‘എന്ന് നിന്റെ മൊയ്‌തീൻ’ എന്ന ചിത്രത്തിൻറെ കഥ മലയാളത്തിന്റെ ഒട്ടുമിക്ക അഭിനേതാക്കളോടും പറഞ്ഞിട്ടുണ്ടെന്ന് സംവിധായകൻ ആർ. എസ് വിമൽ. മോഹൻലാൽ ഒഴികെ ഒട്ടുമിക്ക നടന്മാരും ചിത്രം കയ്യൊഴിഞ്ഞെന്നും താൻ സംവിധാന മേഖലയിൽ പുതുമുഖമാണെന്നുള്ള ധാരണ ഉണ്ടായിരുന്നതുകൊണ്ടാകാം അഭിനേതാക്കൾ ചിത്രത്തിൽ നിന്നും ഒഴിഞ്ഞുമാറിയതെന്നും അദ്ദേഹം പറഞ്ഞു. പോപ്പർ സ്റ്റോപ്പ് മലയാളം എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ആർ.എസ്. വിമൽ.
‘മോഹൻലാൽ സാർ ഒഴികെ മലയാള സിനിമയിലെ അത്യാവശ്യം എല്ലാവരും എന്ന് നിന്റെ മൊയ്‌തീൻ എന്ന ചിത്രത്തിൻറെ കഥ കേൾക്കുകയും ഒഴിവാക്കുകയും ചെയ്തു.
ഞാൻ ഈ ഡോക്യുമെന്ററിയുമായി ചെന്നാൽ ആളുകൾ എങ്ങനെ അംഗീകരിക്കും? അതായത് ഒരിടത്ത് കാഞ്ചന എന്നൊരു പെൺകുട്ടിയുണ്ട് അവൾക്ക് മൊയ്‌തീൻ എന്നൊരു കാമുകൻ ഉണ്ട്. അവർ തമ്മിൽ പ്രേമിക്കുന്നു, അതിനായി ഭാഷയുണ്ടാക്കുന്നു. അവസാനം മഴ പെയ്യുമ്പോൾ ഉണ്ടാകുന്ന തോണി അപകടത്തിൽ മൊയ്‌തീൻ മരിക്കുമ്പോൾ കാഞ്ചന കാത്തിരിക്കുന്നു, ഇത്രയും പറഞ്ഞാൽ ആരെയെങ്കിലും കിട്ടുമോ?
പിന്നെ ഇതിന്റെ പ്രധാന സംഭവം എന്തെന്നാൽ, ഞാൻ സമീപിച്ച മിക്ക വലിയ താരങ്ങൾക്കും അവർ എടുത്ത തീരുമാനം കൃത്യവും സത്യസന്തവുമാണ്. കാരണം ഞാൻ ഈ മേഖലയിൽ അപരിചിതനാണ്. അത്തരത്തിൽ, ഇത്രയും ഒരു ഹെവി സാധനം എന്നെക്കൊണ്ട് എങ്ങനെ ചെയ്യാൻ സാധിക്കുമെന്ന് അവർക്ക് തോന്നിക്കാണും,’ വിമൽ പറഞ്ഞു.
അഭിമുഖത്തിൽ എന്ന് നിന്റെ മൊയ്തീന്‍ തന്റെ കണ്ണുനീർ ആണെന്ന് നടൻ പൃഥ്വിരാജ് പറഞ്ഞിട്ടുണ്ടെന്ന് ആർ.എസ് വിമൽ പറഞ്ഞു. താനല്ല ചിത്രം സംവിധാനം ചെയ്തതെന്നും പൃഥ്വിരാജാണ് അത് നിർവഹിച്ചതെന്നുമുള്ള വാർത്തകൾ പരത്തിയവർ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘എന്ന് നിന്റെ മൊയ്തീന്‍ പൃഥ്വിരാജാണ് സംവിധാനം ചെയ്തതെന്നുള്ള കഥകളൊക്കെ പരന്നിരുന്നു. പുള്ളി മാത്രമല്ല, അസോസിയേറ്റ്, ക്യാമറമാൻ തുടങ്ങിയവരൊക്കെ സംവിധാനം ചെയ്‌തു എന്ന പേരിൽ കഥ ഇറങ്ങിയിരുന്നു. ഞാൻ ഒഴികെ പലരുടെയും പേര് വന്നിരുന്നു.
രാജുവിനാണ് ഇതിനെപ്പറ്റി ഏറ്റവും നന്നായിട്ടറിയാവുന്നത്. ഷൂട്ട് തുടങ്ങി മുപ്പത്തിയഞ്ചാം ദിവസമാണ് രാജു ജോയിൻ ചെയ്യുന്നത്. പിന്നെ എങ്ങനെയാണ് അത് സംഭവിക്കുന്നത്. രാജു തന്നെ എന്നോട് പലതവണ പറഞ്ഞിട്ടുണ്ട് മലയാള സിനിമയിലേക്ക് വരാൻ പോകുന്ന എറ്റവും മികച്ച സംവിധായകൻ ആർ. എസ്. വിമൽ ആയിരിക്കുമെന്ന്. സിനിമ കഴിഞ്ഞ് പുള്ളി എന്നെ കെട്ടിപ്പിടിച്ചിട്ട് പറഞ്ഞു ഈ ചിത്രം വിമലിന്റെ കണ്ണുനീർ ആണെന്ന്,’ ആർ എസ് വിമൽ പറഞ്ഞു.
content highlights: R.S Vimal on Ennu Ninte Moideen movie and Mohanlal