തിരുവനന്തപുരം: ചാനല്‍ ചര്‍ച്ചയില്‍ എന്‍ഫോഴ്‌സമെന്റിന്റെ പേരുയര്‍ത്തി നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വറിനെ വിമര്‍ശിച്ച ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണനെതിരെ പരിഹാസവുമായി പി. വി അന്‍വര്‍.
അന്‍വറിന് ഇ.ഡിയെ പേടി കാണും. എല്ലാ കള്ളക്കച്ചവടത്തിന്റെയും വേറൊരു അധോലോക നേതാവാണല്ലോ അന്‍വര്‍ എന്നായിരുന്നു ബി. ഗോപാലകൃഷ്ണന്‍ പറഞ്ഞത്. ഇതിനെതിരെയാണ് പരിഹാസവുമായി അന്‍വര്‍ രംഗത്തെത്തിയത്.
സംഘപരിവാറിനെ എതിര്‍ക്കുന്നവരെയെല്ലാം ചന്ദ്രനിലേക്ക് കയറ്റി അയക്കുന്ന ബി. ഗോപാലകൃഷ്ണനോട് സ്വകാര്യമായി ഇത്തിരി ഭയഭക്തി ബഹുമാനത്തോടെ അപേക്ഷിക്കുന്നു, ഇ.ഡിയെ പറഞ്ഞുവിട്ട് എന്നെ ഉപദ്രവിക്കരുത് എന്നാണ് പരിഹാസ രൂപേന പി.വി അന്‍വര്‍ പ്രതികരിച്ചത്. തന്നെ രാഷ്ട്രീയം പഠിപ്പിക്കാന്‍ ബി. ഗോപാലകൃഷ്ണന്‍ വരേണ്ടെന്നും പി.വി അന്‍വര്‍ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
‘അന്‍വറിന് ഇ.ഡിയെ പേടി കാണും.എല്ലാ കള്ളക്കച്ചവടത്തിന്റെയും വേറൊരു അധോലോക നേതാവാണല്ലോ അന്‍വര്‍.’
സംഘപരിവാറിനെ എതിര്‍ക്കുന്നവരെയെല്ലാം ചന്ദ്രനിലേക്ക് കയറ്റി അയക്കുന്ന കേരളത്തിന്റെ സ്വന്തം വില്ലാളി വീരന്‍ സര്‍വ്വശ്രീ.ബി.ഗോപാലകൃഷ്ണന്‍ ചേട്ടന്‍ കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ചര്‍ച്ചയില്‍ ഉയര്‍ത്തിയ ഒരു വാദമാണിത്.
എന്റെ പൊന്ന് ചേട്ടാ..ഒരബദ്ധം പറ്റിപോയി.ഇ.ഡിയെ പറഞ്ഞ് വിട്ട് എന്നെ ഉപദ്രവിക്കരുത്. ഇനി ആവര്‍ത്തിക്കില്ല..
ദയവായി എന്നെ ചന്ദ്രനിലേക്കൊനും കയറ്റി വിട്ടേക്കരുത്.അപേക്ഷയാണ്.
അങ്ങയുടെ നിര്‍ദ്ദേശപ്രകാരം ചന്ദ്രനില്‍ എത്തിയ ശ്രീ.അടൂര്‍ ഗോപാലകൃഷ്ണന്‍ സാറിനെ പോലെയുള്ളവരുടെ അനുഭവം കണ്‍മുന്‍പിലുണ്ട്. തന്നെയുമല്ല,ഗോപാലകൃഷ്ണന്‍ ചേട്ടന്‍ ചന്ദ്രനില്‍ കയറ്റി അയച്ചവര്‍,അവിടെ സ്ഥലമില്ലാത്തതിനാല്‍ തമ്മില്‍ കൂട്ടിയിടിയാണെന്നാണ് അറിവ്. അത് കൊണ്ട് പ്ലീസ്..
പിന്നെ ചേട്ടാ,അങ്ങേയ്ക്ക് അറിയാത്ത ഒരു കാര്യം പറഞ്ഞ് തരാം..
രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പോരാടിയ ഒരു സ്വാതന്ത്ര്യ സമര സേനാനിയുണ്ടായിരുന്നു ഏറനാട് ഒതായിയില്‍..
ശ്രീ.എ.പി.ഷൗക്കത്തലി..
അദ്ദേഹത്തിന്റെ മകനാണ് ഞാന്‍.
ആ എന്നെ ഇനി ദയവായി ചേട്ടന്‍ രാഷ്ട്രീയം പഠിപ്പിക്കാന്‍ വരരുതേ എന്ന് അപേക്ഷിക്കുന്നു..
ഈ ഭൂമിയിലും,രാജ്യത്തും കുറച്ച് കാലം കൂടി ജീവിക്കണമെന്നുണ്ട്.ദയവായി എന്റെ ചന്ദ്രനിലേക്കുള്ള ടിക്കറ്റ് അങ്ങ് എഴുതരുത്.
എന്റെ പിതാവുള്‍പ്പെടെയുള്ളവര്‍ രാജ്യത്തിന്റെ മോചനത്തിനായി പോരാടിയപ്പോള്‍,അവരെ ഒറ്റുകൊടുത്ത്,ബ്രിട്ടീഷ് സര്‍ക്കാരിന്റെ ബൂട്ട് നാക്ക് കൊണ്ട് പോളിഷ് ചെയ്ത്,അവരുടെ കോണകം വരെ കഴുകി കൊടുത്തിരുന്ന പിന്മുറക്കാരുടെ പുതിയ തലമുറയില്‍ പെട്ട അങ്ങയില്‍ നിന്നും ഇതില്‍ കൂടുതല്‍ ഈയുള്ളവന്‍ എന്ത് ദയാവായ്പ്പ് പ്രതീക്ഷിക്കാന്‍
എന്റെ പ്രത്യേക മാപ്പപേക്ഷ:’അങ്ങയുടെ ഗവണ്‍മെന്റ് അവരുടെ അപാരമായ ഔദാര്യത്താലും, ദയാവായ്പിനാലും എന്നെ ചന്ദ്രനിലേക്ക് അയക്കുന്നതില്‍ നിന്നും എനിക്ക് ഏറെ പേടിയുള്ള ഇ.ഡിയില്‍ നിന്നും വിട്ടയക്കുകയാണെങ്കില്‍, നവോത്ഥാനത്തിന്റെ പരമോന്നതരൂപമായ അങ്ങയുടെ ഗവണ്മെന്റിന്റെ ശക്തനായ വക്താവായി ഞാന്‍ മാറുകയും അങ്ങയുടെ നിയമവ്യവസ്ഥയോട് പരിപൂര്‍ണവിധേയത്വം ഞാന്‍ പ്രകടിപ്പിക്കുകയും ചെയ്യും.’
‘അങ്ങയുടെ ഗവണ്മെന്റിന്റെ പൈതൃകവാതായനങ്ങളിലേക്കല്ലാതെ മറ്റെവിടേക്കാണ് മുടിയനായ പുത്രനു മടങ്ങി വരാനാവുക! അങ്ങയുടെ ഗവണ്മെന്റിനു മാത്രമെ അത്രയും കാരുണ്യം കാണിക്കാനാകൂ.’
(ഏതെങ്കിലും വീരന്മാരുടെ മാപ്പപേക്ഷയുമായി ഇതിന് സാമ്യം തോന്നുന്നു എങ്കില്‍ അത് വെറും യാദൃശ്ചികമല്ല;മന:പൂര്‍വ്വം തന്നെ എഴുതുന്നതാണ്.)
നാളെ ഇ.ഡിയെ തുറന്ന് വിടുമ്പോള്‍ ഈ ഉള്ളവനെയൊക്കെ ഒഴിവാക്കാനുള്ള ഉത്തരവ് കൂടി നല്‍കണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു..
എന്ന്..
വിധേയന്‍
പി.വി.അന്‍വര്‍
ഒപ്പ്
(കുത്ത്)