national news
മോദി നിര്‍മിത ദുരന്തങ്ങള്‍ കൊണ്ട് രാജ്യം പ്രയാസപ്പെടുകയാണ്: രാഹുല്‍ ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Oct 21, 12:10 pm
Wednesday, 21st October 2020, 5:40 pm

ന്യൂദല്‍ഹി: മോദി നിര്‍മിത ദുരന്തങ്ങള്‍ കൊണ്ട് രാജ്യം ബുദ്ധിമുട്ടനുഭവിക്കുന്നത് തുടരുകയാണെന്ന് കോണ്‍ഗ്രസ് നേതാവും എം.പിയുമായ രാഹുല്‍ ഗാന്ധി. ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ 94-ാം റാങ്കിലെത്തിയതിന് പിന്നാലെയാണ് രാഹുലിന്റെ പ്രതികരണം.

‘മോദി നിര്‍മിത ദുരന്തങ്ങള്‍ കൊണ്ട് രാജ്യം ബുദ്ധിമുട്ടനുഭവിക്കുന്നത് തുടരുകയാണ്. പട്ടിണിമരണങ്ങളുടെ പ്രത്യേകിച്ച് കുട്ടികളുടെ മരണങ്ങളുടെ വാര്‍ത്ത ഹൃദയഭേദകമാണ്. ഗോഡൗണുകളില്‍ ഭക്ഷ്യധാന്യങ്ങള്‍ കെട്ടിക്കിടക്കുമ്പോള്‍ എങ്ങനെയാണ് ഇന്ത്യാ സര്‍ക്കാരിന് ഇത് ചെയ്യാന്‍ കഴിയുന്നത്?’, രാഹുല്‍ ട്വീറ്റ് ചെയ്തു.

നേരത്തേയും രാഹുല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ വിമര്‍ശനമുന്നയിച്ചിരുന്നു. മോദി സര്‍ക്കാര്‍ പ്രിയപ്പെട്ട സുഹൃത്തുക്കളുടെ പോക്കറ്റ് നിറയ്ക്കുന്ന തിരക്കിലാണെന്നായിരുന്നു രാഹുല്‍ പറഞ്ഞത്.

ആഗോള പട്ടിണി സൂചികയില്‍ 107 രാജ്യങ്ങളുടെ പട്ടികയില്‍ 94ാം റാങ്കിലാണ് ഇന്ത്യ. അയല്‍രാജ്യങ്ങളായ ബംഗ്ലാദേശ്, മ്യാന്മാര്‍, പാക്കിസ്ഥാന്‍ എന്നിവരെല്ലാം ഇന്ത്യക്കൊപ്പം അതീവ ഗുരുതര സ്ഥിതിയുള്ള രാജ്യങ്ങളുടെ ഗണത്തിലാണെങ്കിലും ഇന്ത്യയെക്കാള്‍ മുന്നിലാണ്.

കഴിഞ്ഞ വര്‍ഷം 117 രാജ്യങ്ങളുടെ പട്ടികയില്‍ 102ാം സ്ഥാനത്തായിരുന്നു ഇന്ത്യ. ദാരിദ്ര നിര്‍മ്മാര്‍ജ്ജന പദ്ധതികള്‍ നടപ്പിലാക്കുന്നതിലെ പിഴവ്, കാര്യക്ഷമമായ നിരീക്ഷണം ഇല്ലാത്ത സ്ഥിതി, പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിലെ പോരായ്മ തുടങ്ങിയവയാണ് മോശം സ്ഥിതിക്ക് കാരണമായി വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Rahul Gandhi Global Hunger Index Narendra Modi