സൈനികര്‍ കൊല്ലപ്പെടുമ്പോഴും തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കാന്‍ നിങ്ങള്‍ക്കെങ്ങനെ കഴിഞ്ഞു; രാജ്‌നാഥ് സിംഗിനോട് രാഹുല്‍ ഗാന്ധി
India-China Border
സൈനികര്‍ കൊല്ലപ്പെടുമ്പോഴും തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കാന്‍ നിങ്ങള്‍ക്കെങ്ങനെ കഴിഞ്ഞു; രാജ്‌നാഥ് സിംഗിനോട് രാഹുല്‍ ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 17th June 2020, 7:43 pm

ന്യൂദല്‍ഹി: അതിര്‍ത്തിയിലെ ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ എന്തിനാണ് സൈനികരെ കുറ്റപ്പെടുത്തി സംസാരിക്കുന്നതെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിനോട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സൈനികര്‍ക്ക് ആദരമര്‍പ്പിച്ചുള്ള ട്വീറ്റില്‍ എന്തുകൊണ്ടാണ് ചൈനയുടെ പേര് പോലും പരാമര്‍ശിക്കാതിരുന്നതെന്നും രാഹുല്‍ ചോദിച്ചു.

സംഭവത്തില്‍ അനുശോചിക്കാന്‍ പ്രതിരോധമന്ത്രിയ്ക്ക് രണ്ട് ദിവസം വേണ്ടി വന്നതെന്തിനാണെന്നും സൈനികര്‍ കൊല്ലപ്പെടുമ്പോഴും തെരഞ്ഞെടുപ്പ് റാലികളില്‍ മുഴുകാന്‍ എങ്ങനെയാണ് സാധിക്കുന്നതെന്നും രാഹുല്‍ ട്വീറ്റില്‍ ചോദിച്ചു.


‘ഇത് വളരെ വേദനാജനകാണ്. ചൈനയുടെ പേര് പോലും പറയാതെ സൈനികരെ അപമാനിച്ചതെന്തിനാണ്, അനുശോചനത്തിന് രണ്ട് ദിവസം വേണ്ടി വന്നതെന്തിനാണ്. സൈനികര്‍ കൊല്ലപ്പെട്ടപ്പോഴും തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്തത് എന്തിനാണ്, ആസൈന്യത്തെ കുറ്റപ്പെടുത്തി എന്തൊക്കെയാണ് നിങ്ങള്‍ ഒളിക്കാന്‍ ശ്രമിക്കുന്നത്, സര്‍ക്കാരിന് പകരം പെയ്ഡ് മാധ്യമങ്ങളെ ഉപയോഗിച്ച് സൈന്യത്തെ പഴി ചാരുന്നത് എന്തിനാണ്’, രാഹുല്‍ ട്വീറ്റ് ചെയ്തു.

നേരത്തെ കോണ്‍ഗ്രസ് നേതാവ് ജയറാം രമേശും സമാന ആരോപണവുമായി രംഗത്തെത്തിയിരുന്നു. ലഡാക്കിലെ ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തില്‍ സൈന്യത്തെ പഴിചാരി കേന്ദ്രസര്‍ക്കാര്‍ രക്ഷപ്പെടാന്‍ ശ്രമിക്കുകയാണെന്നായിരുന്നു ജയറാം രമേശ് പറഞ്ഞത്.

‘ലഡാക്കിലെ അതിര്‍ത്തി സംഘര്‍ഷത്തില്‍ മോദി സര്‍ക്കാറിന്റെ സ്തുതി പാടകരായ മാധ്യമങ്ങള്‍ ഇന്ത്യന്‍ സൈന്യത്തെ കുറ്റപ്പെടുത്താന്‍ തുടങ്ങി എന്നത് അസാധാരണമാണ്. ഇതൊരു രാഷ്ട്രീയ പരാജയമാണ്, സൈനികവീഴ്ചയല്ല. 56 ഇഞ്ച് 56 മില്ലിമീറ്ററായിരിക്കുകയാണ്. സൈന്യത്തെ അപമാനിക്കുന്നത് നിര്‍ത്തൂ’, ജയറാം രമേശ് ട്വീറ്റ് ചെയ്തു.

ലഡാക്കിലെ ഗല്‍വാന്‍ താഴ്‌വരയില്‍ തിങ്കളാഴ്ച രാത്രിയാണ് സംഘര്‍ഷം നടന്നത്.

ഇന്ത്യ-ചൈന സൈനിക സംഘര്‍ഷത്തില്‍ ചൈനീസ് സൈനിക ഭാഗത്തും അപകടം നടന്നിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ചൈന ഇതുവരെ മരണ വിവരം പുറത്തു വിട്ടിട്ടില്ല.

സംഘര്‍ഷത്തില്‍ 43 ഓളം ചൈനീസ് സൈനികര്‍ മരിച്ചതായി ഇന്ത്യന്‍ സൈനിക വൃത്തങ്ങളെ ഉദ്ദരിച്ചു കൊണ്ട് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

20 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് സൈന്യം അറിയിച്ചത്. 17 സൈനികര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നെന്നും അതിശൈത്യം കാരണം അവരുടെ മരണത്തിന് കാരണമായെന്നും സൈന്യം പ്രസ്താവനയില്‍ പറയുന്നു.

അതേസമയം സൈനികരുടെ ജീവത്യാഗം വെറുതെ ആകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചു. ഇന്ത്യ ആഗ്രഹിക്കുന്നത് സമാധാനമാണെന്നും തക്ക തിരിച്ചടി നല്‍കാന്‍ രാജ്യത്തിന് ശേഷിയുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

അതിര്‍ത്തിയില്‍ സൈനികര്‍ കൊല്ലപ്പെട്ടതില്‍ അതീവ ദുഖമുണ്ടെന്നായിരുന്നു രാജ്‌നാഥ് സിംഗ് പറഞ്ഞത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ