സഞ്ജുവിന്റെ തുറുപ്പുചീട്ടിനെ കാത്തിരിക്കുന്നത് ചരിത്രനേട്ടം; മുംബൈക്കെതിരെ ചരിത്രംക്കുറിക്കാൻ അവനൊരുങ്ങുന്നു
Cricket
സഞ്ജുവിന്റെ തുറുപ്പുചീട്ടിനെ കാത്തിരിക്കുന്നത് ചരിത്രനേട്ടം; മുംബൈക്കെതിരെ ചരിത്രംക്കുറിക്കാൻ അവനൊരുങ്ങുന്നു
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 1st April 2024, 3:12 pm

ഐ.പി.എല്ലില്‍ ഇന്ന് നടക്കുന്ന ആവേശകരമായ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് രാജസ്ഥാന്‍ റോയല്‍സിനെയാണ് നേരിടുക. സീസണിലെ ആദ്യ രണ്ടു മത്സരങ്ങളും പരാജയപ്പെട്ട മുംബൈ നിങ്ങളുടെ ആദ്യ വിജയം ലക്ഷ്യമിട്ടാവും രാജസ്ഥാനെതിരെ കളത്തില്‍ ഇറങ്ങുക. മറുഭാഗത്ത് സീസണിലെ തുടര്‍ച്ചയായ മൂന്നാം വിജയം ലക്ഷ്യം വെച്ചാവും സഞ്ജുവും കൂട്ടരും ഇറങ്ങുന്നത്.

ഈ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ സ്റ്റാര്‍ സ്പിന്നര്‍ ആര്‍.അശ്വിനെ കാത്തിരിക്കുന്നത് ഒരു ചരിത്രനേട്ടമാണ്. മുംബൈയ്‌ക്കെതിരായ മത്സരത്തില്‍ താരം കളത്തില്‍ ഇറങ്ങുന്നതോടെ ഐ.പി.എല്ലില്‍ തന്റെ 200 മത്സരം എന്ന പുതിയ നാഴികക്കല്ലിലേക്കാണ് അശ്വിന്‍ നടന്നുകയറുക. ഇതോടെ ഐ.പി.എല്ലില്‍ 200 മത്സരങ്ങള്‍ കളിക്കുന്ന പതിനൊന്നാമത്തെ താരമായി മാറാനും ഇന്ത്യന്‍ സ്റ്റാര്‍ സ്പിന്നര്‍ക്ക് സാധിക്കും.

ഐ.പി.എല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരം, മത്സരങ്ങളുടെ എണ്ണം എന്നീ ക്രമത്തില്‍

എം.എസ് ധോണി-250

ദിനേശ് കാര്‍ത്തിക്- 245

രോഹിത് ശര്‍മ -245

വിരാട് കൊഹ്‌ലി -240

രവീന്ദ്ര ജഡേജ 229

ശിഖര്‍ ധവാന്‍ -220

സുരേഷ് റെയ്‌ന -205

റോബിന്‍ ഉത്തപ്പ -205

അമ്പാട്ടി റായ്ഡു-204

ആര്‍ അശ്വിന്‍ -199

2009ല്‍ ചെന്നൈ സൂപ്പര്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് വേണ്ടിയാണ് അശ്വിന്‍ ഐ.പി.എല്ലില്‍ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് നിരവധി ടീമുകള്‍ക്ക് വേണ്ടിയും ഐ.പി.എല്ലില്‍ അശ്വിന്‍ കളിച്ചിട്ടുണ്ട്. റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്‌സ്, പഞ്ചാബ് കിങ്‌സ്, ദല്‍ഹി ക്യാപ്പിറ്റല്‍സ് എന്നീ ഫ്രാഞ്ചൈസികള്‍ക്ക് വേണ്ടിയും അശ്വിന്‍ കളിച്ചിട്ടുണ്ട്.

ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം 2010, 2011 സീസണുകളില്‍ അശ്വിന്‍ കിരീടം നേടിയിട്ടുണ്ട്. 2018, 2019 സീസണില്‍ പഞ്ചാബിന്റെ ക്യാപ്റ്റനായി കളിച്ച അശ്വിന്‍ 2022 ലാണ് രാജസ്ഥാന്‍ റോയല്‍സ് ടീമിന്റെ ഭാഗമാകുന്നത്.

ഇതിനോടകം തന്നെ ഐ.പി.എല്ലില്‍ ബാറ്റ് കൊണ്ടും ബോള്‍ കൊണ്ടും മിന്നും പ്രകടനമാണ് ഇന്ത്യന്‍ സ്റ്റാര്‍ സ്പിന്നര്‍ നടത്തിയത്. 199 മത്സരങ്ങളില്‍ നിന്നും 743 റണ്‍സും 172 വിക്കറ്റുകളുമാണ് അശ്വിന്റെ അക്കൗണ്ടില്‍ ഉള്ളത്. രാജസ്ഥാന്‍ റോയല്‍സിനുവേണ്ടി 32 മത്സരങ്ങളില്‍ നിന്നും 27 വിക്കറ്റ് 257 റണ്‍സുമാണ് അശ്വിന്‍ നേടിയിട്ടുള്ളത്.

ദല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെയുള്ള കഴിഞ്ഞ മത്സരത്തില്‍ അഞ്ചാം നമ്പറില്‍ ഇറങ്ങി തകര്‍പ്പന്‍ പ്രകടനമാണ് അശ്വിന്‍ നടത്തിയത്. മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ രാജസ്ഥാന്റെ ടോപ് ഓർഡർ തകര്‍ന്നടിഞ്ഞപ്പോള്‍ അശ്വിന്‍ ഇറങ്ങുകയും ആക്രമിച്ച് കളിച്ചുകൊണ്ട് ടീമിനെ സമ്മര്‍ദത്തില്‍ നിന്നും കരകയറ്റാനും അശ്വിന് സാധിച്ചിരുന്നു.

മൂന്ന് കൂറ്റന്‍ സിക്‌സുകള്‍ അടിച്ചുകൊണ്ട് 19 പന്തില്‍ 29 റണ്‍സ് നേടിക്കൊണ്ടായിരുന്നു അശ്വിന്റെ തകര്‍പ്പന്‍ പ്രകടനം. ലഖ്നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തില്‍ ഒരു വിക്കറ്റ് നേടികൊണ്ട് ബൗളിങ്ങിലും അശ്വിന്‍ ശ്രദ്ധേയമായ പ്രകടനം നടത്തിയിരുന്നു. അശ്വിന്റെ ഈ തകര്‍പ്പന്‍ ഓള്‍റൗണ്ടര്‍ മികവ് മുംബൈക്കെതിരെയും പുറത്തെടുക്കും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

Content Highlight: R. Ashwin waiting for a new Milestone in the match against Mumbai Indians