മലയാളത്തിലെ ഏറ്റവും വലിയ പരീക്ഷണചിത്രമാണ് എമ്പുരാൻ: കോസ്റ്റ്യൂം ഡിസൈനർ സുജിത്ത് സുധാകരൻ
Entertainment
മലയാളത്തിലെ ഏറ്റവും വലിയ പരീക്ഷണചിത്രമാണ് എമ്പുരാൻ: കോസ്റ്റ്യൂം ഡിസൈനർ സുജിത്ത് സുധാകരൻ

പ്രേക്ഷകർ ഒരുപോലെ കാത്തിരിക്കുന്ന മലയാള സിനിമയാണ് എമ്പുരാൻ. ചിത്രത്തിൻ്റെ ട്രെയ് ലർ ഇന്ന് പുറത്തിറങ്ങിയതിന് പിന്നാലെ വമ്പൻ പ്രതികരണമാണ് ഇതിന് ‌ലഭിച്ച് കൊണ്ടിരിക്കുന്നത്. മാർച്ച് 27നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ആദ്യ ഷോ ആറുമണിക്ക് തന്നെ തുടങ്ങുമെന്നാണ് ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ ഔദ്യോഗികമായി പുറത്ത് വിട്ടിട്ടുള്ളത്.

ഇപ്പോൾ മലയാളത്തിലെ ഏറ്റവും വലിയ പരീക്ഷണചിത്രമാണ് എമ്പുരാനെന്ന് പറയുകയാണ് ചിത്രത്തിൻ്റെ കോസ്റ്റ്യൂം ഡിസൈനർ സുജിത്ത് സുധാകരൻ.

എത്ര സ്ഥലത്ത് പോയി അല്ലെങ്കിൽ എത്ര രാജ്യത്ത് പോയി എന്നുള്ളതിനപ്പുറം അവിടത്തെ കാര്യങ്ങൾ എങ്ങനെ നടത്തിയെടുത്തു എന്നുള്ളതിലാണ് കാര്യമെന്നും സുജിത്ത് പറ‌യുന്നു. ഒരുപാട് സ്ഥലത്ത് ഷൂട്ട് ചെയ്തിട്ടുണ്ടെന്നും അതിൻ്റെ ഡീറ്റയിൽസ് ഒക്കെ സിനിമ കാണുമ്പോഴോ, സിനിമ വരുമ്പോഴോ അറിയേണ്ട കാര്യങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

സിനിമ വലുതായത് കൊണ്ട് സക്സസ് ആകുമെന്ന് താൻ പറയുന്നില്ലെന്നും സുജിത്ത് കൂട്ടിച്ചേ‍ർത്തു.

മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സുജിത്ത് ഇക്കാര്യം വ്യക്തമാക്കിയത്.

‘മലയാള സിനിമയുടെ പരിധിയിൽ നിന്നുകൊണ്ട് ഇത് ഉറപ്പായിട്ടും ഏറ്റവും വലിയ എക്സ്പെരിമെൻ്റൽ ഫിലിം ആണ്. ദി മോസ്റ്റ് ടാലൻ്റഡ് ആക്ടർ അല്ലെങ്കിൽ എസ്റ്റാബ്ലിഷ്ഡ് ആക്ടർ മോഹൻലാലും ഇപ്പോഴുള്ളതിൽ വെച്ച് ഏറ്റവും പ്രോമിസിങ് ഡയറക്ടർ പൃഥ്വിരാജും, ഇങ്ങനെ ഒരു സിനിമയെ മുന്നോട്ട് കൊണ്ടുപോകാൻ പറ്റുന്ന പ്രൊഡ്യൂസർ ആൻ്റണി പെരുമ്പാവൂരും ഇത്രയും ആൾക്കാരുടെ ഒരു വലിയ എക്സ്പെരിമെൻ്റാണ് എമ്പുരാൻ.

ഒരു സിനിമ കാണുന്നു അതിൽ കാണുന്ന സ്ഥലം നമ്മൾ എസ്റ്റാബ്ലിഷ് ചെയ്യുന്നു. അതിൻ്റെ ബാക്ക് സൈഡിലേക്ക് അവിടത്തെ പെർമിഷൻസ് അല്ലെങ്കിൽ അവിടേക്ക് ആക്ടേഴ്സിനെ കൊണ്ടുവരിക അങ്ങനെ ഒരു ലോഡ് കാര്യങ്ങളുണ്ട് ഇതിന്റെ പിന്നിൽ. അത് അഭിനന്ദനം അർഹിക്കുന്ന കാര്യങ്ങളാണ്.

നമ്മൾ എത്ര സ്ഥലത്ത് പോയി അല്ലെങ്കിൽ എത്ര രാജ്യത്ത് പോയി എന്നുള്ളതിനപ്പുറം അവിടത്തെ കാര്യങ്ങൾ എങ്ങനെ നടത്തിയെടുത്തു എന്നുള്ളതിലാണ് കാര്യം. അങ്ങനെ നോക്കുമ്പോൾ എനിക്ക് തോന്നുന്നു ഈ എക്സ്പെരിമെൻ്റ് എന്ന് പറയുന്ന വാക്ക് ഈ സിനിമയ്ക്ക് അനുയോജ്യമാണ്. കാരണം, അല്ലാതെ ഒരിക്കലും നമുക്ക് ആ സിനിമ ചിന്തിക്കാൻ പറ്റില്ല. നമുക്ക് ചിന്തിക്കാൻ പോലും പറ്റാത്തൊരു വലുപ്പമുണ്ട് ഈ സിനിമയ്ക്ക്. എന്നാലും സിനിമ വലുതായത് കൊണ്ട് സക്സസ് ആകുമെന്നും ഞാൻ പറയുന്നില്ല.

നമ്മൾ ഒരുപാട് സ്ഥലത്ത് ഷൂട്ട് ചെയ്തിട്ടുണ്ട്. അതിൻ്റെ ഡീറ്റയിൽസ് ഒക്കെ സിനിമ കാണുമ്പോഴോ അല്ലെങ്കിൽ സിനിമ വരുമ്പോഴോ അറിയേണ്ട കാര്യങ്ങളാണ്,’ സുജിത്ത് പറഞ്ഞു.

Content Highlight: Empuraan is the biggest experimental film in Malayalam says Costume designer Sujith Sudhakaran