കർണൻ എന്ന ചിത്രം എം.ടി. വാസുദേവൻ നായരുടെ രണ്ടാമൂഴത്തിൽ നിന്നും തികച്ചും വ്യത്യസ്തമായിരിക്കുമെന്ന് സംവിധായകാൻ ആർ. എസ് വിമൽ. കർണൻ ഒരു കൊമേർഷ്യൽ ചിത്രമായിരിക്കുമെന്നും മഹാഭാരതത്തിലെ ചില എപ്പിസോഡുകൾ കർണന്റെ മനസാക്ഷിയുടെ കാണുന്നതാണ് ചിത്രത്തിലെ കഥയെന്നും അദ്ദേഹം പറഞ്ഞു. പോപ്പർ സ്റ്റോപ്പ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കർണനുമായി ഞാൻ ആദ്യം സമീപിക്കുന്നത് അക്ഷര മഹർഷി എന്ന് ഞാൻ വിശേഷിപ്പിക്കുന്ന എം. ടി സാറിനെയാണ്. രണ്ടാമൂഴം എന്റെ ബൈബിൾ ആണ്. എന്റെ പെട്ടിക്കകത്ത് എപ്പോഴും കാണും രണ്ടാമൂഴം. വിദ്യാഭ്യാസകാലം മുതൽ തുടങ്ങിയതാണ് അതിനോടുള്ള ഇഷ്ടം.
എം.ടി ആണ് നമ്മുടെ സ്വപ്ന തുല്യനാനായ എഴുത്തുകാരൻ. അപ്പോൾ കർണനുമായി ഞാൻ ആദ്യം ചെല്ലുന്നത് എം.ടിയുടെ അടുത്തേക്കാണ്. അദ്ദേഹത്തോട് പറഞ്ഞു ഞാൻ ഇത് സിനിമയാക്കാൻ പോകുകയാണെന്ന്.
രണ്ടാമൂഴം സിനിമ ഇറങ്ങുമ്പോൾ ലാലേട്ടനെ ആ വേഷത്തിൽ കാണാനിരിക്കുന്ന പ്രേക്ഷകരിൽ ഒരാളാണ് ഞാൻ. രണ്ടാമൂഴത്തിൽ ഭീമന്റെ യാത്ര എം.ടി സാർ അദ്ദേഹത്തിന്റെ മനസാക്ഷിയിലൂടെ കൊണ്ടുപോയതാണ്. എന്റെ കർണൻ അത്രത്തോളം ഒന്നും എന്നിലൂടെ കടന്നുപോയിയിട്ടില്ല. മഹാഭാരതത്തിലെ ചില എപ്പിസോഡുകൾ കർണന്റെ ഭാഗത്തുനിന്നും നമ്മൾ നോക്കിക്കാണുന്ന കഥയാകും ഇത്.
കർണൻ ഒരു കൊമേർഷ്യൽ ചിത്രമായിരിക്കും. ഒരു റിയലിസ്റ്റിക് രീതിയിലാണ് അതിനെ സമീപിച്ചിരിക്കുന്നത്,’ വിമൽ പറഞ്ഞു.
പ്രിത്വിരാജിനെ നായകനാക്കി ആർ. എസ് വിമൽ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമാണ് കർണൻ. ചിത്രത്തിന്റെ പ്രമേയം മഹാഭാരത കഥ തന്നെയാണ്. അണിയറ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്ന ചിത്രത്തിന്റെ ആദ്യ മോഷന്‍ പോസ്റ്റര്‍ 2016ൽ പുറത്തിറങ്ങിയിരുന്നു. ബാഹുബലിയുടെ ഛായാഗ്രാഹകനായ സെന്തില്‍കുമാര്‍ ആണ് കര്‍ണന്റെ ഛായാഗ്രാഹകന്‍. ഗോപി സുന്ദറാണ് സംഗീതം. 45 കോടി മുതല്‍ മുടക്കില്‍ ഒരുക്കുന്ന ചിത്രം വേണുവാണ് നിര്‍മിക്കുന്നത്. ഗംഗ, ഹരിദ്വാര്‍ എന്നിവിടങ്ങളിലായിരിക്കും സിനിമയുടെ ലൊക്കേഷന്‍. പൃഥ്വിരാജിനെ കൂടാതെ തമിഴില്‍ നിന്നും പ്രശസ്തതാരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.