20ാം തവണയും അത് സംഭവിച്ചു, ഷെയ്ൻ വോണും വീണു; അശ്വിന്റെ അശ്വമേധം തുടരുന്നു
Cricket
20ാം തവണയും അത് സംഭവിച്ചു, ഷെയ്ൻ വോണും വീണു; അശ്വിന്റെ അശ്വമേധം തുടരുന്നു
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 22nd September 2024, 4:07 pm

ഇന്ത്യ-ബംഗ്ലാദേശ് രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ വിജയം. 280 റണ്‍സിനാണ് രോഹിത് ശര്‍മയും സംഘവും ബംഗ്ലാദേശിനെ തകര്‍ത്തുവിട്ടത്. ഇന്ത്യ ഉയര്‍ത്തിയ 515 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ബംഗ്ലാദേശ് 234 റണ്‍സിന് പുറത്താവുകയായിരുന്നു.

മത്സരത്തില്‍ ഇന്ത്യന്‍ സൂപ്പര്‍താരം ആര്‍. അശ്വിന്‍ ബാറ്റിങ്ങിലും ബൗളിങ്ങിലും തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. രണ്ടാം ഇന്നിങ്സില്‍ ആറ് വിക്കറ്റുകള്‍ നേടിക്കൊണ്ടാണ് അശ്വിന്‍ കരുത്തുകാട്ടിയത്. 21 ഓവറില്‍ 88 റണ്‍സ് വിട്ടു നല്‍കിയാണ് അശ്വിന്‍ ആറ് വിക്കറ്റുകള്‍ സ്വന്തമാക്കിയത്. ഈ തകര്‍പ്പന്‍ പ്രകടനങ്ങള്‍ക്ക് പിന്നാലെ ഒരു ചരിത്ര നേട്ടമാണ് അശ്വിന്‍ സ്വന്തമാക്കിയത്.

ടെസ്റ്റ് ക്രിക്കറ്റില്‍ രണ്ടാം ഇന്നിങ്സില്‍ ഏറ്റവും കൂടുതല്‍ തവണ ഫൈഫര്‍ സ്വന്തമാക്കുന്ന മൂന്നാമത്തെ താരമായി മാറാനാണ് അശ്വിന് സാധിച്ചത്. 20 തവണയാണ് അശ്വിന്‍ രണ്ടാം ഇന്നിങ്സില്‍ ഫൈഫര്‍ നേടിയത്. 19 തവണ ഇത്തരത്തില്‍ ഫൈഫര്‍ നേടിയ ഓസ്ട്രേലിയന്‍ ഇതിഹാസം ഷെയ്ന്‍ വോണിനെ മറികടന്നുകൊണ്ടാണ് അശ്വിന്‍ ഈ നേട്ടം സ്വന്തമാക്കിയത്.

ടെസ്റ്റ് ക്രിക്കറ്റില്‍ രണ്ടാം ഇന്നിങ്സില്‍ ഏറ്റവും കൂടുതല്‍ തവണ ഫൈഫര്‍ നേടിയ താരം, ടീം, ഫൈഫറുകളുടെ എണ്ണം എന്നീ ക്രമത്തില്‍

മുത്തയ്യ മുരളീധരന്‍-ശ്രീലങ്ക-28

രംഗന ഹെറാത്ത്-ശ്രീലങ്ക-21

ആര്‍. അശ്വിന്‍-ഇന്ത്യ-20

ഷെയ്ന്‍ വോണ്‍-ഓസ്ട്രേലിയ-19

അനില്‍ കുംബ്ലെ-ഇന്ത്യ-17

ആദ്യ ഇന്നിങ്സില്‍ സെഞ്ച്വറി നേടിയും അശ്വിന്‍ തിളങ്ങിയിരുന്നു ഇന്ത്യയുടെ പ്രധാന താരങ്ങളെല്ലാം നിറം മങ്ങിയപ്പോള്‍ അശ്വിന്റെ ഇന്നിങ്സാണ് ഇന്ത്യക്ക് മികച്ച സ്‌കോര്‍ നല്‍കിയത്. 133 പന്തില്‍ 113 റണ്‍സ് നേടിക്കൊണ്ടായിരുന്നു അശ്വിന്‍ തിളങ്ങിയത്. 11 ഫോറുകളും മൂന്ന് സിക്സുമാണ് അശ്വിന്‍ നേടിയത്.

ആദ്യ ഇന്നിങ്സില്‍ ഇന്ത്യ 376 റണ്‍സിന് പുറത്താവുകയായിരുന്നു.  അശ്വിന് പുറമെ 124 പന്തില്‍ 86 റണ്‍സ് നേടി രവീന്ദ്ര ജഡേജയും 118 പന്തില്‍ 56 റണ്‍സ് നേടി യശ്വസി ജെയ്‌സ്വാളും മികച്ച പ്രകടനം നടത്തി.

ബംഗ്ലാദേശ് ബൗളിങ്ങില്‍ ഹസന്‍ മഹ്‌മൂദ് അഞ്ച് വിക്കറ്റ് നേടി തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. ടാസ്‌കിന്‍ അഹമ്മദ് മൂന്ന് വിക്കറ്റും നാഹിദ് റാണ, മെഹിദി ഹസന്‍ മിറാസ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

ബംഗ്ലാദേശ് ഒന്നാം ഇന്നിങ്സില്‍ 149 റണ്‍സിനാണ് പുറത്തായത്. ഇന്ത്യന്‍ ബൗളിങ്ങില്‍ ജസ്പ്രീത് ബുംറ നാല് വിക്കറ്റും മുഹമ്മദ് സിറാജ്, രവീന്ദ്ര ജഡേജ, ആകാശ് ദീപ് എന്നിവര്‍ രണ്ടു വീതം വിക്കറ്റുകളും വീഴ്ത്തി മികച്ച പ്രകടനം നടത്തിയപ്പോള്‍ ബംഗ്ലാദേശ് ബാറ്റിങ് നിര തകര്‍ന്നടിയുകയായിരുന്നു.

രണ്ടാം ഇന്നിങ്സില്‍ ഇന്ത്യ 287 റണ്‍സിന് നാല് വിക്കറ്റുകള്‍ എന്ന നിലയില്‍ നില്‍ക്കെ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഇന്ത്യക്ക് വേണ്ടി രണ്ടാം ഇന്നിങ്സില്‍ സെഞ്ച്വറി നേടി ശുഭ്മന്‍ ഗില്ലും റിഷബ് പന്തും മികച്ച പ്രകടനമാണ് നടത്തിയത്.

ഗില്‍ 176 പന്തില്‍ പുറത്താവാതെ 119 റണ്‍സാണ് നേടിയത്. പത്ത് ഫോറുകളും നാല് സിക്സുകളുമാണ് ഗില്‍ നേടിയത്. പന്ത് 128 പന്തില്‍ 109 റണ്‍സും നേടി നിര്‍ണായകമായി. 13 ഫോറുകളും നാല് സിക്സുകളുമാണ് താരം നേടിയത്.

സെപ്റ്റംബര്‍ 27നാണ് പരമ്പരയിലെ രണ്ടാം മത്സരം നടക്കുന്നത്. കാണ്‍പൂരിലെ ഗ്രീന്‍ പാര്‍ക്ക് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.

 

Content Highlight: R. Ashwin Create a new Record in Test Cricket