ന്യൂദല്‍ഹി: ലോക്‌സഭയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി.ജെ.പി സര്‍ക്കാരിനുമെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ‘മണിപ്പൂര്‍ ഇന്ത്യയില്‍ അല്ലേ’ എന്ന ചോദ്യമുയര്‍ത്തി, മണിപ്പൂര്‍ വിഷയത്തിലെ കേന്ദ്ര സര്‍ക്കാരിന്റെ നിലപാടുകളെ രാഹുല്‍ വിമര്‍ശിച്ചു.
മണിപ്പൂരിനെ ബി.ജെ.പി സര്‍ക്കാര്‍ മനഃപൂര്‍വം കലാപത്തിലേക്ക് തള്ളിവിട്ടുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. മണിപ്പൂരിലെ കലാപം ഒരു വര്‍ഷം പിന്നിട്ടിട്ടും മോദി സംസ്ഥാനത്ത് സന്ദര്‍ശിച്ചില്ലെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.
നോട്ട് നിരോധനം അബാനിയെയും അദാനിയേയും സഹായിക്കുന്നതിനായാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയെതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. നീതിയ്ക്ക് വേണ്ടി കേന്ദ്ര സര്‍ക്കാരിനെതിരെ പ്രക്ഷോഭം നടത്തിയ 700 കര്‍ഷകരോളം മരണപ്പെട്ടു. ഇതിന്റെ ഉത്തവാദിത്തം ആര് ഏറ്റെടുക്കും. പ്രതിഷേധിച്ച കര്‍ഷകരെ കേന്ദ്ര സര്‍ക്കാര്‍ തീവ്രവാദികള്‍ ആക്കുകയായിരുന്നുവെന്നും രാഹുല്‍ വ്യക്തമാക്കി.
സ്പീക്കര്‍ ഓം ബിര്‍ള സഭാ പ്രതിനിധികളോട് വ്യത്യസ്തമായ സമീപനമാണ് പുലര്‍ത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൈകൊടുത്ത് അഭിനന്ദിക്കുമ്പോള്‍ സ്പീക്കര്‍ തലകുനിച്ചെന്നും തന്നോട് അങ്ങനെയായിരുന്നില്ലെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.
ഇതിനുപുറമെ പ്രധാനമന്ത്രി എന്തുകൊണ്ടാണ് തന്നോട് സൗമ്യമായി പെരുമാറാത്തതെന്നും അദ്ദേഹം എപ്പോഴും ഗൗരവത്തിലാണെന്നും രാഹുൽ ചൂണ്ടിക്കാട്ടുകയുണ്ടായി. ഇതിന് മറുപടിയായി, പ്രതിപക്ഷ നേതാവിന്റെ പ്രസംഗം ഗൗരവപൂർവം കേട്ടിരിക്കാനാണ് ഇന്ത്യൻ ഭരണഘടന തന്നെ പഠിപ്പിച്ചിരിക്കുന്നതെന്ന് മോദി പറഞ്ഞു.
ഓം ബിര്‍ളയുടെയും മോദിയുടെയും സമീപനങ്ങളെ ഉയര്‍ത്തിക്കാട്ടിയതില്‍ രാഹുലിനെതിരെ ഭരണപക്ഷത്ത് ബഹളമുയര്‍ന്നു.
ബഹളത്തിന് പിന്നാലെ പ്രതിപക്ഷം കേന്ദ്ര സര്‍ക്കാരിന്റെ ശത്രുവല്ല. ജനങ്ങളുടെ താത്പര്യങ്ങള്‍ക്ക് അനുസരിച്ച് സര്‍ക്കാരിനോടൊപ്പം ചേര്‍ന്ന് നിന്ന് പ്രവര്‍ത്തിക്കാന്‍ തങ്ങള്‍ തയ്യാറാണ്. എന്നാല്‍ ബി.ജെ.പി സര്‍ക്കാര്‍ പ്രതിപക്ഷത്തെയും പ്രതിപക്ഷ നേതാക്കളെയും വ്യക്തിപരമായി അധിക്ഷേപിക്കുകയാണെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി.
Content Highlight: Rahul Gandhi said in Loksabha, that the BJP government has deliberately pushed Manipur into riots