Advertisement
national news
നീരവ് മോദിക്ക് ശേഷം ഭൂഷണ്‍ പവര്‍ ആന്‍ഡ് സ്റ്റീല്‍; പഞ്ചാബ് നാഷണല്‍ ബാങ്കിന് ഇത്തവണ നഷ്ടപ്പെട്ടത് 3,800 കോടി രൂപ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Jul 07, 08:36 am
Sunday, 7th July 2019, 2:06 pm

മുംബൈ: നീരവ് മോദിക്കു ശേഷം പഞ്ചാബ് നാഷണല്‍ ബാങ്കില്‍ വീണ്ടും വന്‍ വായ്പാത്തട്ടിപ്പ്. 3,800 കോടി രൂപയുടെ തട്ടിപ്പാണ് ഏറ്റവും പുതുതായി ബാങ്കില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഭൂഷണ്‍ പവര്‍ ആന്‍ഡ് സ്റ്റീല്‍ ലിമിറ്റഡാണ് ഈ തട്ടിപ്പ് നടത്തിയിരിക്കുന്നത്.

തട്ടിപ്പ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയിലേക്ക് റിപ്പോര്‍ട്ട് ചെയ്തുകഴിഞ്ഞു. ഫണ്ട് വകമാറ്റിയെന്ന ആരോപണമാണ് പ്രധാനമായും നിലനില്‍ക്കുന്നത്. ഇതിന്റെ ഫൊറന്‍സിക് ഓഡിറ്റ് നടത്തി ഫെഡറല്‍ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു.

കമ്പനി അക്കൗണ്ട് ബുക്കുകള്‍ കൃത്രിമമായി സൃഷ്ടിച്ചാണ് പഞ്ചാബ് നാഷണല്‍ ബാങ്ക് അടങ്ങിയ ബാങ്ക് കണ്‍സോര്‍ഷ്യത്തെ കബളിപ്പിച്ചത്.

രാജ്യത്തെ കടക്കെണിയില്‍പ്പെട്ട കമ്പനികളില്‍ പ്രധാനപ്പെട്ട ഒന്നാണ് ഭൂഷണ്‍ പവര്‍ ആന്‍ഡ് സ്റ്റീല്‍. കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞവര്‍ഷം പാസ്സാക്കിയ പാപ്പരത്ത നിയമത്തിനു കീഴില്‍ റിസര്‍വ് ബാങ്ക് നടപടി സ്വീകരിച്ചിരിക്കുന്ന 12 കമ്പനികളില്‍ ഒന്നാംസ്ഥാനത്താണിത്.

എന്നാല്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന തട്ടിപ്പ് ഏതു കാലത്താണ് നടന്നതെന്നു ബാങ്ക് വെളിപ്പെടുത്തിയിട്ടില്ല.

നേരത്തേ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13,000 കോടി രൂപയുടെ തട്ടിപ്പ് നടത്തി വജ്രവ്യാപാരിയായ നീരവ് മോദി രാജ്യം വിട്ടത് ഏറെ കോളിളക്കമുണ്ടാക്കിയിരുന്നു. ലണ്ടനിലേക്ക് കടന്ന നീരവ് മോദി, ലണ്ടന്‍ നഗരത്തില്‍ യാതൊരു നിയമ തടസ്സങ്ങളുമില്ലാതെ ആഢംബര ജീവിതം നയിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ ഡെയ്‌ലി ടെലഗ്രാഫ് പുറത്തു വിട്ടിരുന്നു.

അതിനിടെ നീരവിന്റെ പേരില്‍ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.