'ഒരു മോദി ജനങ്ങളുടെ 30,000 കോടി മറ്റൊരു മോദിക്കു നല്‍കുന്നു'; നരേന്ദ്രമോദിക്കെതിരെ അങ്കത്തിനു തയ്യാറെന്ന് രാഹുല്‍ ഗാന്ധി
National
'ഒരു മോദി ജനങ്ങളുടെ 30,000 കോടി മറ്റൊരു മോദിക്കു നല്‍കുന്നു'; നരേന്ദ്രമോദിക്കെതിരെ അങ്കത്തിനു തയ്യാറെന്ന് രാഹുല്‍ ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 19th March 2018, 8:19 am

ന്യൂദല്‍ഹി: പ്രധാനമന്ത്രിയേയും ബി.ജെ.പിയേയും കടന്നാക്രമിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. എ.ഐ.സി.സി പ്ലീനറി സമ്മേളനത്തിലായിരുന്നു രാഹുലിന്റെ വിമര്‍ശനം.

കോര്‍പ്പറേറ്റ് മുതലാളിമാരുമായി മോദിയ്ക്ക് അവിശുദ്ധ കൂട്ടുകെട്ടാണ് ഉള്ളതെന്ന് രാഹുല്‍ പറഞ്ഞു.

“ഒരു മോദി ജനങ്ങളുടെ 30,000 കോടി മറ്റൊരു മോദിക്കു നല്‍കുന്നു. രണ്ടാമത്തെ മോദി, തെരഞ്ഞെടുപ്പ് നേരിടാനും സ്വയം വിപണനം ചെയ്യാനുമുള്ള പണം മോദിക്കു നല്‍കുന്നു.”


Also Read:  ‘അദ്ദേഹം ഒരേസമയം സര്‍ദാറും ‘അസര്‍ദാറും”; മന്‍മോഹന്‍ സിങ്ങിനെതിരായ പരാമര്‍ശത്തില്‍ മാപ്പു പറഞ്ഞ് മുന്‍ ബി.ജെ.പി എം.പി നവജ്യോത് സിങ് സിദ്ധു


 

ബി.ജെ.പിയും ആര്‍.എസ്.എസും ആധുനിക ഇന്ത്യയിലെ കൗരവരാണെന്നും ബിജപിയെ നയിക്കുന്നതു കൊലക്കേസ് പ്രതിയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

“നൂറ്റാണ്ടുകള്‍ക്കുമുന്‍പ് കുരുക്ഷേത്രയില്‍ വലിയൊരു യുദ്ധം നടന്നു. കൗരവര്‍ കരുത്തരും ധിക്കാരികളുമായിരുന്നു. എന്നാല്‍ പാണ്ഡവര്‍ എളിമയുള്ളവരും സത്യത്തിനുവേണ്ടി പോരാടിയവരും ആയിരുന്നു. കൗരവരെപ്പോലെയാണ് ബി.ജെ.പിയും ആര്‍.എസ്എസും അധികാരത്തിനുവേണ്ടി പോരാടുകയാണ്, എന്നാല്‍ കോണ്‍ഗ്രസ് സത്യത്തിനായാണ് നിലകൊള്ളുന്നത്, അവര്‍ പാണ്ഡവരെപ്പോലെയാണ്.”


Also Read:  സാമ്പത്തിക നിക്ഷേപ തട്ടിപ്പില്‍പ്പെട്ട് ദ്രാവിഡും; വിക്രം ഇന്‍വെസ്റ്റ്‌മെന്റ് 4 കോടി രൂപ തട്ടിയെടുത്തതായി രാഹുലിന്റെ പരാതി


 

ബി.ജെ.പി ഒരു പാര്‍ട്ടിയുടെ മാത്രം ശബ്ദമാണ് എന്നാല്‍ കോണ്‍ഗ്രസിന്റേതു രാജ്യത്തിന്റെ ശബ്ദമാണ്. രാജ്യത്തെ ഒറ്റക്കെട്ടാക്കി മുന്നോട്ടുകൊണ്ടുപോകാന്‍ കോണ്‍ഗ്രസിനേ കഴിയൂ. ബി.ജെ.പി വിദ്വേഷമെന്ന വികാരമാണ് ഉപയോഗിക്കുന്നത്. എന്നാല്‍ നമ്മള്‍ സ്നേഹമെന്ന വികാരമാണ് ഉപയോഗിക്കുന്നത്. ഈ രാജ്യം എല്ലാവരുടേതുമാണ്. കോണ്‍ഗ്രസ് എന്തുചെയ്താലും അതു രാജ്യത്തിനു വേണ്ടിയാണ്, രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

നുണകളില്‍ ഇന്ത്യ ജീവിക്കുമോ? അതോ സത്യത്തെ നേരിടാനുള്ള ധൈര്യം ഇന്ത്യയ്ക്കുണ്ടാകുമോ? ഇന്ന് അഴിമതിക്കാരും ശക്തരുമാണ് രാജ്യത്തിന്റെ സംവാദത്തെ നിയന്ത്രിക്കുന്നത്. കര്‍ഷകര്‍ ആത്മഹത്യചെയ്യുമ്പോള്‍ മോദി യോഗ ചെയ്യുകയായിരുന്നു എന്നും രാഹുല്‍ പറഞ്ഞു. രാജ്യം നേരിടുന്ന പ്രധാനപ്പെട്ട വിഷയങ്ങളിലെല്ലാം മോദിക്ക് മൗനമാണെന്നും തൊഴിലില്ലായ്മ പോലുള്ള വിഷയങ്ങളില്‍ മോദിയുടേത് കുറ്റകരമായ മൗനമാണെന്നും രാഹുല്‍ പറഞ്ഞു.

Watch This Video