ജിത്തു മാധവന്റെ സംവിധാനത്തില്‍ തിയേറ്ററുകളില്‍ വന്‍ ഹിറ്റായി മാറിയ ചിത്രമായിരുന്നു രോമാഞ്ചം.
സൗബിന്‍, അര്‍ജുന്‍ അശോകന്‍, സജിന്‍ ഗോപു, സിജു സണ്ണി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ ഹൊറര്‍ കോമഡി ചിത്രം ഗംഭീര റെസ്‌പോണ്‍സായിരുന്നു നേടിയത്.
ചിത്രത്തില്‍ സിനു സോളമന്‍ എന്ന സൈക്കോ കഥാപാത്രമായിട്ടായിരുന്നു അര്‍ജുന്‍ അശോകന്‍ എത്തിയത്. അര്‍ജുന്റെ കരിയറിലെ തികച്ചും വ്യത്യസ്തമായ ഒരു കഥാപാത്രം കൂടിയായിരുന്നു സിനു.
തന്റെ കരിയര്‍ ബെസ്റ്റ് പെര്‍ഫോമന്‍സെന്ന് അച്ഛന്‍ ഹരിശ്രീ അശോകന്‍ പറഞ്ഞത് രോമാഞ്ചത്തിലെ കഥാപാത്രത്തെ കുറിച്ചാണെന്നും അടുത്തിടെ അര്‍ജുന്‍ പറഞ്ഞിരുന്നു.
എന്നാല്‍ രോമാഞ്ചത്തിലെ ആ കഥാപാത്രം ചെയ്യേണ്ടിയിരുന്നത് താനായിരുന്നില്ലെന്ന് പറയുകയാണ് അര്‍ജുന്‍ അശോകന്‍.
മറ്റൊരു വ്യക്തിയായിരുന്നു ആ കഥാപാത്രത്തിലേക്ക് എത്തേണ്ടിയിരുന്നതെന്നും അദ്ദേഹത്തിന് വരാന്‍ പറ്റാതിരുന്നതോടെ താന്‍ എത്തിയതാണെന്നുമാണ് അര്‍ജുന്‍ അശോകന്‍ പറഞ്ഞത്.
തന്റെ പുതിയ ചിത്രമായ അഭിലാഷം എന്ന സിനിമയെ കുറിച്ച് സംസാരിക്കവേയായിരുന്നു അര്‍ജുന്‍ ഇക്കാര്യം പറഞ്ഞത്.
ചിത്രത്തിലെ അവസാനം ഇറങ്ങിയ പാട്ടില്‍ പോലും അര്‍ജുന്‍ അശോകനെ കാണിച്ചിരുന്നില്ല. ക്യാരക്ടര്‍ സര്‍പ്രൈസ് ആക്കി വെച്ചിരുന്നതാണോ എന്ന ചോദ്യത്തിന് ആ സീക്വന്‍സിലൊന്നും താന്‍ ഇല്ലെന്നായിരുന്നു അര്‍ജുന്റെ മറുപടി.
പെട്ടെന്ന് ഒരാളെ കിട്ടാതെ വന്നപ്പോള്‍ അര്‍ജുനെ കൊണ്ട് വെച്ചതാണോ എന്ന ചോദ്യത്തിന് അങ്ങനെയും പറയാമെന്നായിരുന്നു താരത്തിന്റെ മറുപടി.
‘ പറയാന്‍ പറ്റില്ലല്ലോ. സിനിമകള്‍ അങ്ങനെ അല്ലേ. ഒരാള്‍ക്ക് പറ്റിയില്ലെങ്കില്‍ മറ്റൊരാളെ വിളിക്കും. ഇപ്പോള്‍ രോമാഞ്ചം ഞാന്‍ ചെയ്തത് അങ്ങനെ അല്ലേ,’ അര്‍ജുന്‍ ചോദിച്ചു.
രോമാഞ്ചത്തില്‍ ആര്‍ക്ക് പകരമാണ് വന്നതെന്ന ചോദ്യത്തിന് അത് താന്‍ പറയില്ലെന്നായിരുന്നു അര്‍ജുന്റെ മറുപടി. ഈ സിനിമയില്‍ താന്‍ ഒരു കട്ടുറുമ്പാണെന്നും മര്യാദയ്ക്ക് ആരേയും പ്രേമിക്കാന്‍ സമ്മതിക്കാത്ത ഒരാളാണെന്നും അര്‍ജുന്‍ പറയുന്നു.
Content Highlight: Actor Arjun Ashokan about Romancham Movie Character