Entertainment
മലയാളത്തില്‍ തെളിയിക്കാനുള്ളത് തെളിയിച്ചു, ബേസിലിന്റെ കളികള്‍ ഇനി തമിഴില്‍?

മലയാളസിനിമയില്‍ ഇന്ന് മിനിമം ഗ്യാരന്റിയുള്ള നടന്മാരില്‍ ഒരാളാണ് ബേസില്‍ ജോസഫ്. അസിസ്റ്റന്റ ഡയറക്ടറായി സിനിമയിലേക്കെത്തിയ ബേസില്‍ സംവിധായകനായി മൂന്ന് സൂപ്പര്‍ഹിറ്റുകളാണ് പ്രേക്ഷകര്‍ക്ക് നല്‍കിയത്. കോമഡി വേഷങ്ങളില്‍ തിളങ്ങിയ ബേസില്‍ ജാന്‍ ഏ മന്‍ എന്ന ചിത്രത്തിലൂടെ നായകവേഷവും തനിക്കിണങ്ങുമെന്ന് തെളിയിച്ചു.

ഓരോ സിനിമ കഴിയുന്തോറും തന്നിലെ അഭിനേതാവിനെ മെച്ചപ്പെടുത്തുന്ന ബേസില്‍ പ്രേക്ഷകരെ അമ്പരപ്പിച്ചുകൊണ്ടിരുന്നു. ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ പൊന്മാനിലൂടെ മികച്ച നടന്‍ എന്ന ലേബലും ബേസില്‍ സ്വന്തമാക്കി. ഇപ്പോഴിതാ ബേസില്‍ തമിഴിലും തന്റെ സാന്നിധ്യം അറിയിക്കാന്‍ പോകുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ട്.

ശിവകാര്‍ത്തികേയന്‍- സുധാ കൊങ്കര ടീം ഒന്നിക്കുന്ന പരാശക്തിയിലൂടെയാണ് ബേസില്‍ തന്റെ തമിഴ് എന്‍ട്രി നടത്തുന്നത്. ശ്രീലങ്കയില്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഷെഡ്യൂളില്‍ ബേസില്‍ ജോയിന്‍ ചെയ്‌തെന്നാണ് വിവരം. രവി മോഹനോടൊപ്പം മാസ്‌ക് ധരിച്ച് ഇരിക്കുന്ന ബേസിലിന്റെ ചിത്രങ്ങള്‍ ഇതിനോടകം വൈറലായിക്കഴിഞ്ഞു. എന്നാല്‍ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരില്‍ നിന്ന് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

നേരത്തെ രണ്‍വീര്‍ സിങ്ങിനെ നായകനാക്കി ശക്തിമാന്‍ സംവിധാനം ചെയ്ത് ബോളിവുഡ് എന്‍ട്രി നടത്താന്‍ ബേസില്‍ ഒരുങ്ങുന്നെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ മുകേഷ് ഖന്ന ചിത്രത്തിനെതിരെ പരസ്യമായി രംഗത്ത് വന്നതോടെ ശക്തിമാന്റെ വര്‍ക്കുകള്‍ക്ക് താത്കാലികമായി തിരശ്ശീല വീഴുകയായിരുന്നു.

സൂര്യ, ദുല്‍ഖര്‍ സല്‍മാന്‍, നസ്രിയ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പുറനാനൂറ് എന്ന പേരില്‍ ആദ്യം അനൗണ്‍സ് ചെയ്ത ചിത്രമായിരുന്നു പരാശക്തി. എന്നാല്‍ സൂര്യ ഈ പ്രൊജക്ടില്‍ നിന്ന് പിന്മാറുകയായിരുന്നു. സൂര്യയുടെ വേഷത്തിലേക്ക് ശിവകാര്‍ത്തികേയനും ദുല്‍ഖറിന്റെ വേഷത്തിലേക്ക് അഥര്‍വയുമെത്തിയപ്പോള്‍ ശ്രീലീലയാണ് നസ്രിയയുടെ പകരമായി എത്തിയത്.

രവി മോഹനാണ് ചിത്രത്തില്‍ വില്ലാനായി എത്തുന്നത്. നേരത്തെ ബോളിവുഡ് താരം വിജയ് വര്‍മയെയായിരുന്നു ഈ വേഷത്തിലേക്ക് പരിഗണിച്ചത്. ശിവകാര്‍ത്തികേയന്റെ പിറന്നാള്‍ ദിനത്തില്‍ പുറത്തുവിട്ട ടൈറ്റില്‍ ടീസറിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. അമരനിലൂടെ ടൈര്‍ 2വിലെ മുന്‍നിരയിലേക്ക് കാലെടുത്തുവെച്ച ശിവകാര്‍ത്തികേയന്റെ കരിയറിലെ മികച്ച ചിത്രമാകും പരാശക്തിയെന്ന് ടൈറ്റില്‍ ടീസര്‍ സൂചന നല്‍കുന്നുണ്ട്.

1970കളില്‍ തമിഴ്‌നാട്ടിലെ കോളേജുകളില്‍ ഹിന്ദി അടിച്ചേല്പിക്കലിനെതിരെ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിലാണ് പരാശക്തിയുടെ കഥ നടക്കുന്നത്. വിദ്യാര്‍ത്ഥി നേതാവായാണ് ശിവകാര്‍ത്തികേയന്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ഈ വര്‍ഷം ഒക്ടോബറില്‍ ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് കരുതുന്നത്.

Content Highlight: Basil Joseph going to debut in Tamil movie through Sivakarthikeyan’s Parasakthi