സ്മിത്തിനെ ജഡേജയുടെ കയ്യില്‍ നിന്നും നാണംകെടാതെ രക്ഷിച്ച് അശ്വിന്‍; സ്പിന്നര്‍മാര്‍ പണി തുടങ്ങി
Sports News
സ്മിത്തിനെ ജഡേജയുടെ കയ്യില്‍ നിന്നും നാണംകെടാതെ രക്ഷിച്ച് അശ്വിന്‍; സ്പിന്നര്‍മാര്‍ പണി തുടങ്ങി
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 17th February 2023, 12:18 pm

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ ഓസീസിനെ വിടാതെ ആക്രമിക്കുകയാണ്. കഴിഞ്ഞ ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ വിക്കറ്റ് വീഴ്‌ത്തേണ്ട ചുമതല രവീന്ദ്ര ജഡേജക്കായിരുന്നുവെങ്കില്‍ രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ ആ ജോലി ആര്‍. അശ്വിന്‍ സ്വയം ഏറ്റെടുത്തിരിക്കുകയാണ്.

മൂന്ന് മെയ്ഡന്‍ ഉള്‍പ്പെടെ പത്ത് ഓവര്‍ പന്തെറിഞ്ഞ് 29 റണ്‍സ് മാത്രം വിട്ടുകൊടുത്ത അശ്വിന്‍ രണ്ട് വിക്കറ്റുകളാണ് വീഴ്ത്തിയിരിക്കുന്നത്. ഒരു ഓവറില്‍ തന്നെയാണ് അശ്വിന്‍ രണ്ട് വിക്കറ്റും വീഴ്ത്തിയിരിക്കുന്നത്.

മത്സരത്തിന്റെ 23ാം ഓവറിലായിരുന്നു ഓസ്‌ട്രേലിയയുടെ ദി വേഴ്‌സ്റ്റ് നൈറ്റ്‌മെയര്‍ പന്തുമായി അവതരിച്ചത്. ഓവറിലെ നാലാം പന്തില്‍ മാര്‍നസ് ലബുഷാനെ വിക്കറ്റിന് മുമ്പില്‍ കുടുക്കിയായിരുന്നു അശ്വിന്‍ തുടങ്ങിയത്.

25 പന്തില്‍ നിന്നും നാല് ബൗണ്ടറയുള്‍പ്പെടെ 18 റണ്‍സുമായി നില്‍ക്കവെയായിരുന്നു ലബുഷാന്റെ പുറത്താവല്‍. ഓവറിലെ അവസാന പന്തില്‍ സ്റ്റീവ് സ്മിത്തിനെ സില്‍വര്‍ ഡക്കാക്കിക്കൊണ്ടായിരുന്നു അശ്വിന്‍ കങ്കാരുക്കള്‍ക്ക് അടുത്ത പ്രഹരമേല്‍പിച്ചത്.

ക്രീസിലെത്തി നേരിട്ട രണ്ടാം പന്തില്‍ തന്നെ സ്മിത്തിനെ വിക്കറ്റ് കീപ്പര്‍ എസ്. ഭരത്തിന്റെ കൈകളിലെത്തിച്ചായിരുന്നു അശ്വിന്‍ പുറത്താക്കിയത്. സ്മിത്തിന്റെ ബണ്ണിയായ ജഡേജക്ക് വിട്ടുകൊടുക്കാതെയാണ് അശ്വിന്‍ സ്മിത്തിനെ പവലിയനിലേക്ക് തിരിച്ചയച്ചത്.

കഴിഞ്ഞ ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ സ്മിത്തിനെ പുറത്താക്കിയത് ജഡേജയായിരുന്നു. ഇതോടെ ടെസ്റ്റ് ഫോര്‍മാറ്റില്‍ സ്മിത്തിനെ മൂന്ന് തവണ പുറത്താക്കുന്ന ആദ്യ ബൗളറാകാനും ജഡേജക്ക് സാധിച്ചിരുന്നു.

നേരത്തെ, ഓസീസ് സ്‌കോര്‍ 50ല്‍ നില്‍ക്കവെ ഡേവിഡ് വാര്‍ണറെ പുറത്താക്കി മുഹമ്മദ് ഷമിയാണ് ആദ്യ വിക്കറ്റ് വീഴ്ത്തിയത്. വാര്‍ണറിനെ വിക്കറ്റ് കീപ്പറുടെ കൈകളിലെത്തിച്ചാണ് ഷമി നിര്‍ണായക ഫസ്റ്റ് വിക്കറ്റ് പാര്‍ട്ണര്‍ഷിപ്പ് പൊളിച്ചത്.

44 പന്തില്‍ നിന്നും മൂന്ന് ബൗണ്ടറിയുള്‍പ്പെടെ 15 റണ്‍സായിരുന്നു വാര്‍ണര്‍ നേടിയത്.

ആദ്യ സെഷനില്‍ അവസാനിക്കുമ്പോള്‍ 25 ഓവറില്‍ 94 റണ്‍സിന് മൂന്ന് വിക്കറ്റ് എന്ന നിലയിലാണ് ഓസീസ്. അര്‍ധ സെഞ്ച്വറി തികച്ച ഓപ്പണര്‍ ഉസ്മാന്‍ ഖവാജയുടെ ഇന്നിങ്‌സാണ് ഫസ്റ്റ് സെഷനില്‍ കങ്കാരുക്കള്‍ക്ക് തുണയായിരിക്കുന്നത്.

74 പന്തില്‍ നിന്നും എട്ട് ബൗണ്ടറിയും ഒരു സിക്‌സറുമുള്‍പ്പെടെ പുറത്താവാതെ 50 റണ്‍സാണ് ഖവാജ നേടിയത്. അറ് പന്തില്‍ നിന്നും ഒരു റണ്‍സുമായി ട്രാവിസ് ഹെഡാണ് ഖവാജക്കൊപ്പം ക്രീസില്‍.

 

Content highlight: R Ashwin’s brilliant bowling in India vs Australia 2nd test