എ.ഡി 859ല്‍ അറേബ്യന്‍ മുസ്‌ലിങ്ങള്‍ ആരംഭിച്ച സമ്പ്രദായമാണ് നിങ്ങള്‍ ഇപ്പോഴും പിന്തുടരുന്നത് എന്ന് മറക്കരുത്; ബിശ്ത് വിവാദത്തില്‍ പാശ്ചാത്യമാധ്യമങ്ങള്‍ക്കെതിരെ ഖത്തര്‍ മന്ത്രി
ഖത്തര്‍ ലോകകപ്പിന്റെ ഫൈനലില്‍ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ ഫ്രാന്‍സിനെ പരാജയപ്പെടുത്തി അര്‍ജന്റീന തങ്ങളുടെ ചരിത്രത്തിലെ മൂന്നാം ലോകകപ്പ് ഉയര്‍ത്തിയിരുന്നു. 1986ല്‍ മറഡോണക്ക് ശേഷം ഇതാദ്യമായാണ് വിശ്വകിരീടം അര്‍ജന്റൈന്‍ മണ്ണിലേക്കെത്തുന്നത്.
ഫൈനലില്‍ വിജയിച്ച് കരീടമേറ്റുവാങ്ങുന്നതിന് മുമ്പ് ഖത്തര്‍ അമീര്‍ മെസിയെ ബിശ്ത് ധരിപ്പിച്ചിരുന്നു. രാജകുടുംബത്തിലുള്ളവരും സമൂഹത്തില്‍ ഉന്നത സ്ഥാനങ്ങള്‍ വഹിക്കുന്നവരും വിശേഷാവസരങ്ങളില്‍ മാത്രം ധരിക്കുന്ന ബിശ്ത് അണിയിച്ചായിരുന്നു ഖത്തര്‍ ലോകചാമ്പ്യന്‍മാരോടുള്ള തങ്ങളുടെ സ്‌നേഹവും ബഹുമാനവും വ്യക്തമാക്കിയത്.
എന്നാല്‍ ഇതിന് പിന്നാലെ വിമര്‍ശനങ്ങളുടെ കുത്തൊഴുക്കായിരുന്നു പാശ്ചാത്യമാധ്യമങ്ങള്‍ ഉയര്‍ത്തിയത്. ഖത്തര്‍ അവരുടെ രീതി മെസിയില്‍ അടിച്ചേല്‍പിക്കുകയായിരുന്നുവെന്നും ഇത് ഖത്തറിന്റെയല്ല അര്‍ജന്റീനയുടെ വിജയ മുഹൂര്‍ത്തം ആണെന്നും തുടങ്ങിയ വിമര്‍ശനങ്ങളായിരുന്നു അമീന്റെ ഈ പ്രവര്‍ത്തിക്കെതിരെ ഉയര്‍ന്നത്.
ലോകകപ്പ് അവസാനിച്ച് ഒരു ആഴ്ച പിന്നിട്ടിട്ടും ബിശ്ത് വിവാദം പുകഞ്ഞുകൊണ്ടേയിരുന്നു.
എന്നാല്‍ ഈ വിവാദത്തില്‍ മറുപടിയുമായെത്തിയിരിക്കുകയാണ് ഖത്തറിന്റെ വിദേശകാര്യ സഹമന്ത്രി ലൊല്‍വ അല്‍ ഖാതെര്‍ (Lolwah Al-Khater).
‘മെസിയെ ബിശ്ത് ധരിപ്പിച്ചത് യൂറോപ്പ് കേന്ദ്രീകരിച്ചുള്ള സകല മേധാവിത്വവാദികളെയും ചൊടിപ്പിച്ചിരിക്കുകയാണ്. ഗ്രാജുവേഷന്‍ ഗൗണുകള്‍ അറേബ്യന്‍ ഗൗണുകളില്‍ നിന്നും ഉണ്ടായതാണെന്ന കാര്യം അവര്‍ക്ക് അറിയാമോ?
Gowning #Messi with a“Bisht” drove many Euro-Centric supremacists Crazy. Do they know that their graduation gowns came from the Arabian gown? A tradition Muslims started in 859 at Al-Qarawiyyan University; founded by a Muslim Woman by the way. Too much for your colonial fantasy? pic.twitter.com/cXYp1rBKg2
895ല്‍ അല്‍ ഖറവിയാന്‍ സര്‍വകലാശയില്‍ വെച്ച് ആരംഭിച്ച രീതിയാണ് അതെന്നും അതും ഒരു മുസ്‌ലിം യുവതി തുടങ്ങി വെച്ചതാണ് എന്ന കാര്യത്തെ കുറിച്ചും അറിയാമോ? നിങ്ങളുടെ കൊളോണിയല്‍ ഫാന്റസിയെ സംബന്ധിച്ച് അത് അംഗീകരിക്കാന്‍ ബുദ്ധിമുട്ടുള്ളതായിരിക്കും,’ അല്‍ ഖാതെര്‍ ട്വീറ്റ് ചെയ്തു.
ഇതിനൊപ്പം തന്നെ ഇക്കാര്യം വിശദമാക്കുന്ന ഒരു വീഡിയോയും അവര്‍ പങ്കുവെച്ചിട്ടുണ്ട്.
അതേസമയം, വിവാദങ്ങള്‍ തലപൊക്കിത്തുടങ്ങിയപ്പോള്‍ തന്നെ ഖത്തര്‍ അമീറിന്റെ ഈ നടപടിയെ പിന്തുണച്ചുകൊണ്ടും നിരവധി പ്രമുഖര്‍ രംഗത്തുവന്നിരുന്നു.
യൂണിവേഴ്സിറ്റി ഓഫ് എക്സെറ്ററിലെ പ്രൊഫസര്‍ ആയ ഡോക്ടര്‍ മുസ്തഫ ബെയ്ഗ് ‘വളരെ അപൂര്‍വം ആളുകള്‍ക്കെ ബിശ്ത് ധരിക്കാന്‍ അവസരം ലഭിക്കൂ. അവര്‍ (ഖത്താരികള്‍) യഥാര്‍ത്ഥത്തില്‍ ബിശ്ത് മെസിയുടെ തോളില്‍ അണിഞ്ഞു കൊണ്ട് അദ്ദേഹത്തിന് വലിയൊരു ബഹുമാനമാണ് നല്‍കിയത്.
ഇതൊരുതരത്തില്‍ വലിയൊരു അഭിനന്ദനമാണ്, ഒരു തരത്തിലുള്ള സാംസ്‌കാരികമായ സ്വീകരണമായോ, അംഗീകാരമായോ ഇതിനെ കണക്കാക്കാം. ഇതിനേക്കാള്‍ വലിയ രീതിയില്‍ മെസിയെ ആദരിക്കാന്‍ അവര്‍ക്ക് കഴിയില്ല,’ എന്നായിരുന്നു പറഞ്ഞത്.