Entertainment
തിയേറ്റര്‍ കത്തിക്കാന്‍ വകുപ്പുള്ള എല്ലാം ഉണ്ട്, തീപ്പൊരി പോസ്റ്ററുമായി എമ്പുരാന്‍, ലൈക്ക പിന്മാറിയോ എന്ന കാര്യത്തില്‍ മാത്രം കണ്‍ഫ്യൂഷന്‍

പ്രതിസന്ധികളെല്ലാം തീര്‍ത്ത് പ്രൊമോഷനും പിന്നാലെ മലയാളക്കര കണ്ട ഗ്രാന്‍ഡ് റിലീസിനും തയാറെടുക്കുകയാണ് എമ്പുരാന്‍. അനൗണ്‍സ്‌മെന്റ് മുതല്‍ അണിയറപ്രവര്‍ത്തകര്‍ പ്രേക്ഷകര്‍ക്ക് നല്‍കിയ ഹൈപ്പ് ഒരിടത്തുപോലും താഴ്ന്നിട്ടുണ്ടായിരുന്നില്ല. റിലീസിന് രണ്ടാഴ്ച മാത്രം ബാക്കിയുള്ളപ്പോള്‍ പ്രൊമോഷനുകളില്ലാത്തത് ആരാധകരെ നിരാശരാക്കിയിരുന്നു.

ഇപ്പോഴിതാ പുതിയ പോസ്റ്ററിലൂടെ വീണ്ടും പ്രതീക്ഷയുണര്‍ത്തിയിരിക്കുകയാണ് എമ്പുരാന്‍ ടീം. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെയെല്ലാം ഉള്‍ക്കൊള്ളിച്ചുകൊണ്ട് തീപ്പൊരു പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. തിയേറ്റര്‍ കത്തിക്കാനുള്ള എല്ലാം പോസ്റ്ററില്‍ കാണാന്‍ സാധിക്കുന്നുണ്ട്. ലൂസിഫറിന്റെ റിലീസിന് ശേഷം ഉയര്‍ന്നുകേട്ട ഇല്ലുമിനാറ്റി റഫറന്‍സാണ് ഇതില്‍ പ്രധാനം.

ചിത്രത്തിലെ കഥാപാത്രങ്ങളെയെല്ലാം ഉള്‍ക്കൊള്ളിച്ചിരിക്കുന്നത് ഒരു ത്രികോണാകൃതിക്കുള്ളിലാണ്. ഇല്ലുമിനാറ്റി റഫറന്‍സാണ് ഇതെന്ന് ചിലര്‍ അവകാശപ്പെടുന്നു. എമ്പുരാനില്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന കാമിയോ റോളിനെപ്പറ്റിയും സൂചനയുണ്ട്. റിലീസ് ഡേറ്റ് അനൗണ്‍സ്‌മെന്റ് പോസ്റ്ററില്‍ പിന്‍വശം കാണിച്ച് നില്‍ക്കുന്ന കബൂഗയാണെന്ന് പുതിയ പോസ്റ്റര്‍ റിലീസിന് ശേഷം ഉയര്‍ന്നുവരുന്ന അഭ്യൂഹങ്ങളാണ്.

കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ഒന്നായിരുന്നു ലൈക്ക പ്രൊഡക്ഷന്‍സിന്റെ പിന്മാറ്റം. ഒ.ടി.ടി. ഡീലുമായി ബന്ധപ്പെട്ട് ആശീര്‍വാദ് സിനിമാസും ലൈക്ക പ്രൊഡക്ഷന്‍സും ആശീര്‍വാദ് സിനിമാസും തമ്മില്‍ അസ്വാരസ്യങ്ങളുണ്ടായിരുന്നെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് ഗോകുലം മൂവീസ് എമ്പുരാനില്‍ നിര്‍മാണ പങ്കാളികളായെത്തി.

എന്നാല്‍ എമ്പുരാനില്‍ നിന്ന് ലൈക്ക പൂര്‍ണമായും പിന്മാറിയിട്ടില്ല. ചിത്രത്തിന്റെ പോസ്റ്ററില്‍ ഇപ്പോഴും ലൈക്കയുടെ പേരുണ്ട്. എന്നാല്‍ പൃഥ്വി പങ്കുവെച്ച പോസ്റ്റില്‍ ലൈക്കയെ ടാഗ് ചെയ്തിട്ടില്ല. ഇത് പ്രേക്ഷകര്‍ക്കിടയില്‍ ചെറിയൊരു കണ്‍ഫ്യൂഷനുണ്ടാക്കുന്നുണ്ട്. രണ്ട് ദിവസത്തിനുള്ളില്‍ ചിത്രത്തിന്റെ ഓണ്‍ലൈന്‍ പ്രൊമോഷനുകള്‍ തുടരുമെന്നാണ് വിവരം.

കേരളത്തിലെ 90 ശതമാനം തിയേറ്ററുകളിലും എമ്പുരാന്‍ പ്രദര്‍ശനത്തിനെത്തും. ആദ്യ ഭാഗമായ ലൂസിഫറിനെക്കാള്‍ വലിയ ബജറ്റിലാണ് എമ്പുരാന്‍ ഒരുങ്ങുന്നത്. ആറ് രാജ്യങ്ങളിലായി 150 ദിവസത്തോളം നീണ്ടുനിന്ന ഷൂട്ടായിരുന്നു എമ്പുരാന് ഉണ്ടായിരുന്നത്. പാന്‍ ഇന്ത്യനായി ഒരുങ്ങിയ ചിത്രം മാര്‍ച്ച് 27ന് തിയേറ്ററുകളിലെത്തും.

Content Highlight: Empuraan movie new poster out now