ന്യൂദല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ മുന്‍കരുതല്‍ നടപടികളെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പി.എം കെയര്‍ ഫണ്ട് എവിടെപ്പോയെന്ന് രാഹുല്‍ ചോദിച്ചു.
ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘ആശുപത്രിയില്‍ പരിശോധനകളോ കിടക്കകളോ ഇല്ല, വെന്റിലേറ്ററുകളില്ല, ഓക്‌സിജനുമില്ല, വാക്‌സിനും ഇല്ല, ആകെ ഒരു ഉത്സവ ഭാവം മാത്രം. പി.എം കെയര്‍ ഫണ്ട് എവിടെയാണ്,’ രാഹുല്‍ ചോദിച്ചു.
ना टेस्ट हैं, ना हॉस्पिटल में बेड,
ना वेंटिलेटर हैं, ना ऑक्सीजन,
वैक्सीन भी नहीं है,
बस एक उत्सव का ढोंग है।
അതേസമയം രാജ്യത്ത് വാക്‌സിന്‍ ഇറക്കുമതി തീരുവ എടുത്ത് കളഞ്ഞേക്കും. വാക്‌സിന്‍ ഇറക്കുമതി ഊര്‍ജിതമാക്കി പരമാവധി പേരെ വാക്‌സിനേറ്റ് ചെയ്യുന്നതിന്റെ ഭാഗമായിട്ടാണിത്. നിലവില്‍ വാക്‌സിനുകളുടെ കസ്റ്റംസ് തീരുവ 10 ശതമാനമാണ്.
അമേരിക്ക, യു.കെ, യൂറോപ്യന്‍ യൂണിയന്‍, ജപ്പാന്‍ എന്നീ രാജ്യങ്ങളിലെ ഡ്രഗ് റെഗുലേറ്റര്‍മാരും ലോകാരോഗ്യസംഘടനയും അംഗീകരിച്ച വാക്‌സിനുകളെല്ലാം രാജ്യത്ത് ഉപയോഗിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നേരത്തേ അനുമതി നല്‍കിയിരുന്നു. നിലവില്‍ ആസ്ട്രാസെനകയുടെ കൊവിഷീല്‍ഡും, ഭാരത് ബയോടെക്കിന്റെ കൊവാക്‌സിനുമാണ് രാജ്യത്തെ വാക്‌സീനേഷന്‍ കേന്ദ്രങ്ങളില്‍ ഉപയോഗിക്കുന്നത്.