നേപ്യിഡോ: മ്യന്മറിലെ ഭൂകമ്പത്തില്‍ മരണപ്പെട്ടവരുടെ എണ്ണം 1,600 ആയി ഉയര്‍ന്നു. 1,644-ലധികം പേര്‍ മരിച്ചതായി മ്യാന്മറിന്റെ സൈനിക സര്‍ക്കാര്‍ മേധാവി സ്ഥിരീകരിച്ചതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. അതേസമയം മരണസംഖ്യ 10,000 കവിയുമെന്ന് യു.എസ് ഏജന്‍സി മുന്നറിയിപ്പ് നല്‍കി. വിദേശ രക്ഷാപ്രവര്‍ത്തകര്‍കൂടി രക്ഷാദൗത്യത്തില്‍ പങ്കുചേര്‍ന്നതോടെ നിരവധി മൃതദേഹങ്ങളാണ് കണ്ടെടുത്തത്.
നിരവധി പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടക്കുന്നുണ്ടെങ്കിലും റോഡുകളും പാലങ്ങളും തകര്‍ന്നതിനാല്‍ പല സ്ഥലങ്ങളിലും രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിപ്പെടാന്‍ കഴിയുന്നില്ലെന്നാണ് വിവരം.
ഭൂകമ്പത്തെത്തുടര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും അനുവദിക്കുന്നതിനായി മ്യാന്‍മറിലെ സായുധ സംഘടനകള്‍ രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സൈനിക ഭരണകൂടത്തെ എതിര്‍ക്കുന്ന സായുധ സംഘമായ പീപ്പിള്‍സ് ഡിഫന്‍സ് ഫോഴ്സ് ആണ് മാര്‍ച്ച് 30 മുതല്‍ ദുരന്ത ബാധിത പ്രദേശങ്ങളിലെ ആക്രമണ പ്രവര്‍ത്തനങ്ങള്‍ താത്ക്കാലികമായി നിര്‍ത്തിവെക്കുമെന്ന് അറിയിച്ചിരിക്കുന്നത്.
അതേസമയം മ്യാന്മറിന് കൂടുതല്‍ സഹായമെത്തിക്കാന്‍ ഇന്ത്യയും യു.കെയുമടക്കമുള്ള രാജ്യങ്ങള്‍ മുമ്പോട്ട് വന്നിട്ടുണ്ട്. മ്യാന്മാറിലേക്ക് രക്ഷാപ്രവര്‍ത്തനത്തിനായി രണ്ട് വിമാനങ്ങള്‍ കൂടി ഇന്ത്യ മ്യാന്മറിലേക്ക് അയക്കുമെന്ന് അറിയിച്ചിരുന്നു. ‘ഓപ്പറേഷന്‍ ബ്രഹ്‌മ’ എന്നാണ് ഈ രക്ഷാദൗത്യത്തിന് ഇന്ത്യ നല്‍കിയിരിക്കുന്ന പേര്.
നേരത്തെ 80 അംഗ എന്‍.ഡി.ആര്‍.എഫ് സംഘത്തെ ഇന്ത്യ മ്യാന്മറിലേക്ക് അയച്ചിട്ടുണ്ട്. ഇതിനുപുറമെ 118 അംഗ മെഡിക്കല്‍ ടീമിനെയും നാല് നാവിക സേന കപ്പലുകളും കൂടി ദൗത്യത്തിന്റെ ഭാഗമായി ഇന്ത്യ അയക്കും. മ്യാന്മറിന് 10 മില്യണ്‍ പൗണ്ട് (12.9 മില്യണ്‍ ഡോളര്‍) മാനുഷിക സഹായം യു.കെയും പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം മ്യാന്‍മറിലെ പതിനാറായിരത്തോളം ഇന്ത്യക്കാര്‍ സുരക്ഷിതരാണെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി മ്യാന്‍മര്‍ സീനിയര്‍ ജനറലുമായി സംസാരിച്ചതായും കേന്ദ്രം അറിയിച്ചു. ബാങ്കോക്കിലെ സ്ഥിതിഗതികള്‍ മെച്ചപ്പെട്ട് വരികയാണെന്നാണ് തായ്‌ലാന്‍ഡിലെ മലയാളികള്‍ വിവിധ മാധ്യമങ്ങളോടായി പ്രതികരിച്ചു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് മ്യാന്മറിലെ രണ്ടാമത്തെ വലിയ നഗരമായ മണ്ടാലെയ്ക്ക് സമീപം റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത്. ഏകദേശം 11 മിനിറ്റിനുശേഷം, റിക്ടര്‍ സ്‌കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ശക്തമായ തുടര്‍ചലനവും ഉണ്ടായി.
10 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനം ഉണ്ടായതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി (എന്‍.സി.എസ്) സ്ഥിരീകരിച്ചു. ഇത് കൂടുതല്‍ തുടര്‍ചലനങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിച്ചിരിക്കുകയാണ്.
Content Highlight: Myanmar death toll rises to 1600; anti-government armed group declares ceasefire