ആ നടന്‍ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ അമിതാഭ് ബച്ചന് പകരം എന്റെ കൂടെ അദ്ദേഹം അഭിനയിച്ചേനെ: രജിനികാന്ത്
Entertainment
ആ നടന്‍ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ അമിതാഭ് ബച്ചന് പകരം എന്റെ കൂടെ അദ്ദേഹം അഭിനയിച്ചേനെ: രജിനികാന്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 31st December 2024, 9:22 pm

രജിനികാന്തിനെ നായകനാക്കി ജ്ഞാനവേല്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രമാണ് വേട്ടയന്‍. രജിനികാന്തിന് പുറമെ മഞ്ജു വാര്യര്‍, ഫഹദ് ഫാസില്‍, അമിതാഭ് ബച്ചന്‍, റാണ ദഗുബാട്ടി, റിതിക സിങ്, ദുഷാര വിജയന്‍ എന്നിങ്ങനെ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിന് വേണ്ടി അണിനിരന്നിട്ടുണ്ട്. അനിരുദ്ധാണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്. ഒക്ടോബര്‍ പത്തിനാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്.

ചിത്രത്തില്‍ അമിതാഭ് ബച്ചന്റെ കഥാപാത്രം ശിവാജി ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ അദ്ദേഹമായിരിക്കും ചെയ്യുക എന്ന് പറയുകയാണ് രജനികാന്ത്. ശിവാജി ഇല്ലാത്ത പക്ഷം കുറഞ്ഞത് അമിതാഭ് ബച്ചന്‍ എങ്കിലും ആ കഥാപാത്രം ചെയ്യണമെന്നും അതുകൊണ്ടാണ് ബച്ചനെ ആ വേഷത്തിലേക്ക് വിളിച്ചതെന്നും രജിനികാന്ത് പറഞ്ഞു.

താനും അമിതാഭ് ബച്ചനും ചേര്‍ന്ന് മൂന്ന് സിനിമകള്‍ ചെയ്തിട്ടുണ്ടെന്നും ആ ചിത്രങ്ങളെല്ലാം ഹിറ്റായതുകൊണ്ട് തങ്ങള്‍ വീണ്ടും ഒന്നിക്കാന്‍ വലിയ നിര്‍മാതാക്കള്‍ സ്ഥിരമായി വിളിക്കാറുണ്ടായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ജ്ഞാനവേല്‍ പറഞ്ഞത് പോലെ വേട്ടയനിലെ ആ കഥാപാത്രം ശിവാജി സാര്‍ ഉണ്ടായിരുന്നുന്നെങ്കില്‍ അദ്ദേഹമായിരുന്നു ചെയ്യേണ്ടിയിരുന്നത്. അദ്ദേഹം ഇന്ന് ഇല്ലാത്ത കൊണ്ട് കുറഞ്ഞ പക്ഷം അത് അമിതാഭ് ബച്ചനെങ്കിലും ചെയ്യണം. ഞാനും അമിതാഭ് ബച്ചനും ചേര്‍ന്ന് മൂന്ന് സിനിമകള്‍ ചെയ്തിട്ടുണ്ട്.

ആ മൂന്ന് സിനിമകളും വലിയ ഹിറ്റ് ആയിരുന്നു. അതുകൊണ്ട് തന്നെ അവസാനത്തെ ഒരു അഞ്ച് ആറ് വര്‍ഷം വരെ അമിതാഭ് ബച്ചനും ഞാനും വീണ്ടും ചേരണമെന്ന് പറഞ്ഞ് ഹിന്ദിയിലെ വലിയ വലിയ നിര്‍മാതാക്കളെല്ലാം സ്ഥിരമായി വിളിക്കുമായിരുന്നു. ബച്ചനും അതിന് സമ്മതം അറിയിച്ചില്ല.

വെറും കൊമേര്‍ഷ്യല്‍ സക്സസിന് വേണ്ടിയാണെന്ന് കരുതി ഞാനും ഓക്കേ പറഞ്ഞില്ല. എന്നാല്‍ ഈ സിനിമക്ക് വേണ്ടി വിളിച്ചപ്പോള്‍ വെറും രണ്ടേ രണ്ടു ദിവസം കൊണ്ട് അദ്ദേഹം സമ്മതമെന്ന് പറഞ്ഞു തിരിച്ച് വിളിച്ചിരുന്നു,’ രജിനികാന്ത് പറയുന്നു.

Content Highlight: Rajinikanth Talks About Amithabh Bachan