2024 ഐ.പി.എല്‍ താരലേലത്തില്‍ ന്യൂസിലാന്‍ഡ് ബാറ്റര്‍ ഡാരില്‍ മിച്ചലിനെ 14 കോടിക്ക് ചെന്നൈ സൂപ്പര്‍ കിങ്സ് സ്വന്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ ഡാരില്‍ മിച്ചലിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പേസര്‍ ആര്‍.പി സിങ്.
ടീമിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നില്ലെങ്കില്‍ ന്യൂസിലാന്‍ഡ് ബാറ്ററിന് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ പ്ലെയിങ് ഇലവനില്‍ അവസരം ലഭിക്കില്ലെന്നാണ് ആര്‍. പി സിങ് പറഞ്ഞത്.
‘ചില ടീമുകള്‍ വമ്പന്‍ തുക കൊടുത്തുള്ള താരങ്ങളെ വാങ്ങിയാണ് അവരുടെ ടീമിന്റെ സ്‌ക്വാഡ് ശക്തിപ്പെടുത്തുക. എന്നാല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് അങ്ങനെ ഒരു ടീമല്ല. അവര്‍ മിച്ചലിന് 14 കോടി രൂപയാണ് നല്‍കിയത്. എന്നാല്‍ അവന്‍ ചെന്നൈയുടെ ടീമിന് ചേരുന്നില്ലെങ്കില്‍ ഈ സീസണ്‍ മുഴുവനും അവനെ അവര്‍ കളിപ്പിക്കില്ല.
കഴിഞ്ഞ വര്‍ഷം ബെന്‍ സ്റ്റോക്‌സും ഇതേപോലെയായിരുന്നു. ബെന്‍ സ്റ്റോക്‌സിന് രണ്ട് മത്സരങ്ങള്‍ മാത്രമേ ചെന്നൈക്കായി ഇറങ്ങാന്‍ സാധിച്ചിട്ടുള്ളൂ. അതുകൊണ്ടുതന്നെ സി. എസ്. കെയില്‍ ഒരു നിര്‍ണായക കളിക്കാരനാണെങ്കില്‍ പോലും അവന്‍ പുറത്തിരിക്കേണ്ടി വരും,’ ആര്‍.പി സിങ് ജിയോ സിനിമയിലൂടെ പറഞ്ഞു.
കഴിഞ്ഞ ഐ.സി.സി ഏകദിന ലോകകപ്പില്‍ ന്യൂസിലാന്‍ഡിനായി മികച്ച പ്രകടനമാണ് ഡാരില്‍ മിച്ചല്‍ കാഴ്ചവെച്ചത്. രണ്ട് സെഞ്ച്വറികളും രണ്ട് അര്‍ദ്ധസെഞ്ചറുകളും നേടി കൊണ്ട് മികച്ച പ്രകടനമാണ് കിവീസ് ബാറ്റര്‍ നടത്തിയത്.
Obviously, being part of CSK will be an exciting time, says Daryl Mitchell on Rs 14 crore IPL auction deal https://t.co/WDcQmehULc#CSK #DarylMitchell #IPL2024Auction #ChennaiSuperKings #RajasthanRoyals #YesPunjab
— YesPunjab.com (For Punjabi follow @BawaHs) (@yespunjab) December 20, 2023
ഇന്ത്യക്കെതിരെയായിരുന്നു മിച്ചല്‍ രണ്ട് സെഞ്ച്വറികളും നേടിയത്. ഓസ്‌ട്രേലിയന്‍ മുന്‍ നായകന്‍ റിക്കി പോണ്ടിങ് ആയിരുന്നു ഇതിനുമുമ്പ് ഈ നേട്ടം സ്വന്തമാക്കിയിരുന്നത്. പോണ്ടിങ്ങിനെ മറികടന്നുകൊണ്ടായിരുന്നു മിച്ചലിന്റെ മുന്നേറ്റം.
ഈ മികച്ച പ്രകടനങ്ങളുടെ പശ്ചാത്തലത്തിലാണ് ഐ.പി.എല്‍ താരലേലത്തില്‍ മികച്ച നേട്ടം കൊയ്തത്.
Content Highlight: R.P Singh talks about the Daryl Mitchell signing of Chennai super kings.