കല്‍പറ്റ: ഇന്ത്യയിലെ കര്‍ഷകരുടെ ബുദ്ധിമുട്ടുകള്‍ ലോകമെമ്പാടുമുള്ളവര്‍ കാണുന്നുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
പക്ഷേ കേന്ദ്ര സര്‍ക്കാര്‍ മാത്രം കര്‍ഷകരുടെ വേദന മനസിലാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷക പ്രതിഷേധത്തിന് പിന്തുണയര്‍പ്പിച്ച് വയനാട്ടില്‍ നടത്തിയ ട്രാക്ടര്‍ റാലിക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രി അദ്ദേഹത്തിന്റെ രണ്ടോ മൂന്നോ സുഹൃത്തുക്കള്‍ക്ക് വേണ്ടി പുതിയ നിയമങ്ങളുണ്ടാക്കി കര്‍ഷകരെ ബുദ്ധിമുട്ടിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു.
” കര്‍ഷകരുടെ അവസ്ഥകളെക്കുറിച്ച് പോപ് താരങ്ങള്‍ വരെ പ്രതികരിക്കുന്നു. പക്ഷേ ഇന്ത്യന്‍ സര്‍ക്കാരിന് മാത്രം അതിലൊന്നും താല്‍പര്യമില്ല. ഇന്ത്യയിലെ കാര്‍ഷിക സമ്പ്രദായങ്ങളെ തകര്‍ക്കാനും മോദിയുടെ രണ്ടോ മൂന്നോ സുഹൃത്തുക്കള്‍ക്ക് കാര്‍ഷിക മേഖലയെ തീറെഴുതാനുമാണ് പുതിയ നിയമങ്ങള്‍ കൊണ്ടുവന്നിരിക്കുന്നത്,” അദ്ദേഹം പറഞ്ഞു.