national news
തമിഴ്‌നാട് ടാസ്മാക്കിലെ ഇ.ഡി റെയ്ഡ്; ജീവനക്കാരെ തടഞ്ഞുവെച്ചതില്‍ അതൃപ്തി അറിയിച്ച് മദ്രാസ് ഹൈക്കോടതി; നടപടികള്‍ വിലക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Mar 20, 07:48 am
Thursday, 20th March 2025, 1:18 pm

ചെന്നൈ: തമിഴ്‌നാട് സര്‍ക്കാരിന്റെ മദ്യവില്‍പ്പന സ്ഥാപനമായ ടാസ്മാക് റെയ്ഡ് ചെയ്ത ഇ.ഡി നടപടികള്‍ തിങ്കളാഴ്ച വരെ വിലക്കി മദ്രാസ് ഹൈക്കോടതി. ജീവനക്കാരെ അന്യായമായി തടഞ്ഞുവെച്ചതിലും കോടതി അതൃപ്തി അറിയിച്ചു.

ടാസ്മാക് ആസ്ഥാനത്തും മറ്റ് മദ്യവില്‍പ്പന ശാലകളിലും കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ഇ.ഡി റെയ്ഡ് നടത്തിയിരുന്നു. ഇതിനെതിരെയാണ് കോടതിയുടെ നിരീക്ഷണം. ജസ്റ്റിസുമാരായ എം.എസ്. രമേശ്, എന്‍. സെന്തികുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് നിരീക്ഷണം.

ടാസ്മാക്കിലും സ്ഥാപനങ്ങളിലുമായി 20ഓളം സ്ഥലങ്ങളില്‍ നടത്തിയ റെയ്ഡില്‍ ആയിരം കോടിയിലധികം രൂപയുടെ ക്രമക്കേട് കണ്ടെത്തിയതായി ഇ.ഡി വാര്‍ത്താ കുറിപ്പ് പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെ തമിഴ്‌നാട് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

ഏതാണ്ട് 60 മണിക്കൂറോളം അന്യായമായി സ്ത്രീകളടക്കമുള്ള ജീവനക്കാരെ തടഞ്ഞുവെച്ച സാഹചര്യമുണ്ടായെന്നും എന്തിനാണ് ഈ പരിശോധനയെന്ന് ജീവനക്കാര്‍ക്ക് അറിയില്ലായിരുന്നുവെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. ഇ.ഡിയുടെ നടപടി നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്നും സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

എന്നാല്‍ അന്യായമായി ആരെയും തടഞ്ഞുവെച്ചിട്ടില്ലെന്നാണ് ഇ.ഡി പ്രതികരിച്ചത്. എന്നാല്‍ തെളിവായി തങ്ങളുടെ കയ്യില്‍ സി.സി.ടി.വി ദൃശ്യങ്ങളുണ്ടെന്നും ഹാജരാക്കാമെന്നും സര്‍ക്കാര്‍ അറിയിക്കുകയായിരുന്നു.

സി.സി.ടി.വി ദൃശ്യങ്ങള്‍ക്ക് കോടതിക്കും കാണണമെന്ന് മദ്രാസ് ഹൈക്കോടതി ആവശ്യപ്പെട്ടു. ജീവനക്കാരെ തടഞ്ഞുവെക്കുന്ന സാഹചര്യം അന്യായമാണെന്നും കോടതി വ്യക്തമാക്കി.

24 മണിക്കൂറിനകം വിശദീകരണം നല്‍കണമെന്നും കോടതി ഇ.ഡിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. തിങ്കളാഴ്ച കേസ് വീണ്ടും പരിഗണിക്കുമെന്നും അതുവരെ തുടര്‍ നടപടികളൊന്നും പാടില്ലെന്നും വാക്കാല്‍ പറഞ്ഞ കോടതി തങ്ങളെ കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കാനുള്ള അവസരമുണ്ടാക്കരുതെന്നും വ്യക്തമാക്കി.

Content Highlight: ED raids Tamil Nadu TASMAC; Court expresses dissatisfaction over detention of employees; stays proceedings