ഷില്ലോങ്: ബി.ജെ.പിയുടെയും, ആര്‍.എസ്.എസിന്റെയും വര്‍ഗീയ രാഷ്ട്രീയത്തെ സ്‌നേഹവും, സാഹോദര്യവും കൊണ്ട് കീഴടക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മേഘാലയയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബി.ജെ.പി ജനങ്ങളെ തമ്മിലടിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും, ഇന്ത്യയിലുടനീളം അവര്‍ അക്രമം അഴിച്ചു വിടുകയാണെന്നും പറഞ്ഞ അദ്ദേഹം, തൃണമൂല്‍ കോണ്‍ഗ്രസ് മേഘാലയയില്‍ മത്സരിക്കാനെടുത്ത തീരുമാനത്തെയും ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചു.
‘ബി.ജെ.പിയും, ആര്‍.എസ്.എസും നമ്മുടെ രാജ്യത്തിന്റെ സാഹോദര്യത്തെ തകര്‍ത്തു കൊണ്ടിരിക്കുന്നു. രാജ്യത്തുടനീളം അവര്‍ അക്രമം അഴിച്ചു വിടുകയാണ്. കര്‍ണാടകയിലും കാശ്മീരിലും തമിഴ്‌നാട്ടിലും നമ്മളത് കണ്ടതാണ്. രാജ്യത്തെല്ലായിടത്തും വിദ്വേഷ ആശയങ്ങള്‍ പ്രചരിപ്പിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. അതിനെ നമ്മള്‍ ഒറ്റക്കെട്ടായി പ്രതിരോധിക്കണം. മറ്റ് മതസ്തരോടും ജനവിഭാഗങ്ങളോടുമുള്ള സ്‌നേഹവും, സാഹോദര്യവും കൊണ്ട് നമുക്കതിനെ പ്രതിരോധിക്കാനാവും,’രാഹുല്‍ പറഞ്ഞു.
അദാനി വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പുലര്‍ത്തുന്ന മൗനം അപകടകരമാണെന്ന് പറഞ്ഞ രാഹുല്‍ പാര്‍ലമെന്റില്‍ താന്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മോദി മറുപടി പറയാന്‍ ഭയക്കുകയാണെന്നും കുറ്റപ്പെടുത്തി. മേഘാലയില്‍ മത്സരിക്കാന്‍ തീരുമാനിച്ച തൃണമൂല്‍ കോണ്‍ഗ്രസിന്റെ തീരുമാനത്തെയും പ്രസംഗത്തിലുടനീളം അദ്ദേഹം വിമര്‍ശിച്ചു.
‘ഗൗതം അദാനിയും നരേന്ദ്ര മോദിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് നിരവധി വാര്‍ത്തകള്‍ വന്നതാണ്. പാര്‍ലമെന്റില്‍ അദാനിയെ കുറിച്ച് ഞാന്‍ ചോദിച്ച ചോദ്യങ്ങള്‍ക്കൊന്നും തന്നെ വ്യക്തമായ മറുപടി തരാന്‍ മോദി ഇത് വരെ തയ്യാറായിട്ടില്ല. അദാനിയുടെ പ്രൈവറ്റ് ജെറ്റില്‍ മോദി വിദേശയാത്ര നടത്തിയതും നമ്മള്‍ കണ്ടതാണ്. ഇതിലൊന്നും തന്നെ യാതൊരു അന്വേഷണവും നടന്നിട്ടില്ല.
തൃണമൂല്‍ കോണ്‍ഗ്രസിന്റെ ചരിത്രം പിന്നെ നമുക്ക് അറിയാവുന്നതല്ലേ. ബംഗാളില്‍ അധികാരം നേടിയ ശേഷം വലിയ രീതിയിലുള്ള അക്രമ സംഭവങ്ങളാണ് അവിടെ അരങ്ങേറിയത്. അവരാദ്യം ഗോവയില്‍ മത്സരിക്കാനെത്തി. തിരഞ്ഞടുപ്പിനായി ഒരു പാട് പണവും ചെലവാക്കി എന്നിട്ടെന്തുണ്ടായി, അവിടെയും ബി.ജെ.പി ജയിച്ചു. ഇതേ തന്ത്രമാണ് മേഘാലയിലും അവര്‍ ചെയ്യാന്‍ പോകുന്നത്. ബി.ജെ.പിയെ അധികാരത്തിലെത്തിക്കലാണ് അവരുടെ ലക്ഷ്യം,’ രാഹുല്‍ പറഞ്ഞു.