിക്കുന്നത്.2020 ലെ ബീഹാർ പൊതു തെരഞ്ഞെടുപ്പിന് ശേഷം ഇതാദ്യമായാണ് രാഹുൽഗാന്ധി ബീഹാറിൽ എത്തുന്നത് എന്ന പ്രത്യേകതയും ഉണ്ട്.

Content Highlight:Rahul Gandhi talks about Congress purpose as Bharat Jodo Nyay Yatra enters Bihar