റീ റിലീസ് ചെയ്തപ്പോള്‍ ജഗതിയുടെ കഥാപാത്രത്തെ എന്തിന് ഒഴിവാക്കി? മറുപടിയുമായി രഘുനാഥ് പലേരി
Entertainment
റീ റിലീസ് ചെയ്തപ്പോള്‍ ജഗതിയുടെ കഥാപാത്രത്തെ എന്തിന് ഒഴിവാക്കി? മറുപടിയുമായി രഘുനാഥ് പലേരി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 5th August 2024, 5:16 pm

കാലം തെറ്റിയിറങ്ങിയ ചിത്രമെന്ന് പലരും വിശേഷിപ്പിച്ച സിനിമയാണ് 2000ത്തില്‍ പുറത്തിറങ്ങിയ ദേവദൂതന്‍. രഘുനാഥ് പലേരിയുടെ തിരക്കഥയില്‍ മോഹന്‍ലാലിനെ നായകനാക്കി സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രം അന്നത്തെ കാലത്ത് പ്രേക്ഷകര്‍ കൈയൊഴികയാണുണ്ടായത്. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം ദേവദൂതനെ ക്ലാസിക്കെന്ന് പലരും വാഴ്ത്തി. സാങ്കേതികവിദ്യയുടെ സഹായത്തോടെ 4K റീമാസ്‌റ്റേര്‍ഡ് വേര്‍ഷന്‍ തിയേറ്ററുകളിലെത്തിയിരുന്നു.

ഒരുപാട് മാറ്റങ്ങളോടെയാണ് റീമാസ്‌റ്റേര്‍ഡ് വേര്‍ഷന്‍ റിലീസ് ചെയ്തത്. മോഹന്‍ലാലിന്റെ ഇന്‍ട്രോ ഫൈറ്റ് ഒഴിവാക്കിയിരുന്നു. അതോടൊപ്പം ജഗതി ശ്രീകുമാറിനെ കാണിക്കുന്ന സീനുകളെല്ലാം സിനിമയില്‍ നിന്ന് നീക്കം ചെയ്യുകയുമുണ്ടായി. ചിത്രത്തിന്റെ മിസ്റ്ററി മൂഡുമായി ചേര്‍ന്നു നില്‍ക്കാത്ത സീനുകളാണ് ജഗതിയുടേതെന്ന് അന്ന് വിമര്‍ശനങ്ങളുണ്ടായിരുന്നു.

ജഗതിയെപ്പോലെ വേഴ്‌സാറ്റൈല്‍ ആയിട്ടുള്ള നടനെ വെച്ച് ചെയ്ത സീനുകള്‍ മോശമാണെന്ന് അന്ന് തോന്നിയില്ലെന്ന് പറയുകയാണ് തിരക്കഥാകൃത്ത് രഘുനാഥ് പലേരി. ഒരു സിനിമ പലരും കാണുന്നത് പല രീതിയിലാണെന്നും ചിലര്‍ക്ക് ഇഷ്ടമായ കാര്യങ്ങള്‍ മറ്റ് ചിലര്‍ക്ക് ഇഷ്ടമാകില്ലെന്ന് രഘുനാഥ് പലേരി പറഞ്ഞു. അത്തരത്തില്‍ പലരിലും വന്ന വിമര്‍ശനമാണ് ജഗതിയുടെ സീനുകള്‍ കല്ലുകടിയായി തോന്നി എന്നതെന്നും രഘുനാഥ് പലേരി കൂട്ടിച്ചേര്‍ത്തു. ജിഞ്ചര്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് രഘുനാഥ് പലേരി ഇക്കാര്യം പറഞ്ഞത്.

‘ജഗതി അവതരിപ്പിച്ച ഡാന്‍സ് അച്ഛനെ ആദ്യ മുതല്‍ കോമഡിയുടെ ആംഗിളിലാണ് അവതരിപ്പിച്ചത്. ആ സമയത്ത് ദേവദൂതനില്‍ പ്രധാനപ്പെട്ട കഥാപാത്രങ്ങളിലൊന്നായിരുന്നു ഡാന്‍സ് അച്ഛന്‍. ഇപ്പോള്‍ നമ്മള്‍ ഒരു കറിയുണ്ടാക്കുമ്പോള്‍ അതില്‍ ചിലര്‍ക്ക് എരിവ് കൂടുതലായും ചലര്‍ക്ക് കുറവായും തോന്നുമല്ലോ. മിസ്റ്ററിയുടെയും ഹൊററിന്റെയും ഇടയില്‍ അദ്ദേഹത്തിന്റെ കോമഡികള്‍ ഇഷ്ടമാകുമെന്ന് കരുതി. പക്ഷേ ഒരു സിനിമയെ പലരും പല ആംഗിളിലാണല്ലോ കാണുന്നത്.

അതായത് ഒരു തിയേറ്റിലിരുന്ന് നൂറ് പേര്‍ സിനിമ കാണുന്നുണ്ടെങ്കില്‍ നൂറ് പേരും കാണുന്നത് വെവ്വേറെ സിനിമയാണ്. ചിലര്‍ക്ക് ഇഷ്ടപ്പെടുന്ന കാര്യം വേറെ ചിലര്‍ക്ക് ഇഷ്ടമാകില്ല. എല്ലാവര്‍ക്കും ഇഷ്ടമാകുന്ന തരത്തില്‍ സിനിമ ചെയ്യാന്‍ ഒരു കാലത്തും പറ്റില്ല. വിമര്‍ശനങ്ങള്‍ പല ഭാഗത്ത് നിന്ന് വരുമ്പോള്‍ അതിനനുസരിച്ച് നടക്കുക എന്നത് ചില സമയത്ത് പോസിബിളാവണമെന്നില്ല,’ രഘുനാഥ് പലേരി പറഞ്ഞു.

Content Highlight: Raghunath Paleri about Jagathy Sreekumar’s character in Devadoothan