Entertainment
ഇത് എന്റെ പ്രേക്ഷകർക്ക് വേണ്ടിയുള്ള ചിത്രമാണെന്ന് അമൽ നീരദ്, വർക്കാവുമോയെന്ന് സംശയമുണ്ടായിരുന്നു: റഹ്മാൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Oct 19, 04:47 pm
Saturday, 19th October 2024, 10:17 pm

ആദ്യ ചിത്രമായ ബിഗ് ബിയിലൂടെ തന്നെ വലിയ പ്രേക്ഷക സ്വീകാര്യത നേടിയ സംവിധായകനാണ് അമൽ നീരദ്. ചിത്രം ബോക്സ് ഓഫീസിൽ പരാജയപ്പെട്ടെങ്കിലും മലയാളികളുടെ മനസ്സിൽ അമൽ നീരദ് എന്ന സംവിധായകനെ അടയാളപ്പെടുത്താൻ ആ സിനിമയ്ക്ക് കഴിഞ്ഞിരുന്നു. തുടർന്ന് വന്ന സാഗർ ഏലിയാസ് ജാക്കി, അൻവർ, വരത്തൻ തുടങ്ങിയ സിനിമകളെല്ലാം പ്രേക്ഷകർക്കിടയിൽ സ്ഥാനം നേടി.

ആസിഫ് അലി, ഇന്ദ്രജിത്ത്, വിനായകൻ തുടങ്ങി യുവതാരങ്ങളെ അണിനിരത്തി അമൽ നീരദ് ഒരുക്കിയ ചിത്രമായിരുന്നു ബാച്ചിലർ പാർട്ടി. റഹ്മാനും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തിയിരുന്നു. ബാച്ചിലർ പാർട്ടിയിൽ അഭിനയിച്ച അനുഭവം പങ്കുവെക്കുകയാണ് അമൽ.

ബ്ലാക്ക് എന്ന ചിത്രം മുതൽ അമൽ നീരദിനെ അറിയാമെന്നും ബാച്ചിലർ പാർട്ടിയുടെ കഥ കേട്ടപ്പോൾ പ്രേക്ഷകർക്ക് വർക്കാവുമോയെന്ന് തനിക്ക് സംശയമുണ്ടായിരുന്നുവെന്നും റഹ്മാൻ പറയുന്നു. എന്നാൽ ഇത് അമൽ നീരദിന്റെ പ്രേക്ഷകർക്ക് വേണ്ടിയുള്ള സിനിമയാണെന്ന് അമൽ പറഞ്ഞെന്നും അങ്ങനെ ചെയ്ത വ്യത്യസ്ത ചിത്രമാണ് ബാച്ചിലർ പാർട്ടിയെന്നും റഹ്മാൻ പറഞ്ഞു. ദി ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ബ്ലാക്ക് എന്ന ചിത്രത്തിൽ നേരത്തെ അമൽ എന്റെ സിനിമോട്ടോഗ്രാഫറായിരുന്നു. ഒരിക്കൽ അമൽ എന്നോട് പറഞ്ഞു, ഇങ്ങനെയൊരു സംഭവമുണ്ടെന്ന്. സിനിമയിൽ അഭിനയിക്കുന്നവരെ കുറിച്ചൊക്കെ പറഞ്ഞു.

കഥയും ബാക്കിയുള്ള കാര്യങ്ങളുമൊക്കെ എനിക്കിഷ്ടപ്പെട്ടു. ഒരു വ്യത്യസ്തമായ കിക്ക് ആസ് ഫിലിം പോലൊരു സിനിമയായിരുന്നു ബാച്ചിലർ പാർട്ടി. പക്ഷെ സിനിമ പ്രേക്ഷകർക്ക് വർക്കാവുമോയെന്ന് എനിക്കൊരു സംശയം ഉണ്ടായിരുന്നു.

പക്ഷെ അപ്പോൾ അമൽ പറഞ്ഞത്, പുള്ളിക്കൊരു ഓഡിയൻസുണ്ട് എന്നായിരുന്നു. അവരെ മനസിൽ കണ്ടുകൊണ്ടാണ് ഈ സിനിമ ചെയ്യുന്നതെന്ന് അമൽ പറഞ്ഞു.

സിനിമ തിയേറ്ററിൽ വലിയ വിജയമായില്ലെങ്കിലും ഒരു അഭിനേതാവെന്ന നിലയിൽ എനിക്ക് പുതിയൊരു അനുഭവമായിരുന്നു ആ ചിത്രം. വേറിട്ട സ്റ്റൈലിൽ ഒരു സിനിമ ചെയ്യാനും കഥാപാത്രം ചെയ്യാനും അതിലൂടെ സാധിച്ചു. ഞാൻ മുമ്പൊന്നും അങ്ങനെ ചെയ്തിട്ടില്ല. അതുകൊണ്ട് ഞാൻ ഹാപ്പിയായിരുന്നു,’റഹ്മാൻ പറയുന്നു.

Content Highlight: Rahman About Bachelor Party Movie