Sports News
ബീസ്റ്റ് മോഡില്‍ ബെസ്റ്റ്, ഗോഡ് മോഡില്‍ രാംദിന്‍, ഇതിനെല്ലാം പുറമെ സച്ചിനെ പോലെ ലാറയും; ഫൈനലിലേക്ക് വെസ്റ്റ് ഇന്‍ഡീസ്
സ്പോര്‍ട്സ് ഡെസ്‌ക്
19 hours ago
Saturday, 15th March 2025, 6:46 am

ഇന്റര്‍നാഷണല്‍ മാസ്റ്റേഴ്‌സ് ലീഗിന്റെ രണ്ടാം സെമി ഫൈനലില്‍ ശ്രീലങ്ക മാസ്റ്റേഴ്‌സിനെതിരെ വെസ്റ്റ് ഇന്‍ഡീസ് മാസ്‌റ്റേഴ്‌സിന് വിജയം. റായ്പൂരില്‍ നടന്ന മത്സരത്തില്‍ ആറ് റണ്‍സിനാണ് വെസ്റ്റ് ഇന്‍ഡീസ് വിജയിച്ചുകയറിയത്. വെസ്റ്റ് ഇന്‍ഡീസ് ഉയര്‍ത്തിയ 180 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ലങ്ക 173ന് പോരാട്ടം അവസാനിപ്പിച്ചു.

ഞായറാഴ്ച നടക്കുന്ന ഫൈനല്‍ മത്സസരത്തില്‍ ഇന്ത്യയെയാണ് വെസ്റ്റ് ഇന്‍ഡീസിന് നേരിടാനുള്ളത്. കഴിഞ്ഞ ദിവസം നടന്ന ആദ്യ സെമിയില്‍ ഓസ്‌ട്രേലിയ മാസ്‌റ്റേഴ്‌സിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ ഫൈനലിനുള്ള ടിക്കറ്റെടുത്തത്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റ് ഇന്‍ഡീസിന് ആദ്യ ഓവറില്‍ തന്നെ പിഴച്ചു. സൂപ്പര്‍ താരം ഡ്വെയ്ന്‍ സ്മിത് ഒറ്റ റണ്‍ പോലും നേടാന്‍ സാധിക്കാതെ നേരിട്ട ആദ്യ പന്തില്‍ തന്നെ റണ്‍ ഔട്ടായി മടങ്ങി. എന്നാല്‍ വണ്‍ ഡൗണായെത്തിയ ലെന്‍ഡില്‍ സിമ്മണ്‍സിനെ ഒപ്പം കൂട്ടി ഓപ്പണര്‍ വില്യം പെര്‍കിന്‍സ് സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു.

ടീം സ്‌കോര്‍ 44ല്‍ നില്‍ക്കവെ സിമ്മണ്‍ലിനെ പുറത്താക്കി നുവാന്‍ പ്രദീപ് ശ്രീലങ്കയ്ക്കാവശ്യമായ ബ്രേക് ത്രൂ സമ്മാനിച്ചു. 12 പന്തില്‍ 17 റണ്‍സുമായാണ് താരം മടങ്ങിയത്. തൊട്ടടുത്ത ഓവറില്‍ പെര്‍കിന്‍സിന്റെ (30 പന്തില്‍ 24) വിക്കറ്റും ടീമിന് നഷ്ടമായി. ജീവന്‍ മെന്‍ഡിസാണ് വിക്കറ്റ് നേടിയത്.

നാലാം വിക്കറ്റില്‍ ചാഡ്വിക് വാള്‍ട്ടണെ ഒപ്പം കൂട്ടി ക്യാപ്റ്റന്‍ ബ്രയാന്‍ ലാറ വിന്‍ഡീസിനെ തകര്‍ച്ചയില്‍ നിന്നും കരകയറ്റി. നിര്‍ണായകമായ അര്‍ധ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയാണ് ഇവര്‍ തിളങ്ങിയത്.

ടീം സ്‌കോര്‍ 108 റണ്‍സില്‍ നില്‍ക്കവെ വാള്‍ട്ടണിന്റെ വിക്കറ്റും ടീമിന് നഷ്ടമായി. 20 പന്തില്‍ 31 റണ്‍സുമായി ബാറ്റ് വീശവെ അസേല ഗുണരത്‌നെയാണ് വിക്കറ്റ് നേടിയത്. ശേഷം സൂപ്പര്‍ താരം ദിനേഷ് രാംദിനാണ് ക്രീസിലെത്തിയത്. ക്യാപ്റ്റനൊപ്പം രാംദിന്‍ തകര്‍ത്തടിച്ചു.

ആദ്യ സെമിയില്‍ യുവരാജ് സിങ് പുറത്തെടുത്ത അതേ ഡിസ്ട്രക്ടീവ് ഇന്നിങ്‌സാണ് രാംദിനും പുറത്തെടുത്തത്. ക്യാപ്റ്റനെ ഒപ്പം കൂട്ടി മറ്റൊരു അര്‍ധ സെഞ്ച്വറി കൂട്ടുകെട്ടും താരം വിന്‍ഡീസിനായി പടുത്തുയര്‍ത്തി.

ഇതിനിടെ ബ്രയാന്‍ ലാറ റിട്ടയര്‍ഡ് ഹര്‍ട്ടായി മടങ്ങിയിരുന്നു. 33 പന്തില്‍ 41 റണ്‍സുമായാണ് താരം പുറത്തായത്.

ഒടുവില്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ വിന്‍ഡീസ് 179ലെത്തി.

22 പന്തില്‍ നിന്നും പുറത്താകാതെ 50 റണ്‍സാണ് രാംദിന്‍ അടിച്ചെടുത്തത്. മൂന്ന് സിക്‌സറും നാല് ഫോറും അടക്കം 227.27 എന്ന വെടിക്കെട്ട് സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ ബാറ്റിങ്.

ശ്രീലങ്ക മാസ്‌റ്റേഴ്‌സിനായി അസേല ഗുണരത്‌നെ, ജീവന്‍ മെന്‍ഡിസ്, നുവാന്‍ പ്രദീപ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.

ഫൈനല്‍ ലക്ഷ്യമിട്ട് മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്കയ്ക്ക് ഓപ്പണര്‍മാര്‍ മോശമല്ലാത്ത തുടക്കമാണ് നല്‍കിയത്. ആദ്യ വിക്കറ്റില്‍ 31 റണ്‍സ് പിറവിയെടുത്തതിന് പിന്നാലെ ക്യാപ്റ്റന്‍ കുമാര്‍ സംഗക്കാര പുറത്തായി. 15 പന്തില്‍ 17 റണ്‍സുമായി നില്‍ക്കവെ ആഷ്‌ലി നേഴ്‌സാണ് സംഗയെ മടക്കിയത്. വിന്‍ഡീസ് ക്യാപ്റ്റന് ക്യാച്ച് നല്‍കിയായിരുന്നു ലങ്കന്‍ ക്യാപ്റ്റന്റെ മടക്കം.

വണ്‍ ഡൗണായെത്തിയ ലാഹിരു തിരിമന്നെ ഏഴ് പന്തില്‍ ഒമ്പത് റണ്‍സെടുത്ത് മടങ്ങി. തിരിമന്നെ പുറത്തായി രണ്ടാം പന്തില്‍ തന്നെ ഉപുല്‍ തരംഗയെയും മടക്കി ടിനോ ബെസ്റ്റ് ലങ്കയ്ക്ക് ഇരട്ട പ്രഹരമേല്‍പ്പിച്ചു. 22 പന്തില്‍ 30 റണ്‍സുമായാണ് തരംഗ പുറത്തായത്.

നാലാം നമ്പറിലെത്തിയ ആസേല ഗുണരത്‌നെ ഒരുവശത്ത് ചെറുത്തുനിന്നു. എന്നാല്‍ മറുവശത്തെ ആക്രമിച്ച വെസ്റ്റ് ഇന്‍ഡീസ് ലങ്കയെ നിലയുറപ്പിക്കാന്‍ അനുവദിച്ചില്ല. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തി കരീബിയന്‍ കരുത്തന്‍മാര്‍ ലങ്കന്‍ സിംഹങ്ങളെ തളച്ചിട്ടു.

ഒടുവില്‍ നിശ്ചിത ഓവറില്‍ 173/9 എന്ന നിലയില്‍ ലങ്ക പോരാട്ടം അവസാനിപ്പിച്ചു. ഗുണരത്‌നെ 42 പന്തില്‍ 66 റണ്‍സുമായി ടീമിന്റെ ടോപ് സ്‌കോററായി.

വെസ്റ്റ് ഇന്‍ഡീസിനായി ടിനോ ബെസ്റ്റ് നാല് ഓവറില്‍ 27 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി. ഡ്വെയ്ന്‍ സ്മിത് രണ്ട് വിക്കറ്റെടുത്തപ്പോള്‍ ആഷ്‌ലി നേഴ്‌സ്, ജെറോം ടെയ്‌ലര്‍, ലെന്‍ഡില്‍ സിമ്മണ്‍സ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.

ഞായറാഴ്ചയാണ് ടൂര്‍ണമെന്റിലെ ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് ഫൈനല്‍. റായ്പൂര്‍ തന്നെയാണ് വേദി.

 

Content Highlight: International Masters League: West Indies masters defeated Sri Lanka Masters in the 2nd semi final