ന്യൂദല്‍ഹി: പ്രധാനമന്ത്രിയുടെ സ്വച്ഛ് ഭാരത് മിഷന്‍ നിഷ്ഫലമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ദല്‍ഹിയില്‍ അഴുക്കുചാല്‍ വൃത്തിയാക്കുന്നതിനിടെ മരിച്ച ശുചീകരണത്തൊഴിലാളിയെക്കുറിച്ച് പരാമര്‍ശിച്ചുകൊണ്ടായിരുന്നു രാഹുലിന്റെ വിമര്‍ശനം.
സ്വച്ഛ് ഭാരത് മിഷന്‍ പൊള്ളത്തരമാണെന്നും ശുചീകരണത്തൊഴിലാളികളുടെ ജീവിതപ്രശ്‌നങ്ങള്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുന്നില്ലെന്നും രാഹുലിന്റെ ട്വിറ്റര്‍ കുറിപ്പില്‍ പറയുന്നു.
“അനിലിന്റെ ദാരുണമായ മരണവും അദ്ദേഹത്തിന്റെ മകന്‍ വിതുമ്പുന്ന ദൃശ്യങ്ങളും ആഗോളതലത്തില്‍ വാര്‍ത്തയായിട്ടുണ്ട്. നമ്മുടെ പ്രധാനമന്ത്രിയുടെ “സ്വച്ഛ് ഭാരത്” മുദ്രാവാക്യം വെറും പൊള്ളത്തരമാണ്. അങ്ങേയറ്റം മോശമായ സാഹചര്യങ്ങളില്‍ ശുചിമുറികളും അഴുക്കുചാലുകളും വൃത്തിയാക്കേണ്ടി വരുന്ന ശുചീകരണത്തൊഴിലാളികളുടെ ബുദ്ധിമുട്ടുകള്‍ അദ്ദേഹം കാണുന്നതേയില്ല.” രാഹുല്‍ പറയുന്നു.
Also Read: അഭ്യൂഹങ്ങള്‍ കാരണം സ്വാതന്ത്ര്യം ഇല്ലാതാക്കാനാവില്ല; ആക്ടിവിസ്റ്റുകളുടെ അറസ്റ്റില്‍ സുപ്രീം കോടതി
മരിച്ച അനിലിന്റെ മൃതദേഹം സംസ്‌കരിക്കാനുള്ള പണമില്ലാതെ കരയുന്ന മകന്റെ ചിത്രം ഇന്റര്‍നെറ്റില്‍ പ്രചരിച്ചിരുന്നു. അതിനെത്തുടര്‍ന്ന് ലോകമെമ്പാടുമുള്ള ജനങ്ങളില്‍ നിന്നും കുടുംബത്തിന് സഹായമെത്തുകയും ചെയ്തിരുന്നു. മുപ്പത്തിരണ്ടു ലക്ഷത്തോളം രൂപയാണ് സംഭാവനകളിലൂടെ സമാഹരിച്ചിട്ടുള്ളത്.
മാന്‍ഹോളിലിറങ്ങി അഴുക്കുചാല്‍ വൃത്തിയാക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അനില്‍ കയര്‍ പൊട്ടിവീണ് മരിച്ചത്. ഇരുപതടിയോളം ആഴത്തിലുള്ള അഴുക്കുവെള്ളത്തിലാണ് അനില്‍ വീണത്.