ലോകകപ്പ് കൊണ്ട് തീര്‍ന്നില്ല; ഒളിമ്പിക്‌സ് സംഘാടനത്തിന് താത്പര്യം പ്രകടിപ്പിച്ച് ഖത്തര്‍
Sports
ലോകകപ്പ് കൊണ്ട് തീര്‍ന്നില്ല; ഒളിമ്പിക്‌സ് സംഘാടനത്തിന് താത്പര്യം പ്രകടിപ്പിച്ച് ഖത്തര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 23rd December 2022, 4:27 pm

2036ലെ ഒളിമ്പിക് ഗെയിംസിന് ആതിഥേയത്വം വഹിക്കാന്‍ താത്പര്യം പ്രകടിപ്പിച്ച് ഖത്തര്‍. ആദ്യ ഘട്ടമെന്നോണമായി രാജ്യത്ത് ഒളിമ്പ്ക്‌സ് നടത്താനുള്ള സാധ്യതകള്‍ ഉണ്ടോ എന്ന് പരിശോധിക്കാനും വിശകലനം ചെയ്യാനും അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിക്ക് അഭ്യര്‍ത്ഥന അയച്ചിട്ടുണ്ടെന്ന് ഖത്തര്‍ അറിയിച്ചു. ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഖത്തര്‍ ഒളിമ്പിക് കമ്മിറ്റിയുടെ പ്രഖ്യാപനം.

”2036ല്‍ വരാനിരിക്കുന്ന ഒളിമ്പിക്-പാരാലിമ്പിക് മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കാന്‍ ഖത്തറിന് താത്പര്യമുണ്ടെന്ന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയെ അറിയിച്ചു.

മത്സരങ്ങള്‍ നടത്താനുള്ള സൗകര്യവും സംവിധാനങ്ങളും രാജ്യത്ത് ഉണ്ടോയെന്ന് വിശകലനം ചെയ്യാന്‍ ഐ.ഒ.സിക്ക് അഭ്യര്‍ത്ഥന അയച്ചിട്ടുണ്ട്,’ ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി ട്വീറ്റ് ചെയ്തു.

രണ്ട് ദശാബ്ദങ്ങള്‍ക്ക് ശേഷം ഏഷ്യയിലെത്തിയ ലോകകപ്പിനെ ഏറ്റവും മികച്ച അനുഭവമാക്കി മാറ്റിയ ഖത്തറിന് അഭിനന്ദന പ്രവാഹമാണുയര്‍ന്നത്. തുടക്കത്തില്‍ വിമര്‍ശനങ്ങളും പ്രതിഷേധങ്ങളും നേരിട്ടിരുന്നെങ്കിലും ഏറ്റവും മികച്ച രീതിയില്‍ ആതിഥേയത്വം വഹിച്ച് ഖത്തര്‍ പ്രശസ്തിയാര്‍ജിക്കുകയായിരുന്നു.

ലോകകപ്പ് നടത്തിപ്പില്‍ ഖത്തര്‍ ഭരണാധികാരികള്‍, ഖത്തര്‍ ഫുട്ബാള്‍ അസോസിയേഷന്‍, സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി, ഫിഫ എന്നിവര്‍ക്കെല്ലാം അഭിമാനിക്കാവുന്ന നിമിഷമാണിതെന്നാണ് ഏഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡണ്ട് ശൈഖ് സല്‍മാന്‍ ബിന്‍ ഇബ്രാഹിം അല്‍ ഖലീഫ പറഞ്ഞത്.

2010ല്‍ അനുവദിച്ചു കിട്ടിയ ലോകകപ്പ് നടത്താനായി 220 ബില്യണ്‍ അമേരിക്കന്‍ ഡോളര്‍ (18 ലക്ഷം കോടി രൂപ) ഖത്തര്‍ ചെലവാക്കിയെന്നാണ് കണക്കാക്കുന്നത്.

2018ല്‍ റഷ്യ ലോകകപ്പിനായി ചെലവഴിച്ചതിന്റെ അനേകമിരട്ടി വരും ഇത്. അടിസ്ഥാന സൗകര്യ വികസനത്തിനോടൊപ്പം മികച്ച സംഘാടകര്‍ എന്ന ഇമേജ് കൂടിയാണ് ഖത്തറിന് കൈവരുന്നത്.

Content Highlights: Qatar is interested in organizing the 2036 Olympic Games