സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ കിരീടമുയര്‍ത്തി ബംഗാള്‍. ഹൈദരാബാദിലെ ഗച്ചിബൗളി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് കേരളത്തെ പരാജയപ്പെടുത്തിയാണ് ബംഗാള്‍ ചാമ്പ്യന്‍മാരായത്. ബംഗാളിന്റെ 33ാം കിരീടമാണിത്.
നിശ്ചിത സമയത്ത് ഗോള്‍ വഴങ്ങാതെ ഇരു ടീമുകളും പിടിച്ചുനിന്നെങ്കിലും ആഡ് ഓണ്‍ ടൈമിലാണ് ബംഗാള്‍ വിജയ ഗോള്‍ നേടിയത്. അധികമായി അനുവദിച്ച ആറ് മിനിട്ടിന്റെ നാലാം മിനിട്ടിലാണ് ബംഗാളിന്റെ ഗോളെത്തിയത്. റോബി ഹന്‍സ്ദയാണ് മത്സരത്തിലെ ഏക ഗോള്‍ കണ്ടെത്തിയത്.
ഗോള്‍ രഹിതമായ ആദ്യ പകുതിയില്‍ ഇരു ടീമുകളും മുന്നേറ്റം നടത്തിയിരുന്നു. ബംഗാളിന്റെ ആക്രമണത്തോടെയാണ് മത്സരം ആരംഭിച്ചത്. ആദ്യ വിസില്‍ മുഴങ്ങി ആറാം മിനിറ്റിലാണ് കേരളത്തിന്റെ ആദ്യ നീക്കമെത്തിയത്. പന്തുമായി കുതിച്ച നസീബിന്റെ മുന്നേറ്റം ബംഗാള്‍ പ്രതിരോധത്തില്‍ തട്ടി അവസാനിച്ചു.
11ാം മിനിറ്റില്‍ വീണ്ടും കേരളത്തിന് അവസരമെത്തി. നിജോ ഗില്‍ബര്‍ട്ട് നല്‍കിയ ക്രോസില്‍ അജസല്‍ ഹെഡ്ഡറിന് ശ്രമിച്ചെങ്കിലും ക്രോസ് ബാറിന് മുകളിലൂടെ പന്ത് കടന്നുപോയി.
മത്സരത്തിന്റെ 30ാം മിനിട്ടില്‍ ബംഗാളിന് അനുകൂലമായി ഫ്രീ കിക്ക് ലഭിച്ചു. എന്നാല്‍ കേരള ഗോള്‍ കീപ്പര്‍ അപകടമൊഴിവാക്കി.
40ാം മിനിറ്റില്‍ കേരളത്തിന് അനുകൂലമായി ലഭിച്ച ഫ്രീകിക്കും ലക്ഷ്യത്തിലെത്തിയില്ല. മുഹമ്മദ് മുഷ്‌റഫ് എടുത്ത ഷോട്ട് റീബൗണ്ടായി വീണ്ടും കാലിലെത്തിയെങ്കിലും താരത്തിന് ലക്ഷ്യം കാണാനായില്ല.
രണ്ടാം പകുതിയ്ക്കുള്ള വിസില്‍ മുഴങ്ങിയതിന് പിന്നാലെ ഇരു ടീമുകളും ഗോളിനായി പൊരുതിക്കളിച്ചു. മികച്ച നിരവധി മുന്നേറ്റങ്ങളുണ്ടാക്കാനും ഇരുവര്‍ക്കുമായി.
മത്സരത്തിന്റെ 58ാം മിനിറ്റില്‍ ബംഗാളിന് അനുകൂലമായി ലഭിച്ച ഫ്രീകിക്ക് നേരിയ വ്യത്യാസത്തിലാണ് ലക്ഷ്യം കാണാതെ പോയത്. 62ാം മിനിറ്റില്‍ ബോക്സിന് തൊട്ടുപുറത്ത് നിന്ന് ബംഗാളിന് മറ്റൊരു ഫ്രീകിക്ക് കൂടി ലഭിച്ചു. എന്നാല്‍ ഇത്തവണയും നിരാശയായിരുന്നു ഫലം.
83ാം മിനിറ്റില്‍ ബംഗാളിന് അനുകൂലകമായ ലഭിച്ച കോര്‍ണര്‍ കൂട്ടപ്പൊരിച്ചിലുകള്‍ക്കൊടുവില്‍ പുറത്തുപോയി.
നിശ്ചിത സമയത്തിന് ശേഷം ആറ് മിനിറ്റാണ് ഇന്‍ജുറി ടൈം ആയി അനുവദിച്ചത്. 94-ാം മിനിറ്റില്‍ പോയ്ന്റ് ബ്ലാങ്ക് റേഞ്ചില്‍ പന്ത് കാലില്‍ കിട്ടയ റോബി അനായാസമായി കേരളത്തിന്റെ വലകുലുക്കി.
തൊട്ടുപിന്നാലെ ലഭിച്ച ഫ്രീകിക്ക് മുതലാക്കാന്‍ കേരളത്തിന് സാധിച്ചില്ല. കേരളത്തിന്റെ ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരുന്നെങ്കിലും ആ പ്രതീക്ഷകള്‍ നിരാശയ്ക്ക് വഴിയൊരുക്കി. ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ ഒറ്റ ഗോളിന്റെ ബലത്തില്‍ ബംഗാള്‍ കിരീടമുയര്‍ത്തി.
Content Highlight: Santhosh Trophy: West Bengal defeated Kerala