Entertainment
അലൈ പായുതെയും മിന്നലെയുമൊക്കെ വന്‍ വിജയമായ ചിത്രങ്ങള്‍, എന്നാല്‍ ബ്രേക്ക് നല്‍കിയത് മറ്റൊരു സിനിമ: മാധവന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Dec 11, 11:07 am
Wednesday, 11th December 2024, 4:37 pm

മണിരത്‌നത്തിന്റെ സംവിധാനത്തില്‍ 2002ല്‍ പുറത്തിറങ്ങിയ ചിത്രമാണ് കന്നത്തില്‍ മുത്തമിട്ടാല്‍. മികച്ച ചൈല്‍ഡ് ആര്‍ട്ടിസ്റ്റിന് അടക്കമുള്ള ആറ് ദേശീയ അവാര്‍ഡുകളാണ് ചിത്രം ആ വര്‍ഷം നേടിയത്. പി.എസ്. കീര്‍ത്തന, മാധവന്‍, സിമ്രാന്‍, പശുപതി, പ്രകാശ് രാജ് എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സുജാതയുടെ ‘അമുതവും അവനും’ എന്ന ചെറുകഥയെ അടിസ്ഥാനമാക്കിയാണ് മണിരത്‌നം ചിത്രം ഒരുക്കിയിരിക്കുന്നത്.

അത്രയും കാലം റൊമാന്റ്റിക് ഹീറോ വേഷങ്ങളില്‍ മാത്രം കണ്ടിരുന്ന മാധവന്റെ ഗംഭീര ട്രാന്‍സ്‌ഫോര്‍മേഷനായിരുന്നു കന്നത്തില്‍ മുത്തമിട്ടാല്‍ എന്ന ചിത്രത്തിലൂടെ കണ്ടത്. ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് മാധവന്‍. ഡാന്‍സ് കളിക്കാനും പാട്ടുപാടാനും ഇഷ്ടമാണെന്നും അഭിനയത്തിന്റെ തുടക്ക കാലത്ത് വന്നതെല്ലാം റൊമാന്റിക് ഹീറോ എന്ന ലേബലില്‍ നില്‍ക്കുന്ന കഥാപാത്രങ്ങളായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

റൊമാന്റിക് ഹീറോ എന്ന ടാഗ് ലൈന്‍ ബ്രേക്ക് ചെയ്യണം എന്ന ഉദ്ദേശ്യത്തിലാണ് കന്നത്തില്‍ മുത്തമിട്ടാല്‍ എന്നാല്‍ സിനിമ ചെയ്തതെന്ന് മാധവന്‍ പറയുന്നു. ചിത്രത്തിലെ അച്ഛന്‍ വേഷം തനിക്ക് നല്ലൊരു ബ്രേക്ക് നല്‍കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈല്‍ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മാധവന്‍.

‘ഡാന്‍സ് കളിക്കുകയും പാട്ട് പാടുകയും ചെയ്യേണ്ടതില്ലാത്ത എല്ലാ മേഖലകളും എനിക്ക് ഇഷ്ടമാണ്. ഞാന്‍ അഭിനയിച്ച് തുടങ്ങിയ ആദ്യഘട്ടത്തില്‍ റൊമാന്റിക് സിനിമകളായിരുന്നു കൂടുതലും തേടിവന്നത്. അലൈ പായുതെയും മിന്നലെയുമൊക്കെ നേടിയ വന്‍വിജയമാകാം അതിന് കാരണം.

റൊമാന്റിക് ഹീറോ എന്ന ടാഗ് ലൈന്‍ ബ്രേക്ക് ചെയ്യണം എന്ന ഉദ്ദേശ്യത്തിലാണ് ഞാന്‍ പിന്നീട് കന്നത്തില്‍ മുത്തമിട്ടാല്‍ എന്ന മണി സാറിന്റെ സിനിമ ചെയ്തത്. അതിലെ അച്ഛന്റെ വേഷം എനിക്കൊരു ബ്രേക്ക് തന്നെ സമ്മാനിച്ചു. എനിക്ക് എന്റെ പരിമിതികളെ കുറിച്ച് ധാരണയുണ്ട്.

ഓരോ ഘട്ടത്തില്‍ നല്ല കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഇരുത് സുട്, ത്രീ ഇഡിയറ്റ്‌സ്, രംഗ് ദേ ബസന്തി, വിക്രം വേദ. നല്ല സിനിമകളെല്ലാം ഉണ്ടായത് അങ്ങനെയാണ്. ഇനിയും നല്ല സിനിമകളും കഥാപാത്രങ്ങളും ചെയ്യാനാണ് ആഗ്രഹം,’ മാധവന്‍ പറയുന്നു.

Content Highlight: R Madhavan says Kannathil Muthamittal Movie Gave him A Break