എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രം തന്റെ കണ്ണുനീർ ആണെന്ന് നടൻ പൃഥ്വിരാജ് പറഞ്ഞിട്ടുണ്ടെന്ന് സംവിധായകൻ ആർ.എസ് വിമൽ. താനല്ല ചിത്രം സംവിധാനം ചെയ്തതെന്നും പൃഥ്വിരാജാണ് അത് നിർവഹിച്ചതെന്നുമുള്ള വാർത്തകൾ പരത്തിയവർ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. പോപ്പർ സ്റ്റോപ്പ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചിത്രത്തെപ്പറ്റിയുള്ള അഭ്യൂഹങ്ങളെപ്പറ്റിയുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
‘എന്ന് നിന്റെ മൊയ്തീന്‍ പൃഥ്വിരാജാണ് സംവിധാനം ചെയ്തതെന്നുള്ള കഥകളൊക്കെ പരന്നിരുന്നു. പുള്ളി മാത്രമല്ല, അസോസിയേറ്റ്, ക്യാമറമാൻ തുടങ്ങയവരൊക്കെ സംവിധാനം ചെയ്‌തു എന്ന പേരിൽ കഥ ഇറങ്ങിയിരുന്നു. ഞാൻ ഒഴികെ പലരുടെയും പേര് വന്നിരുന്നു.
രാജുവിനാണ് ഇതിനെപ്പറ്റി ഏറ്റവും നന്നായിട്ടറിയാവുന്നത്. ഷൂട്ട് തുടങ്ങി മുപ്പത്തിയഞ്ചാം ദിവസമാണ് രാജു ജോയിൻ ചെയ്യുന്നത്. പിന്നെ എങ്ങനെയാണ് അത് സംഭവിക്കുന്നത്. രാജു തന്നെ എന്നോട് പലതവണ പറഞ്ഞിട്ടുണ്ട് മലയാള സിനിമയിലേക്ക് വരാൻ പോകുന്ന എറ്റവും മികച്ച സംവിധായകൻ ആർ. എസ്. വിമൽ ആയിരിക്കുമെന്ന്. സിനിമ കഴിഞ്ഞ് പുള്ളി എന്നെ കെട്ടിപ്പിടിച്ചിട്ട് പറഞ്ഞു ഈ ചിത്രം വിമലിന്റെ കണ്ണുനീർ ആണെന്ന്,’ ആർ എസ് വിമൽ പറഞ്ഞു.
അഭിമുഖത്തിൽ കർണൻ എന്ന ചിത്രത്തെപ്പറ്റിയും അദ്ദേഹം സംസാരിച്ചു. ചിത്രത്തിന് വേണ്ടി വളരെ വലിയ രീതിയിലുള്ള പ്രൊമോഷൻ താൽപര്യമില്ലെന്നും ആളുകൾ അനാവശ്യമായി കമന്റുകൾ ചിലപ്പോൾ പറയുമെന്നും അദ്ദേഹം പറഞ്ഞു. കർണൻ എന്ന ചിത്രത്തിന് അധികം പ്രൊമോഷൻ ഇല്ലാത്തത് എന്താണെന്നുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
‘ഞാൻ മൊയ്തീൻ സംവിധാനം ചെയ്യാനിരുന്നപ്പോൾ അതിന്റെ വർക്കുകൾ ചെയ്യുന്നതിനെപ്പറ്റി ആരോടും പറഞ്ഞിരുന്നില്ല. എന്തിനാണ് ഇതെല്ലാം ചെയ്യുന്നത്? ഞാൻ ഇതിനെപ്പറ്റി ഫേസ്ബുക്കിൽ ഇടുകയാണെങ്കിൽ പടം ഒന്ന് വൈകിയാൽ ആളുകൾ ചോദിക്കും വല്ലതും നടക്കുവോടെയ്? അല്ലെങ്കിൽ ഒന്ന് പോടാ എന്ന വിളികളും കാണും. എന്തിനാണ് ആളുകളെക്കൊണ്ട് ഇതൊക്കെ പറയിപ്പിക്കുന്നത്? എനിക്കതിൽ താൽപര്യമില്ല,’ ആർ. എസ് വിമൽ പറഞ്ഞു.