മോദിക്ക് വിശാലമായ നെഞ്ചുണ്ട്, പക്ഷെ ഹൃദയം വളരെ ചെറുതാണ്: രാഹുല്‍ഗാന്ധി
India
മോദിക്ക് വിശാലമായ നെഞ്ചുണ്ട്, പക്ഷെ ഹൃദയം വളരെ ചെറുതാണ്: രാഹുല്‍ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 26th October 2017, 7:11 pm

 

ന്യൂദല്‍ഹി: വലിയ വിശാലമായ നെഞ്ചുണ്ടെങ്കിലും മോദിയുടെ ഹൃദയം വളരെ ചെറുതാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി. “മോഡി മേഡ് ഡിസാസ്റ്റര്‍” ഫലമായാണ് രാജ്യത്ത് തൊഴിലില്ലായ്മ വര്‍ധിക്കുന്നതെന്നും 3 വര്‍ഷത്തെ എന്‍.ഡി.എ ഭരണത്തിന് ശേഷം ഇന്ത്യയുടെ പ്രതീക്ഷകള്‍ നഷ്ടപ്പെട്ടുവെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.

നോട്ട് നിരോധനം മോദി നിര്‍മിച്ച ദുരന്തമാണ്.എല്ലാ പണവും കള്ളപ്പണമല്ലെന്നകാര്യം പ്രധാനമന്ത്രി മറക്കുന്നുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഇന്ത്യയിലെ താജ്മഹലുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ നോക്കിക്കണ്ട് ലോകം ചിരിക്കുകയാണെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.

നോട്ടുനിരോധനത്തിലൂടെയും ജി.എസ്.ടിയിലൂടെയും രാജ്യത്തിന് ഇരട്ട പ്രഹരമേല്‍പ്പിച്ചിരിക്കുകയാണ് മോദി സര്‍ക്കാര്‍. ജി.എസ്.ടി കൊണ്ടുള്ള ടാക്‌സ് ഭീകരത കൊണ്ട് ചെറുകിട കര്‍ഷകരടക്കം ദുരിതമനുഭവിക്കുകയാണ്. “സ്റ്റാര്‍ട്ടപ്പ് ഇന്ത്യ” സമ്പദ് വ്യവസ്ഥയ്ക്ക് ഗുണകരമാണ്. എന്നാല്‍ “ഷട്ടപ്പ് ഇന്ത്യ” നല്ലതല്ലെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.

ചൈന പ്രതിദിനം 50,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ ഇന്ത്യയില്‍ 458 തൊഴിലവസരങ്ങളാണ് ഉണ്ടാകുന്നതെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.

ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്കെതിരെയും രാഹുല്‍ഗാന്ധി രംഗത്ത് വന്നിരുന്നു. ജി.എസ്.ടി, നോട്ടുനിരോധന നയങ്ങള്‍ കൊണ്ട് ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ഐ.സി.യുവിലായെന്ന് രാഹുല്‍ പറഞ്ഞിരുന്നു.