കള്ളവോട്ട് ചെയ്യുന്നത് യഥാര്‍ത്ഥ യു.ഡി.എഫ് രീതിയല്ല, ആസ്ഥാന ഫേസ് ബുക്ക് ബുദ്ധിജീവി'; ബല്‍റാമിനെ ട്രോളി പി.വി അന്‍വര്‍
Kerala
കള്ളവോട്ട് ചെയ്യുന്നത് യഥാര്‍ത്ഥ യു.ഡി.എഫ് രീതിയല്ല, ആസ്ഥാന ഫേസ് ബുക്ക് ബുദ്ധിജീവി'; ബല്‍റാമിനെ ട്രോളി പി.വി അന്‍വര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 4th May 2019, 9:59 am

കോഴിക്കോട്: കള്ളവോട്ട് വിഷയത്തില്‍ വി.ടി ബല്‍റാം എം.എല്‍.എയെ ട്രോളി പി.വി അന്‍വര്‍ എം.എല്‍.എ. കള്ളവോട്ട് ചെയ്യുന്നത് യഥാര്‍ത്ഥ യു.ഡി.എഫ് രീതിയല്ലെന്നും ഈ കാലഘട്ടത്തില്‍ വലത് പക്ഷത്തിന് നേരെ ഇങ്ങനെയൊരു ആക്ഷേപമുയരുന്നത് ഫാഷിസ്റ്റുകള്‍ക്ക് വളമാകുമെന്ന ആമുഖത്തോടെ ഫേസ്ബുക്കിലിട്ട കുറിപ്പിലാണ് ബല്‍റാമിനെ അന്‍വര്‍ പരിഹസിക്കുന്നത്.

‘കള്ളവോട്ട് ചെയ്യുന്നത് യഥാര്‍ത്ഥ യു.ഡി.എഫ് രീതിയല്ല. ഈ കാലഘട്ടത്തില്‍ വലത് പക്ഷത്തിന് നേരെ ഇങ്ങനെയൊരു ആക്ഷേപമുയരുന്നത് ഫാഷിസ്റ്റുകള്‍ക്ക് വളമാകും.ഈ സര്‍ക്കാരിന് മുന്‍പ ഭരിച്ച മുഖ്യന്റെ അഞ്ച് വര്‍ഷത്തെ(സോളാര്‍ ഉള്‍പ്പെടെ)എല്ലാം തികഞ്ഞ ഭരണം മാത്രം മതി ഇരുപതില്‍ ഇരുപത് സീറ്റും വലതുപക്ഷത്തിന് തൂത്തുവാരാന്‍ എന്ന് മനസ്സിലാക്കാന്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്ക് കഴിയേണ്ടതാണ്,- ലെ ആസ്ഥാന ഫേസ് ബുക്ക് ബുദ്ധിജീവി’ എന്നാണ് അന്‍വര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

സി.പി.ഐ.എം പ്രവര്‍ത്തകരുടെ കള്ളവോട്ട് വാര്‍ത്ത പുറത്ത് വന്ന സമയത്ത് സി.പി.ഐ.എമ്മിനെ പരിഹസിച്ച് ഫേസ്ബുക്കിലിട്ട ബല്‍റാമിന്റെ പോസ്റ്റ് കമന്റിലിട്ടുകൊണ്ടായിരുന്നു അന്‍വറിന്റെ കുറിപ്പ്.

‘കള്ളവോട്ട് ചെയ്യുന്നത് യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ് രീതിയല്ല. ഈ കാലഘട്ടത്തില്‍ ഇടതുപക്ഷത്തിന് നേരെ ഇങ്ങനെയൊരു ആക്ഷേപമുയരുന്നത് ഫാഷിസ്റ്റുകള്‍ക്ക് വളമാകും. മാനവരില്‍ മഹോന്നതനായ നവോത്ഥാന നായകന്റെ ആയിരം ദിവസത്തെ എല്ലാം തികഞ്ഞ ഭരണം മാത്രം മതി ഇരുപതില്‍ ഇരുപത് സീറ്റും ഇടതുപക്ഷത്തിന് തൂത്തുവാരാന്‍ എന്ന് മനസ്സിലാക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ടി പ്രവര്‍ത്തകര്‍ക്ക് കഴിയേണ്ടതാണ്.’
– ലെ ആസ്ഥാന ബുദ്ധിജീവി’. എന്നായിരുന്നു ബല്‍റാം കുറിച്ചത്.

ഫേസ്ബുക്കില്‍ നേരത്തെയും വാക്പോരുമായി നിലമ്പൂര്‍ എം.എല്‍.എയും ലോക്സഭാ പൊന്നാനി സ്ഥാനാര്‍ഥിയുമായ പി.വി അന്‍വറും തൃ ത്താല എം.എല്‍.എ വി.ടി ബല്‍റാമും രംഗത്തെത്തിയിരുന്നു. തൊഴിലാളി ദിനത്തില്‍ വി.ടി ബല്‍റാം ഫേസ്ബുക്കിലിട്ട പോസ്റ്റിനെ തുടര്‍ന്നാണ് ഇരുവരും തമ്മിലുള്ള വാക്പോര് ഉടലെടുത്തത്.

വാട്ടര്‍ തീം പാര്‍ക്കിനു മുന്നില്‍ നില്‍ക്കുന്ന അന്‍വറിന്റെ ഫോട്ടോക്കൊപ്പമായിരുന്നു ബല്‍റാമിന്റെ പോസ്റ്റ്. ”തൊഴിലാളി വര്‍ഗ്ഗ പാര്‍ട്ടിക്കാര്‍ക്ക്, പ്രത്യേകിച്ച് സി.പി.ഐക്കാര്‍ക്ക് മെയ് ദിനാശംസകള്‍” എന്നായിരുന്നു പോസ്റ്റ്.

സാധാരണ ഫേസ്ബുക്കില്‍ സജീവമല്ലാത്ത അന്‍വര്‍ ബല്‍റാമിനു മറുപടിയുമായി രംഗത്തെത്തുകയും ചെയ്തു. ‘ഫേസ്ബുക്കില്‍ നിന്ന് പുറത്തിറങ്ങി, ചുറ്റുമുള്ള സഹജീവികളുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ പലര്‍ക്കും സമയമില്ല. അയല്‍പക്കക്കാരുടെ അടുക്കളയിലെ വിശേഷങ്ങള്‍ തിരക്കി ട്രോളാക്കി, ലൈക്കുകള്‍ വാരി കൂട്ടുന്നതിനിടയില്‍, സ്വന്തം വീട്ടിലെ അവസ്ഥയും വല്ലപ്പോഴും അന്വേഷിക്കാന്‍ ഇത്തരക്കാര്‍ കൂട്ടാക്കണം’- എന്നായിരുന്നു അന്‍വറിന്റെ പോസ്റ്റ്.

തൊഴിലാളി ആയാലും മുതലാളി ആയാലും ഈ നാട്ടിലെ സാധാരണക്കാരായ ജനങ്ങള്‍ക്ക് വേണ്ടി അവരില്‍ ഒരാളായി അവര്‍ക്കൊപ്പം നിലയുറപ്പിക്കാന്‍ എനിക്ക് നന്നായി അറിയാമെന്ന മറുപടിയും അന്‍വര്‍ ബാല്‍റാമിനു കൊടുത്തിരുന്നു.