രണ്ട് ഇതിഹാസങ്ങളെയും ഒരുമിച്ച് മറികടന്നു, ഇവന് മുമ്പില്‍ ഇനിയാരുമില്ല; ചരിത്രമെഴുതി അശ്വിന്‍
Sports News
രണ്ട് ഇതിഹാസങ്ങളെയും ഒരുമിച്ച് മറികടന്നു, ഇവന് മുമ്പില്‍ ഇനിയാരുമില്ല; ചരിത്രമെഴുതി അശ്വിന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 12th March 2024, 8:20 am

ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ടെസ്റ്റ് പരമ്പര ഇന്ത്യ സ്വന്തമാക്കിയിരുന്നു. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര 4-1നാണ് ഇന്ത്യ വിജയിച്ചത്. ആദ്യ മത്സരം പരാജയപ്പെട്ടതിന് ശേഷമായിരുന്നു രോഹിത്തിന്റെയും സംഘത്തിന്റെയും തിരിച്ചുവരവ്.

ഈ പരമ്പര ഇന്ത്യന്‍ വെറ്ററന്‍ സൂപ്പര്‍ താരം ആര്‍. അശ്വിനെ സംബന്ധിച്ച് ഏറെ സ്‌പെഷ്യലായിരുന്നു. നിരവധി റെക്കോഡ് നേട്ടങ്ങളും കരിയര്‍ മൈല്‍ സ്‌റ്റോണുകളുമാണ് താരം ഈ പരമ്പരയില്‍ പിന്നിട്ടത്.

കരിയറിലെ 500ാം ടെസ്റ്റ് വിക്കറ്റ്, ഇന്ത്യക്കായി നൂറാം ടെസ്റ്റ് മത്സരം തുടങ്ങി പല നാഴികക്കല്ലുകളും അശ്വിന്‍ ഈ പരമ്പരയില്‍ മറികടന്നിരുന്നു.

നൂറാം മത്സരത്തില്‍ സ്വന്തമാക്കിയ അഞ്ച് വിക്കറ്റ് നേട്ടം ഉള്‍പ്പെടെ രണ്ട് ഫൈഫറുകളടക്കം 26 വിക്കറ്റാണ് അശ്വിന്‍ ഈ പരമ്പരയില്‍ തന്റെ പേരില്‍ കുറിച്ചത്. പരമ്പരയില്‍ ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയതും അശ്വിന്‍ തന്നെയായിരുന്നു.

ധര്‍മശാലയില്‍ നടന്ന അവസാന ടെസ്റ്റിലാണ് അശ്വിന്‍ തന്റെ നൂറാം ടെസ്റ്റ് മത്സരത്തിന് കളത്തിലിറങ്ങിയത്. ആദ്യ ഇന്നിങ്‌സില്‍ കരിയറിലെ 25ാം ഫോര്‍ഫര്‍ സ്വന്തമാക്കിയ താരം രണ്ടാം ഇന്നിങ്‌സില്‍ 36ാം ഫൈഫറും തന്റെ പേരില്‍ കുറിച്ചു. ഇതോടെ നൂറാം ടെസ്റ്റില്‍ ഫൈഫര്‍ സ്വന്തമാക്കുന്ന നാലാമത് താരം എന്ന നേട്ടവും അശ്വിന്‍ സ്വന്തമാക്കി.

പരമ്പരയില്‍ 25 വിക്കറ്റ് പൂര്‍ത്തിയാക്കിയതോടെ മറ്റൊരു ചരിത്രനേട്ടവും അശ്വിനെ തേടിയെത്തിയിരിക്കുകയാണ്. ഏറ്റവുമധികം തവണ ഒരു ടെസ്റ്റ് പരമ്പരയില്‍ 25 വിക്കറ്റുകളോ അതിലധികമോ നേടുന്ന താരങ്ങളുടെ പട്ടികയില്‍ ഒന്നാമതെത്തിയാണ് അശ്വിന്‍ റെക്കോഡിട്ടത്. ക്രിക്കറ്റ് ഇതിഹാസങ്ങളായ മുത്തയ്യ മുരളീധരനെയും ഷെയ്ന്‍ വോണിനെയും മറികടന്നാണ് അശ്വിന്റെ ചരിത്ര നേട്ടം.

ഏറ്റവുമധികം തവണ ഒരു പരമ്പരയില്‍ 25+ വിക്കറ്റ് നേടുന്ന താരങ്ങള്‍

(താരം – ടീം – നേട്ടം എന്നീ ക്രമത്തില്‍)

ആര്‍. അശ്വിന്‍ – ഇന്ത്യ – ഏഴ് തവണ

ഷെയ്ന്‍ വോണ്‍ – ഓസ്‌ട്രേലിയ – ആറ് തവണ

മുത്തയ്യ മുരളീധരന്‍ – ശ്രീലങ്ക – ആറ് തവണ

ഇതിന് പുറമെ നൂറാം ടെസ്റ്റില്‍ ഒരു ബൗളറുടെ ഏറ്റവും മികച്ച ബൗളിങ് ഫിഗര്‍ എന്ന നേട്ടവും അശ്വിന്‍ തന്റെ പേരില്‍ കുറിച്ചിരുന്നു. ഇത്തവണയും മുത്തയ്യ മുരളീധരനെ മറികടന്നുകൊണ്ടായിരുന്നു അശ്വിന്റെ നേട്ടം.

നൂറാം ടെസ്റ്റിലെ ഏറ്റവും മികച്ച ബൗളിങ് ഫിഗര്‍

(താരം – ടീം – ബൗളിങ് പ്രകടനം – വര്‍ഷം എന്നീ ക്രമത്തില്‍)

ആര്‍. അശ്വിന്‍ – ഇന്ത്യ – 9/128 2024

മുത്തയ്യ മുരളീധരന്‍ – ശ്രീലങ്ക – 9/141 2006

ഷെയ്ന്‍ വോണ്‍ – ഓസ്ട്രേലിയ – 8/231 2002

കപില്‍ ദേവ് – ഇന്ത്യ – 7/151 1989

അനില്‍ കുംബ്ലെ – ഇന്ത്യ – 7/176 2005

ഐ.പി.എല്ലാണ് ഇനി അശ്വിന് മുമ്പിലുള്ളത്. രാജസ്ഥാന്‍ റോയല്‍സിനൊപ്പമാണ് അശ്വിന്‍ ഇത്തവണയും കളത്തിലിറങ്ങുന്നത്. ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം നടത്താന്‍ സാധിച്ചാല്‍ ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം കണ്ടെത്താനും സാധിച്ചേക്കും.

 

 

Content highlight: R Ashwin surpassed Muttiah Muraleetharan and Shane Warne