കഴിഞ്ഞ വര്‍ഷം നടന്ന ട്വന്റി-20 ലോകകപ്പിന് ശേഷമാണ് മുന്‍ ഇന്ത്യന്‍ നായകന്‍ രാഹുല്‍ ദ്രാവിഡ് ഇന്ത്യയുടെ കോച്ചായി അരങ്ങേറിയത്. ദ്രാവിഡിന് കീഴില്‍ ന്യൂസിലാന്‍ഡ്, ശ്രീലങ്ക, വെസ്റ്റ് ഇന്‍ഡീസ് എന്നിവര്‍ക്കെതിരെ പരമ്പരകള്‍ ഇന്ത്യ വിജയിച്ചിരുന്നു.
ദക്ഷിണാഫ്രിക്കക്കെതിരെ കഴിഞ്ഞ ദിവസം അവസാനിച്ച പരമ്പര സമനിലയില്‍ കലാശിച്ചിരുന്നു. ദക്ഷിണാഫ്രിക്കക്കെതിരെ അവരുടെ നാട്ടില്‍ ഏകദിന പരമ്പരയും ടെസ്റ്റ് പരമ്പരയും ദ്രാവിഡിന്റെ കീഴില്‍ ഇന്ത്യ തോറ്റിരുന്നു.
കഴിഞ്ഞ ദിവസം പര്യവസാനിച്ച ഇന്ത്യ-ദക്ഷിണാഫ്രിക്ക പരമ്പരയിലെ അവസാന മത്സരം മഴ കാരണം മുടങ്ങിയിരുന്നു. അഞ്ചാം മത്സരത്തിന് മുമ്പ് തന്റെ കോചിങ് കരിയറിനെ കുറിച്ച് ദ്രാവിഡ് സംസാരിച്ചിരുന്നു.
കോച്ചിങ് കരിയര്‍ നല്ല ആവേശകരമായിരുന്നു എന്നാല്‍ അതുപോലെ വെല്ലുവിളികള്‍ നിറഞ്ഞതുമായിരുന്നുവെന്നും ദ്രാവിഡ് കൂട്ടിച്ചേര്‍ത്തു.
‘ഇത് വളരെ ആവേശകരമായിരുന്നു, നല്ല രസമായിരുന്നു. കോച്ചായുള്ള യാത്ര വെല്ലുവിളി നിറഞ്ഞതായിരുന്നു, കഴിഞ്ഞ എട്ട് മാസത്തിനുള്ളില്‍ എനിക്ക് ജോലി ചെയ്യേണ്ടി വന്ന ആറ് ക്യാപ്റ്റന്‍മാര്‍ ഉണ്ടായിട്ടുണ്ട്. ഇത് ഞാന്‍ തുടങ്ങിയപ്പോള്‍ പ്ലാന്‍ ചെയ്തിരുന്നില്ല. എന്നാല്‍ കൊവിഡിന്റെ സ്വഭാവവും ഞങ്ങള്‍ കളിക്കുന്ന നിരവധി ഗെയിമുകളുടെ സ്വഭാവവും കണക്കിലെടുത്താണ് ഇത്തരത്തിലുള്ള മാറ്റങ്ങള്‍ വന്നത്,’ ദ്രാവിഡ് പറഞ്ഞു.
കളിക്കാരെ നിയന്ത്രിക്കുന്നതും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുന്നതും ഒരു ഫണ്‍ ആയിട്ടാണ് താന്‍ കാണുന്നത്. എന്നാല്‍ അതിന് അതിന്റേതായ വെല്ലുവിളികളുമുണ്ടായിരുന്നുവെന്നും ദ്രാവിഡ് പറഞ്ഞു.
‘സ്‌ക്വാഡിനെ നിയന്ത്രിക്കുന്നതും കളിക്കാരുടെ ജോലിഭാരം നിയന്ത്രിക്കുന്നതും ക്യാപ്റ്റന്‍സിയിലെ ചില മാറ്റങ്ങളും നിങ്ങള്‍ക്കറിയാം, അതിനാല്‍ എനിക്ക് കുറച്ച് ആളുകളുമായി പ്രവര്‍ത്തിക്കേണ്ടി വന്നു, അത് വെല്ലുവിളി നിറഞ്ഞതാണ്, പക്ഷേ വളരെ രസകരമായിരുന്നു,’ ദ്രാവിഡ് കൂട്ടിച്ചേര്‍ത്തു.
താന്‍ പ്രതീക്ഷച്ചതിനുമപ്പുറം ക്യാപ്റ്റന്‍മാരെ മാറ്റേണ്ടി വന്നെന്നും എന്നാല്‍ ടീമിനെ അത് വലുതായ ബാധിച്ചിട്ടില്ല എന്നാണ് ദ്രാവിഡ് പറയുന്നത്. ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് തോറ്റതില്‍ ഒരുപാട് നിരാശയുണ്ടെന്നും ദ്രാവിഡ് കൂട്ടിച്ചേര്‍ത്തു.
‘ടീമില്‍ കളിക്കാന്‍ ഒരുപാട് പേര്‍ക്ക് അവസരം ലഭിക്കുകയും, കൂടുതല്‍ ക്യാപ്റ്റനമാരെ സൃഷ്ടിക്കാനും അവസരം കിട്ടി. ഒരു ടീമെന്ന നിലയില്‍, ഞങ്ങള്‍ നിരന്തരം പഠിക്കുന്നു, കഴിഞ്ഞ 8-10 മാസങ്ങളില്‍ കൂടുതല്‍ ആളുകളെ പരീക്ഷിക്കാന്‍ അവസരം ലഭിച്ചു. അത് നന്നായിരുന്നുവെന്ന് ഞാന്‍ കരുതുന്നു. കഴിഞ്ഞ 8 മാസത്തേക്ക് തിരിഞ്ഞുനോക്കിയാല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന ടെസ്റ്റ് പരമ്പരയുടെ കാര്യത്തില്‍ ഞാന്‍ നിരാശയായിരുന്നു,’ അദ്ദേഹം പറഞ്ഞു.
രവി ശാസ്ത്രിയക്ക് ശേഷമാണ് ദ്രാവിഡ് ഇന്ത്യന്‍ കോച്ചായി മാറുന്നത്. ഈ വര്‍ഷം നടക്കാനിരിക്കുന്ന ട്വന്റി-20 ലോകകപ്പില്‍ മികച്ച പ്രകടനമാണ് ഇന്ത്യന്‍ ടീമില്‍ നിന്നും ആരാധകര്‍ പ്രതീക്ഷിക്കുന്നത്.