ഇന്ത്യയുടെ ന്യൂസിലാന്‍ഡ് പര്യടനത്തില്‍ സഞ്ജു സാംസണ്‍ ഉള്‍പ്പെട്ടപ്പോള്‍ തന്നെ ആരാധകര്‍ ഏറെ പ്രതീക്ഷിച്ചിരുന്നു. ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി കളിക്കുമ്പോഴുള്ള മികച്ച പ്രകടനവും ഇംപാക്ടും ഇന്ത്യക്ക് വേണ്ടിയും അദ്ദേഹത്തിന് ഉണ്ടാക്കാന്‍ സാധിക്കുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിച്ചിരുന്നത്.
എന്നാല്‍ മൂന്ന് ടി-20 മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഒന്നില്‍ പോലും സഞ്ജുവിന് ഇടം ലഭിച്ചിരുന്നില്ല. ടി-20 ഫോര്‍മാറ്റില്‍ സ്ഥിരം ഫ്‌ളോപ്പാവുന്ന റിഷബ് പന്തിനെ തന്നെയായിരുന്നു ടീം നിരന്തരം പരീക്ഷിച്ചുകൊണ്ടിരുന്നത്.
എന്നാല്‍ ഇന്ത്യ – ന്യൂസിലാന്‍ഡ് ഏകദിന പരമ്പരയില്‍ സഞ്ജുവിന് അവസരം ലഭിച്ചിരുന്നു. ഇന്ത്യന്‍ ബാറ്റിങ് ഓര്‍ഡറില്‍ ആറാമനായി കളത്തിലിറങ്ങിയ സഞ്ജു 38 പന്തില്‍ നിന്നും 36 റണ്‍സെടുത്താണ് പുറത്തായത്. ഇന്ത്യന്‍ ഇന്നിങ്‌സില്‍ ശ്രേയസ് അയ്യര്‍ക്കൊപ്പം ശക്തമായ കൂട്ടുകെട്ട് പടുത്തുയര്‍ത്താനും താരത്തിന് സാധിച്ചിരുന്നു.
ഇതിന് പിന്നാലെ സഞ്ജുവിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ വെറ്ററന്‍ താരം ആര്‍. അശ്വിന്‍. സഞ്ജുവിന് വരും മത്സരങ്ങളില്‍ അവസരം ലഭിക്കുന്നത് കാണാന്‍ കാത്തിരിക്കുകയാണെന്നായിരുന്നു അശ്വിന്‍ പറഞ്ഞത്.
തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
‘അവന്റെ (സഞ്ജു സാംസണ്‍) കഴിവ് വെച്ച് നോക്കുമ്പോള്‍, കളിച്ചില്ലെങ്കില്‍ പോലും അവന്റെ പേര് ട്രെന്‍ഡിങ്ങാകും. സഞ്ജു സാംസണ് എല്ലാ അവസരങ്ങളും ലഭിക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്.
അവന്‍ മികച്ച ഫോമിലായതിനാലും മികച്ച രീതിയില്‍ തന്നെ കളി തുടരുന്നതിനാലും സഞ്ജു കളിക്കുന്നത് കാണാന്‍ തന്നെയാണ് ഞാന്‍ ആഗ്രഹിക്കുന്നത്,’ അശ്വിന്‍ പറയുന്നു.
അതേസമയം, പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു. നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 306 റണ്‍സായിരുന്നു ഇന്ത്യ നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ കിവീസിനായി അഞ്ചാമന്‍ ടോം ലാഥവും ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണും മികച്ച പ്രകടനം പുറത്തെടുത്തതോടെ ന്യൂസിലാന്‍ഡ് വിജയലക്ഷ്യം അനായാസം മറികടക്കുകയായിരുന്നു.
104 പന്തില്‍ നിന്നും 19 ബൗണ്ടറിയുടെയും അഞ്ച് സിക്‌സറിന്റെയും അകമ്പടിയോടെ പുറത്താകാതെ 145 റണ്‍സാണ് ടോം ലാഥം സ്വന്തമാക്കിയത്. 98 പന്തില്‍ നിന്നും 94 റണ്‍സുമായി കെയ്ന്‍ വില്യംസണും പുറത്താകാതെ നിന്നു.
ആദ്യ കളിയില്‍ വിജയിച്ചതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 1-0ന് ന്യൂസിലാന്‍ഡ് മുമ്പിലെത്തിയിരിക്കുകയാണ്. ഇനി നടക്കാനിരിക്കുന്ന രണ്ട് മത്സരത്തിലും വിജയിച്ചാല്‍ മാത്രമേ ഇന്ത്യക്ക് പരമ്പര നേടാന്‍ സാധിക്കൂ.