ന്യൂദല്‍ഹി: രാജ്യത്ത് ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രക്ഷോഭം ഉയരുമ്പോള്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സ്ഥലത്തില്ലാതിരുന്നതിനെ കുറിച്ച് വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. ദക്ഷിണ കൊറിയയില്‍ സന്ദര്‍ശനത്തിലായിരുന്നു രാഹുല്‍ ഗാന്ധി. സന്ദര്‍ശനം നിര്‍ത്തിവെച്ച് മടങ്ങിവരേണ്ടതായിരുന്നുവെന്നാണ് ഉയര്‍ന്ന വിമര്‍ശനം.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
പല ഭാഗത്ത് നിന്ന് രാഹുല്‍ ഗാന്ധിക്കെതിരെ വിമര്‍ശനം ഉയരവേ രാജ്യത്ത് മടങ്ങിയെത്തിയ രാഹുല്‍ ഗാന്ധി ഡിസംബര്‍ 22ന് പൗരത്വ നിയമത്തിനെതിരായ കോണ്‍ഗ്രസ് പ്രതിഷേധത്തിന് നേതൃത്വം നല്‍കും. കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയും പ്രതിഷേധത്തിനുണ്ടാവും. രാജ്ഘട്ടില്‍ ഞായറാഴ്ച ഉച്ചക്ക് 2 മണിമുതല്‍ 8 മണി വരെ ധര്‍ണ്ണയാണ് സംഘടിപ്പിച്ചിരിക്കുന്നത്.
രാഹുല്‍ ഗാന്ധി സ്ഥലത്തില്ലാതിരുന്നതിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ കോണ്‍ഗ്രസ് വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. മാസങ്ങള്‍ക്ക് മുമ്പേ തീരുമാനിക്കപ്പെട്ടതായിരുന്നു രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനമെന്നാണ് കോണ്‍ഗ്രസ് വിശദീകരണം. കൊറിയന്‍ എന്‍.ജി.ഓ കൊറിയന്‍ ഫൗണ്ടേഷന്റെ ക്ഷണപ്രകാരമാണ് രാഹുല്‍ ഗാന്ധിയും സംഘവും ദക്ഷിണ കൊറിയയില്‍ എത്തിയതെന്നും കോണ്‍ഗ്രസ് വിശദമാക്കിയിരുന്നു.