ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് ഹാട്രിക് വിജയം. കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ ആറ് വിക്കറ്റുകള്‍ക്കാണ് സഞ്ജുവും കൂട്ടരും പരാജയപ്പെടുത്തിയത്.
മുംബൈയുടെ തട്ടകമായ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സ് ആണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ രാജസ്ഥാന്‍ 15.3 ഓവറില്‍ ആറ് വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു.
Home and away, we move unbeaten. 💗💪 pic.twitter.com/hNJ1BiT9wb
— Rajasthan Royals (@rajasthanroyals) April 1, 2024
മത്സരത്തില്‍ ഒരു പുതിയ നാഴികക്കല്ല് പിന്നിടാന്‍ രാജസ്ഥാന്‍ റോയല്‍സിന്റെ സ്റ്റാര്‍ സ്പിന്നര്‍ ആര്‍. അശ്വിന് സാധിച്ചിരുന്നു. ഐ.പി.എല്ലില്‍ 200 മത്സരങ്ങള്‍ എന്ന പുതിയ നാഴികക്കല്ലിലേക്കാണ് അശ്വിന്‍ നടന്നുകയറിയത്. ഇതോടെ ഐ.പി.എല്ലില്‍ 200 മത്സരങ്ങള്‍ കളിക്കുന്ന പതിനൊന്നാമത്തെ താരമായി മാറാനും ഇന്ത്യന്‍ സ്റ്റാര്‍ സ്പിന്നര്‍ക്ക് സാധിച്ചു.
മറ്റൊരു തകര്‍പ്പന്‍ നേട്ടമാണ് അശ്വിന്‍ സ്വന്തം പേരിലാക്കിമാറ്റിയത്. ഐ.പി.എല്‍ ചരിത്രത്തില്‍ വ്യത്യസ്ത നാല് ടീമുകള്‍ക്ക് വേണ്ടി 50, 100, 150, 200 എന്നീ മത്സരങ്ങള്‍ കളിക്കുന്ന രണ്ടാമത്തെ താരമായാണ് അശ്വിന്‍ മാറിയത്.
ചെന്നൈ സൂപ്പര്‍ കിങ്സ്, റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്‌സ്, ദല്‍ഹി ക്യാപ്പിറ്റല്‍സ്, രാജസ്ഥാന്‍ റോയല്‍സ് എന്നീ ടീമുകള്‍ക്ക് വേണ്ടിയാണ് അശ്വിന്‍ 50, 100, 150, 200 എന്നീ മത്സരങ്ങള്‍ കളിച്ചുകൊണ്ട് നിര്‍ണായക നാഴികല്ലിലേക്ക് നടന്നുകയറിയത്.
ഇതിനുമുമ്പ് ഈ നേട്ടം സ്വന്തമാക്കിയത് ഇന്ത്യന്‍ ടിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ദിനേശ് കാര്‍ത്തിക് ആണ്. പഞ്ചാബ് കിങ്സ്, ദല്‍ഹി ക്യാപിറ്റല്‍സ്, ഗുജറാത്ത് ലയണ്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്നീ ടീമുകള്‍ക്ക് വേണ്ടിയാണ് കാര്‍ത്തിക് ഈ നേട്ടം സ്വന്തമാക്കിയത്.
2009ല്‍ ചെന്നൈ സൂപ്പര്‍ ചെന്നൈ സൂപ്പര്‍ കിങ്സിന് വേണ്ടിയാണ് അശ്വിന്‍ ഐ.പി.എല്ലില്‍ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് നിരവധി ടീമുകള്‍ക്ക് വേണ്ടിയും ഐ.പി.എല്ലില്‍ അശ്വിന്‍ കളിച്ചിട്ടുണ്ട്. റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്സ്, പഞ്ചാബ് കിങ്സ്, ദല്‍ഹി ക്യാപ്പിറ്റല്‍സ് എന്നീ ഫ്രാഞ്ചൈസികള്‍ക്ക് വേണ്ടിയും അശ്വിന്‍ കളിച്ചിട്ടുണ്ട്.
ചെന്നൈ സൂപ്പര്‍ കിങ്സിനൊപ്പം 2010, 2011 സീസണുകളില്‍ അശ്വിന്‍ കിരീടം നേടിയിട്ടുണ്ട്. 2018, 2019 സീസണില്‍ പഞ്ചാബിന്റെ ക്യാപ്റ്റനായി കളിച്ച അശ്വിന്‍ 2022 ലാണ് രാജസ്ഥാന്‍ റോയല്‍സ് ടീമിന്റെ ഭാഗമാകുന്നത്.
ഇതിനോടകം തന്നെ ഐ.പി.എല്ലില്‍ ബാറ്റ് കൊണ്ടും ബോള്‍ കൊണ്ടും മിന്നും പ്രകടനമാണ് ഇന്ത്യന്‍ സ്റ്റാര്‍ സ്പിന്നര്‍ നടത്തിയത്. 199 മത്സരങ്ങളില്‍ നിന്നും 743 റണ്‍സും 172 വിക്കറ്റുകളുമാണ് അശ്വിന്റെ അക്കൗണ്ടില്‍ ഉള്ളത്. രാജസ്ഥാന്‍ റോയല്‍സിനുവേണ്ടി 32 മത്സരങ്ങളില്‍ നിന്നും 27 വിക്കറ്റ് 257 റണ്‍സുമാണ് അശ്വിന്‍ നേടിയിട്ടുള്ളത്.
അതേസമയം മുംബൈക്കെതിരെയുള്ള ജയത്തോടെ മൂന്ന് മത്സരങ്ങളും വിജയിച്ച രാജസ്ഥാന്‍ ആറ് പോയിന്റോടെ ഒന്നാം സ്ഥാനത്താണ്.
ഏപ്രില്‍ ആറിന് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവുമായാണ് രാജസ്ഥാന്റെ അടുത്ത മത്സരം. റോയല്‍സിന്റെ തട്ടകമായ സവാല്‍ മാന്‍സിങ് സ്റ്റേഡിയമാണ് വേദി.
Content Highlight: R. Ashwin create a new record in IPL