സഞ്ജു ഇപ്പോഴും സേഫ് അല്ല, പേടിക്കേണ്ടത് ആ രണ്ട് താരങ്ങളെ: തുറന്ന് പറഞ്ഞ് ആര്‍.പി. സിങ്
Sports News
സഞ്ജു ഇപ്പോഴും സേഫ് അല്ല, പേടിക്കേണ്ടത് ആ രണ്ട് താരങ്ങളെ: തുറന്ന് പറഞ്ഞ് ആര്‍.പി. സിങ്
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 16th November 2024, 9:52 am

സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ ടി-20 പരമ്പരയിലെ അവസാന മത്സരത്തിലും വമ്പന്‍ വിജയം സ്വന്തമാക്കി ഇന്ത്യ. ജോഹന്നാസ്ബര്‍ഗില്‍ നടന്ന മത്സരത്തില്‍ 135 റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇതോടെ 3-1ന് പരമ്പര സ്വന്തമാക്കാനും ഇന്ത്യയ്ക്ക് സാധിച്ചു.

മത്സരത്തില്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 283 റണ്‍സിന്റെ പടുകൂറ്റന്‍ സ്‌കോറാണ് ഉയര്‍ത്തിയത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പ്രോട്ടിയാസ് 18.2 ഓവറില്‍ 148 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു.

ഇന്ത്യയെ കൂറ്റന്‍ സ്‌കോറില്‍ എത്തിച്ചത് മലയാളി സൂപ്പര്‍ താരം സഞ്ജു സാംസനും തിലക് വര്‍മയുമാണ്. ഇരുവരും സെഞ്ച്വറി നേടിയാണ് ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചത്. ബാക്ക് ടു ബാക്ക് സെഞ്ച്വറിക്ക് ശേഷം കഴിഞ്ഞ രണ്ടു മത്സരങ്ങളിലും 0 റണ്‍സിന് പുറത്തായ സഞ്ജുവിന്റെ വമ്പന്‍ തിരിച്ചുവരവിനാണ് ക്രിക്കറ്റ് ലോകം സാക്ഷിയായത്.

മത്സരത്തിന് ശേഷം സഞ്ജുവിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പേസര്‍ ആര്‍.പി. സിങ്. ആനന്ദ് ത്യാഗിയുമായുള്ള സെക്ഷനില്‍ 2026 ടി-20 ലോകകപ്പില്‍ സഞ്ജു ഇടം നേടുമോ എന്ന ചോദ്യത്തിന് ഉത്തരം പറയുകയായിരുന്നു സിങ്. സഞ്ജുവിന് ഇപ്പോഴും തന്റെ സ്ഥാനം ഉറപ്പിക്കാന്‍ സാധിച്ചിട്ടില്ലെന്നാണ് സിങ് പറഞ്ഞത്.

‘സഞ്ജുവിന്റെ ഇപ്പോഴത്തെ പ്രകടനങ്ങള്‍ കണ്ടാല്‍ നിങ്ങള്‍ മികച്ചവന്‍ ആണെന്ന് പറയാം. പക്ഷേ ലോകകപ്പില്‍ ഒരുപാട് സമയം ബാക്കിയുണ്ട്. ശുഭ്മാന്‍ ഗില്ലും യശസ്വി ജെയ്സ്വാളും മത്സരത്തിനുണ്ടെന്ന കാര്യം മറക്കരുത്. അവര്‍ മികച്ച താരങ്ങളാണ്. സഞ്ജുവിന് വെല്ലുവിളി ഉറപ്പ്,

ഒരേ പരമ്പരയില്‍ സാംസണ്‍ രണ്ട് ബാക്ക് ടു ബാക്ക് ഡക്കുകള്‍ നേടി, അവന്റെ പ്രകടനത്തിലെ വീഴ്ചയെക്കുറിച്ച് ഞങ്ങള്‍ ചര്‍ച്ച ചെയ്യുകയായിരുന്നു. സമയം വരുമ്പോള്‍ എന്ത് സംഭവിക്കുമെന്ന് നിങ്ങള്‍ക്ക് പറയാന്‍ സാധിക്കില്ല,’ആര്‍.പി. സിങ് ജിയോസിനിമയില്‍ പറഞ്ഞു.

56 പന്തില്‍ നിന്നും ഒമ്പത് സിക്‌സും 6 ഫോറും ഉള്‍പ്പെടെ 109 റണ്‍സ് നേടി പുറത്താക്കാതെയാണ് സഞ്ജു വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ചത്. 194.64 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റില്‍ ആയിരുന്നു സഞ്ജു ബാറ്റ് വീശിയത്. അതേസമയം ബാക്ക് ടു ബാക്ക് സെഞ്ച്വറി നേടിയാണ് ഇന്ത്യന്‍ യുവതാരം തിലക് വര്‍മയും ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചത്.

കഴിഞ്ഞ മത്സരത്തില്‍ 107 റണ്‍സ് നേടി പുറത്താകാതെ നിന്ന് താരം അവസാനം മത്സരത്തിലും സെഞ്ച്വറി നേടി. 47 പന്തില്‍ നിന്നും 10 സിക്‌സും 9 ഫോറും ഉള്‍പ്പെടെയായിരുന്നു വര്‍മയുടെ വെടിക്കെട്ട്. 255.32 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റില്‍ ആയിരുന്നു വര്‍മ ബാറ്റ് വീശിയത്.

 

Content Highlight: R.P. Singh Talking About Sanju Samson