Entertainment news
കാട്ടിലെ പുലി രണ്ടടി പുറകോട്ട് വെച്ചാല്‍ പുഷ്പ വരുന്നുണ്ടെന്നാണ് അര്‍ത്ഥം; എവിടെ ഫഫ എവിടെ?
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Apr 07, 12:10 pm
Friday, 7th April 2023, 5:40 pm

ആരാധകകര്‍ കാത്തിരുന്ന പുഷ്പ 2വിന്റെ ആദ്യ പ്രൊമോ വീഡിയോ പുറത്തുവിട്ടു. ആകാംഷയും സംശയങ്ങളും നിലനിര്‍ത്തിയാണ് വീഡിയോ ആരംഭിക്കുന്നത്. തിരുപ്പതി ജയിലില്‍ നിന്നും വെടിയേറ്റ മുറിവുകളുമായി രക്ഷപ്പെട്ട പുഷ്പയെ കാണാനില്ല എന്ന വാര്‍ത്തയാണ് വീഡിയോയില്‍ കാണുന്നത്. പിന്നീട് വനമേഖലയില്‍ സ്ഥാപിച്ചിരിക്കുന്ന നീരീക്ഷണ ക്യാമറയില്‍ പതിഞ്ഞ വീഡിയോയില്‍ പുഷ്പയുടെ മുഖം പ്രത്യക്ഷപ്പെടുന്നുണ്ട്.

ചന്ദന കള്ളക്കടത്ത് വഴി ലഭിച്ച പണം സ്വന്തം ആവശ്യത്തിന് ഉപയോഗിക്കുക മാത്രമല്ല, നാടിന്റെ നന്മക്ക് വേണ്ടിയും തന്റെ നാട്ടുകാര്‍ക്ക് വേണ്ടിയും ചെലവഴിക്കുന്ന നല്ലവനായ, ജനങ്ങള്‍ക്ക് പ്രിയങ്കരനായ കഥാപാത്രമായാണ് അല്ലുവിന്റെ പുഷ്പയെത്തുന്നത്.

എന്നാല്‍ ഫഹദ് ഫാസില്‍ അവതരിപ്പിക്കുന്ന ഭന്‍വര്‍ സിങ്ങിന്റെ കഥാപാത്രത്തെ വീഡിയോയില്‍ എവിടെയും കാണുന്നില്ല. ചിത്രത്തിന്റെ ആദ്യ ഭാഗം പുഷ്പയുടെ വളര്‍ച്ചയും രണ്ടാം ഭാഗത്തില്‍ ഫഹദിന്റെ എസ്.പി എന്ന കഥാപാത്രത്തിനായിരിക്കും പ്രാധാന്യം എന്നാണെന്നാണ് നേരത്തെ അറിയിച്ചത്. എന്നാല്‍ പ്രൊമോ വീഡിയോയില്‍ എവിടെയും ഫഹദിനെ കാണാനില്ലല്ലോ എന്ന ആശങ്കയാണ് ആരാധകര്‍ പങ്കുവെക്കുന്നത്.

പുഷ്പ ഒന്നാം ഭാഗത്തിലെ നായിക രശ്മിക മന്ദാനയായിരുന്നു. രണ്ടാം ഭാഗത്തിലും നായിക രശ്മിക തന്നെയാണ്. 2022ല്‍ പുറത്തിറങ്ങിയ സിനിമ വലിയ ബോക്‌സ് ഓഫീസ് വിജയമായിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദിയടക്കം വിവിധ ഭാഷകളിലായി ചിത്രം റിലീസ് ചെയ്തിരുന്നു. ഹിന്ദി പതിപ്പ് മാത്രം 200 കോടി ക്ലബ്ബില്‍ കയറിയെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 22നായിരുന്നു രണ്ടാം ഭാഗത്തിന്റെ പൂജ ചടങ്ങുകള്‍ നടന്നത്. മൈത്രി മൂവി മേക്കേഴ്‌സ് ആണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത് ദേവി ശ്രീ പ്രസാദ് ആണ്.

content highlight: pushpa 2 promo video